ഈരാറ്റുപേട്ട: സോഡ കയറ്റിവന്ന മിനിലോറിയുടെ ഡോര്‍ തുറന്ന് ലോഡ് മറിഞ്ഞ് റോഡിലേക്ക് വീണ് ഗതാഗതം സ്തംഭിച്ചു. ഈരാറ്റുപേട്ട സെന്‍ട്രല്‍ ജംങ്ഷനില്‍ ശനിയാഴ്ച രാവിലെയാണ് അപകടം. 200 ഓളംനിറസോഡകുപ്പികള് പൊട്ടിത്തെറിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു. റോഡില്‍ കുപ്പിച്ചില്ലുകള്‍ നിറഞ്ഞത് അരമണിക്കൂറിലധികം സമയം ഗതാഗതം സ്തംഭിച്ചു. തിടനാടുള്ള സോഡാ കമ്പനിയിലെ സോഡ കയറ്റിവന്ന ലോറിയുടെ സൈഡ് ഡോര്‍ സെന്‍ട്രല്‍ ജംഗ്ഷനില്‍ പൂഞ്ഞാര്‍ റോഡിലേക്ക് തിരിയുമ്പോള്‍ തുറന്നുപോകുകയായിരുന്നു. തുടര്‍ന്ന് സോഡാ കുപ്പികള്‍ അട്ടിമറിഞ്ഞ് റോഡിലേക്ക് വീഴുകയായിരുന്നു,
ഉഗ്ര സ്ഫോടന ശബ്ദത്തോടെ സോഡാ ബോട്ടിലുകള്‍ റോഡില്‍വീണ് ചിതറി. സമീപത്തെ മരുന്നുകടയില്‍ മരുന്നുവാങ്ങാനെത്തിയ രണ്ടുപേര്‍ക്കാണ് ചില്ലുകള്‍ തെറിച്ച് പരിക്കേറ്റത്. ആനിയിളപ്പ് പാറപ്പറമ്പില് പരീത് കണ്ണ് (72), മകന് നൗഷാദ് (40) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫയര്‍ഫോഴ്സും പൊലീസും സംഭവസ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ കുപ്പിച്ചില്ലുകള്‍ റോഡില്‍ നിന്നും നീക്കി റോഡ് കഴുകി വൃത്തിയാക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: