ചെങ്ങന്നൂര്‍: വ്യാജ മരണ സര്‍ട്ടിഫിക്കറ്റ് ചമച്ച വനിതാ ഡോക്ടറെയും, മെയില്‍ നേഴ്സിനെയും അന്വേഷണ വിധേയമായി ആശുപത്രി അധികൃതര്‍ സസ്പെന്‍ഡ് ചെയ്തു. സ്വകാര്യ ആശുപത്രിയിലെ ആലാ സ്വദേശിയായ വനിതാ ഡോക്ടറെയും, ഇതേ ആശുപത്രിയിലെ മെയില്‍ നഴ്സും, ഐഎന്‍ടിയുസി നേതാവുമായ ചെന്നിത്തല സ്വദേശിയായ യുവാവിനെയുമാണ് ആശുപത്രി അധികൃതര്‍ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.
മെയില്‍ നഴ്സിന്റെ കുവൈറ്റില്‍ ജോലിയുള്ള സുഹൃത്തിന്റെ അവധി നീട്ടിക്കിട്ടുന്നതിന് വേണ്ടിയാണ് സുഹൃത്തിന്റെ അച്ഛന് മരിച്ചുവെന്ന് വ്യാജ സര്‍ട്ടിഫിക്കറ്റ് ഡോക്ടറുടെ സഹായത്തോടെ ഉണ്ടാക്കിയത്. ആശുപത്രിയുടെ ലെറ്റര്‍പാഡും, സീലും ഉപയോഗിച്ച് ഡോക്ടര്‍ തന്റെ സ്വന്തം കൈപ്പടയിലാണ് 68 വയസു പ്രായമുളള സുഹൃത്തിന്റെ അച്ഛനെ കഴിഞ്ഞ ഫെബ്രുവരി എട്ടിന് നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും, ഒന്‍പതിന് വൈകിട്ട് 6.30ഓടെ മരിച്ചുവെന്നും എഴുതി നല്‍കിയത്.
ഈ കത്ത് സുഹൃത്ത് ജോലി ചെയ്യുന്ന കുവൈറ്റിലെ കമ്പിനിയിലേക്ക് ഇ-മെയില്‍ വഴി അയച്ചു നല്‍കുകയുമായിരുന്നു. കമ്പനി അധികൃതര്‍ കത്ത് പരിശോധിച്ചതില്‍ ഗുരുതരമായ ക്രമക്കേടാണ് കണ്ടെത്തിയത്. മരിച്ച ആളുടെ അഡ്രസ് സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്താതിരുന്നതും 2015 ഫെബ്രുവരി എന്ന് എഴുതുന്നതിന് പകരം 2014 ഫെബ്രുവരിയെന്ന് എഴുതിയതുമാണ് കമ്പനി അധികൃതരില്‍ സംശയം ഉയര്‍ത്തിയത്.
ഇതേത്തുടര്‍ന്ന് അധികൃതര്‍ ആശുപത്രി മാനേജ്മെന്റിനെ ബന്ധപ്പെട്ടതോടെയാണ് ഡോക്ടറുടെയും, മെയില്‍ നേഴ്സിന്റെയും തട്ടിപ്പ് പുറത്തായത്. സര്‍ട്ടിഫിക്കറ്റ് കമ്പനി അധികൃതര്‍ ആശുപത്രി മാനേജ്മെന്റിന് തിരികെ അയച്ചു നല്‍കുകയും ചെയ്തു. തുടര്‍ന്ന് മാനേജ്മെന്റ് ഗുരതരമായ കുറ്റം ചെയ്ത ഡോക്ടറെയും, മെയില്‍ നഴ്സിനെയും അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.
എന്നാല്‍ മെയില്‍ നഴ്സ് തന്നെ തെറ്റിദ്ധരിപ്പിച്ച് സര്‍ട്ടിഫിക്കറ്റ് എഴുതിവാങ്ങിയതാണെന്നാണ് ഡോക്ടറുടെ ഭാഷ്യം. സംഭവം ഗുരുതരമായതോടെ നിയമനടപടികളില്‍നിന്നും രക്ഷപെടാനും, ജോലിയില്‍ തിരിച്ച് പ്രവേശിക്കുന്നതിനുവേണ്ടി മെയില്‍ നേഴ്സ് കോണ്‍ഗ്രസ് നേതാക്കന്മാര് മുഖേന സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും മാനേജ്മെന്റ് തയ്യാറായില്ല.
തുടര്‍ന്ന് ഇയാള്‍ ഒപ്പമുണ്ടായിരുന്ന ചിലരെ കൂട്ടി സിഐടിയുവില്‍ ചേര്‍ന്നു. ഇവരുടെ നേതാക്കള്‍ മുഖേന മാനേജ്മെന്റിന് നോട്ടീസ് നല്‍കിയിരിക്കുകയാണ്. നിയമ നടപടികളുമായി മുന്നോട്ട് പോകാനും, ആശുപത്രിയുടെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചതിന് മെയില്‍ നേഴ്സിന്റെ സുഹൃത്തിനെയും പ്രതിചേര്‍ക്കാനുമാണ് ആശുപത്രി മാനേജ്മെന്റിന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: