പുതുനഗരം: പഞ്ചായത്തിന്റെ 22 സെന്റ് സ്ഥലം കയ്യേറാന്‍ സ്വകാര്യവ്യക്തിക്ക് ഒത്താശ ചെയ്തുവെന്ന് ആരോപിച്ച് നാട്ടുകാര്‍ പഞ്ചായത്ത് സെക്രട്ടറിയെ ചോദ്യം ചെയ്തു. ഗ്രാമപഞ്ചായത്തിന്റെ സ്ഥലത്ത് ചുറ്റുമതില്‍ കെട്ടി കയ്യേറാനായി കൊണ്ടിട്ട കരിങ്കല്ലുകള്‍ പഞ്ചായത്ത് ഏറ്റെടുത്തു.
സ്വകാര്യവ്യക്തി വ്യാജരേഖ ഉണ്ടാക്കി ചുറ്റുമതിലിന് നേടിയ അനുവാദം റദ്ദ് ചെയ്യുകയും സ്റ്റോപ്പ് മെമ്മോ നല്കി കരിങ്കല്ലുകള്‍ നീക്കം ചെയ്യുവാന്‍ കത്ത് നല്‍കുകയും ചെയ്തതാണ്. എന്നാല്‍ പഞ്ചായത്തിന്റെ കത്ത് സ്വകാര്യ വ്യക്തി അവഗണിക്കുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച്ചകയ്യേറ്റശ്രമം നാട്ടുകാര്‍ തടഞ്ഞു. പിന്നീട് നാട്ടുകാര്‍ പഞ്ചായത്ത് സെക്രട്ടറിയെ കാണാന്‍ പോയെങ്കിലും സെക്രട്ടറി ഉണ്ടായിരുന്നില്ല. തിങ്കളാഴ്ച വീണ്ടും നടപടിയെ കുറിച്ച് അന്വേഷിക്കാന്‍ ചെന്ന നാട്ടുകാരോട് തൃപ്തികരമല്ലാത്ത മറുപടി നല്കി സെക്രട്ടറി പഞ്ചായത്ത് ഓഫീസില്‍ നിന്ന് ഇറങ്ങിപോയെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു.
അതേസമയം കാര്യം അന്വേഷിക്കാന്‍ പോയ നാട്ടുകാരുടെ പേരില്‍ കേസെടുക്കാനാണ് പുതുനഗരം പോലീസ് ശ്രമിച്ചതെന്നും നാട്ടുകാര്‍ പറഞ്ഞു. പിന്നീട് പഞ്ചായത്തംഗങ്ങള്‍ ഇടപെട്ട് ഒത്തുതീര്‍പ്പാക്കുകയായിരുന്നു. പഞ്ചായത്ത് സെക്രട്ടറിയുടെയും വൈസ് പ്രസിഡന്റിന്റെയും പ്രവര്‍ത്തികളില്‍ അതൃപതിയുണ്ടെന്ന് നാട്ടുകാര്‍ പഞ്ചായത്ത് ഭരണസമിതിയെ അറിയിച്ചു.
1983ല്‍ പഞ്ചായത്ത് വാങ്ങിയ ഒരേക്കര്‍ 15 സെന്റ് സ്ഥലത്തിന് നിലവില്‍ 95 സെന്റ് സ്ഥലം മാത്രമാണ് ഉള്ളത്. താലൂക്ക് സര്‍വ്വേ പ്രകാരം ആ സ്ഥലം അളന്ന് ഒരേക്കര്‍ 15 സെന്റ് കണ്ടെത്തണം, ജി.എല്‍.പി ഈസ്റ്റ് സ്കൂളിന് അനുവദിച്ച 20 സെന്റ് സ്ഥലം സ്കൂള്‍ നിര്‍മ്മാണത്തിനായി സറണ്ടര്‍ ചെയ്ത് കൊടുക്കണമെന്നും പഞ്ചായത്ത് ഭരണസമിതിയോട് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
അല്ലാത്തപക്ഷം പഞ്ചായത്ത് ഓഫീസിനു മുമ്പില്‍ ശക്തമായ സമരം നടത്തുമെന്ന് നാട്ടുകാര്‍ അധികൃതരോട് പറഞ്ഞു. വ്യാജരേഖ ചമച്ച് പഞ്ചായത്തിനെ തെറ്റിദ്ധരിപ്പിച്ച് പഞ്ചായത്ത് സ്ഥലം കയ്യേറാന്‍ ശ്രമിച്ച സ്വകാര്യ വ്യക്തിക്കെതിരെ നടപടിയെടുക്കുമെന്നും സംഭവ സ്ഥലത്ത് യാതൊരു നിര്‍മ്മാണ പ്രവര്‍ത്തനവും അനുവദിക്കില്ലെന്നും പഞ്ചായത്ത് ഭരണസമിതി നാട്ടുകാര്‍ക്ക് ഉറപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: