അമ്പലപ്പറമ്പിങ്കല് നൊന്തുതീരുകയാണെന്
നെഞ്ചിലെപ്പൂരക്കാലം ഇങ്ങിനി വരില്ലെന്നോ
പൊന്നരയാലിന് കൈകള്‍ കിങ്ങിണി കിലുക്കിയ
നന്മതന് തണുക്കാലം നമ്മളെപിരിഞ്ഞുവോ
ദൂരെയാ ചെണ്ടക്കൈയില് പിടയും പാണ്ടിക്കാലം
ചോട്ടകളുരുണ്ടെങ്ങോ മറയാന്‍ വെമ്പുന്നുവോ?
കോടമഞ്ഞൂറയ്ക്കിട്ട പൂരമേടുകള് കാവിന്
പ്രേതാത്മാവുറങ്ങുന്ന ഘോരമാം ശ്മശാനങ്ങള്‍
ഓര്‍മകള്‍ തെന്നിത്തെന്നി കാല്‍തെറ്റി വീഴുന്നോരീ
മേളരാവുകള് കൊട്ടും പഞ്ചാരിയിറമ്പത്ത്
നിന്നുഞാന്‍ തീവെട്ടിതന് വേനലില്‍ തിളയ്ക്കുന്നു
തുംഗമാം സ്വപ്നക്കൊമ്പില്‍ ചെന്നുഞാനിരിക്കുന്നു
നക്ഷത്രക്കൂട്ടം മേലേവന്നുനിന്നിനിയെന്നീ
ദീപ്തമാം പൂരക്കാഴ്ച കണ്ടുകണ്മിഴിച്ചീടും
കരിങ്കൂവളപ്പൂക്കള്ക്കിടയില് തവളപ്പെ-
ണ്ണിണയെതിരക്കുന്ന പാടത്തിന് നടുവിലെ
നേര്ത്തതാം വരമ്പത്തു ചൂട്ടുകറ്റകള്‍ മിന്നി
കാട്ടുപോന്കലമ്പട്ടിപ്പൂവിനെ തുടുപ്പിച്ച
രാക്കുളില്പൂരക്കാലം ഓര്‍മയില്‍ മലര്‍ക്കാലം
ഓര്‍മകള്‍ കൊടിയേറ്റം നടത്തും നേരം വിദ്വിത്
ദീപനാളങ്ങള്‍ പൊട്ടിച്ചിരിച്ചു പഴിക്കുന്നു
ഇത്തിരിത്തേന്വെട്ടത്തില് കുഴഞ്ഞുകിടന്നൊരാ
രാക്കരിംചാറുംപൂശി നില്ക്കുന്നു കളിവേഷം
തെറ്റുന്നു കണക്കുകള്‍ രംഗമണ്ഡപംതോറും
പൊള്ളയാം താളക്കുത്തിന് വേഷങ്ങള്‍ തിമിര്‍ക്കുന്നു
ആറ്റത്തെക്കോണില് വേഷം അഴിക്കാന്‍ ഹതാശനായ്
നില്ക്കുന്നു ചുട്ടിക്കാരന്‍ മുന്നില്‍ നീ സംസ്കാരമേ
കെട്ടകാലത്തെമാത്രം പഴിച്ചു പടിതാണ്ടി
പെട്ടിയുമെടുത്തു നീ പോകുന്നെന് പൂരക്കാലം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: