ന്യൂദല്‍ഹി: എന്‍ഡിഎ സര്‍ക്കാരിന്റെ സ്വച്ഛ്ഭാരതും മേക്ക് ഇന്‍ ഇന്ത്യാ മിഷനും ഗാന്ധിജിയുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ സഹായിക്കുമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി പറഞ്ഞു. ഈ രണ്ട് മിഷനും ഗാന്ധിജിയുടെ ‘സ്വച്ഛ് ആന്‍ഡ് സമര്‍ത്ഥ് ഭാരത്’ എന്ന സങ്കല്‍പ്പം യാഥാര്‍ത്ഥ്യമാക്കുവാന്‍ സഹായിക്കും. ഗാന്ധിജിയുടെ സ്വപ്നത്തിലെ വൃത്തിയും ശക്തവുമായ ഭാരതം എന്ന വിഷയത്തില്‍ നടന്ന അന്താരാഷ്ട്ര സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.
ഭാരതത്തിന്റെ ഉയര്‍ച്ചക്കായി ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ ഗാന്ധിജിയുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കും. ഈ കാഴ്ചപ്പാടിലുള്ള രണ്ട് സുപ്രധാന കാല്‍വയ്പ്പുകളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വഛ് ഭാരത് മിഷനും മേക്ക് ഇന്‍ ഇന്ത്യാ പദ്ധതിയും. ഗാന്ധിജിയുടെ 150-ാം ജന്മവാര്‍ഷികമായ 2019 ഒക്ടോബര്‍ രണ്ടിന് സ്വച്ഛ് ഭാരത് സങ്കല്‍പ്പം യാഥാര്‍ത്ഥ്യമാക്കണമെന്നാണ് ലക്ഷ്യമിടുന്നത്. ഭാരതത്തിന് നിര്‍മ്മാണ രംഗത്ത് ഉണ്ടാവേണ്ട സ്വയം പര്യാപ്തതയാണ് മേക്ക് ഇന്‍ ഇന്ത്യയിലൂടെ നാം ലക്ഷ്യമിടുന്നത്.
സ്വയംപര്യാപ്തമായ ഉത്പാദനക്ഷമതയുള്ള ഭാരതം എന്ന ഗാന്ധിജിയുടെ സ്വപ്നമാണ് മേക്ക് ഇന്‍ ഇന്ത്യയിലൂടെ നാം യാഥാര്‍ത്ഥ്യമാക്കുന്നതെന്നും രാഷ്ട്രപതി പറഞ്ഞു. ലോകനിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങള്‍, വൈദഗ്ധ്യവികസനത്തിന്റെ പരിപോഷണം, നവീകരണം, സുഗമമായ നിക്ഷേപം, സാമ്പത്തിക വികസനം എന്നിവയാണ് ”സമൃദ്ധ” എന്നതുകൊണ്ട് ലക്ഷ്യമിടുന്നത്. വൃത്തി സംബന്ധിച്ച മൂന്ന് അളവുകള്‍ ഗാന്ധിജി നമുക്ക് പകര്‍ന്ന് നല്‍കിയിട്ടുണ്ട്. ശുദ്ധമായ മനസ്സ്, ശുദ്ധമായ ശരീരം, ശുദ്ധമായ പരിസരം. വ്യക്തമായ പദ്ധതികളിലൂടെ ഇക്കാര്യങ്ങള്‍ നമുക്ക് നേടിയെടുക്കാവുന്നതേയുള്ളു. മാലിന്യങ്ങള്‍ കുറച്ചും അവ പ്രോസസ്സ് ചെയ്തും മാലിന്യമുക്തി നേടാവുന്നതാണെന്നും രാഷ്ട്രപതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: