ചാത്തന്നൂര്‍: അനധികൃതമായി കേഡസ് എന്ന സ്വകാര്യട്രസ്റ്റ് കൈവശപ്പെടുത്തിയിരിക്കുന്ന ഒന്നരഏക്കര്‍ ഭൂമി സര്‍ക്കാര്‍ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ചാത്തന്നൂരില്‍ ജനകീയധര്‍ണ. വഞ്ചിക്ലേ മൈന്‍സ് സംരക്ഷണസമിതിയുടെ ആഭിമുഖ്യത്തിലാണ് ധര്‍ണ നടത്തുന്നത്. ജന്മഭൂമി ജനസമക്ഷം തുറന്ന് കാട്ടിയ കേഡസ് ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യമാണ് സമരത്തിന് കാരണമായത്.
ഇന്നലെ രാവിലെ നടന്ന ധര്‍ണ കൊല്ലം എംപി എന്‍.കെ.പ്രേമചന്ദ്രന് ഉദ്ഘാടനം ചെയ്തു. ജനങ്ങളെയും സര്‍ക്കാരിനെയും കബളിപ്പിച്ചുകൊണ്ട് കേഡസ് എന്ന സ്വകാര്യട്രസ്റ്റ് കൈവശപ്പെടുത്തിയ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് എന്‍.കെ.പ്രേമചന്ദ്രന് എംപി ആവശ്യപ്പെട്ടു. വ്യവസായവകുപ്പും കേഡസുമായി 1992ല്‍ ഉണ്ടാക്കിയ പാട്ടക്കരാര്‍ ലംഘിച്ചുകൊണ്ടുള്ള കേഡസിന്റെ പ്രവര്‍ത്തനങ്ങളില്‍ ദുരൂഹതയേറുകയാണ്. നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വാടകകെട്ടിടങ്ങളിലാണ് പ്രവര്‍ത്തിച്ചുവരുന്നത്.
സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്ക് മാത്രമേ വ്യവസായവകുപ്പിന്റെ പ്ലോട്ടുകള്‍ നല്കുവാന് പാടുള്ളുവെന്ന ഉത്തരവ് നിലനില്‍ക്കുമ്പോഴാണ് ഒന്നര ഏക്കര്‍ സര്‍ക്കാര്‍ ഭൂമി സ്വകാര്യട്രസ്റ്റിന്റെ കൈവശമുള്ളത് ഈ ഭൂമി വാടകകെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകള്‍ക്കായി കെട്ടിടങ്ങള്‍ നിര്‍മ്മിച്ച് നല്‍കണമെന്നും എന്‍.കെ.പ്രേമചന്ദ്രന് പറഞ്ഞു.
ധര്‍ണയില്‍ ബിജെപി ജില്ലാസെക്രട്ടറി നെടുമ്പന ജയന് മുഖ്യപ്രഭാഷണം നടത്തി. മുന്‍കാലങ്ങളില്‍ മാറിമാറി കേരളത്തിലും ചാത്തന്നൂര്‍ പഞ്ചായത്തിലും മാറിമാറി ഭരിച്ചിരുന്ന സര്‍ക്കാരുകളുടെ നിരുത്തരവാദിത്വപരമായി പ്രവര്‍ത്തനങ്ങള്‍ നടത്തിയത് കൊണ്ടാണ് സര്‍ക്കാര്‍ ഭൂമി കേഡസിന്റെ കൈവശം വയ്ക്കാന്‍ ഇതിനുത്തരവാദികള്‍ കൂട്ടുനിന്നത്. മുന്നണികളും അവര്‍ക്ക് പിന്തുണയായി നില്ക്കുന്ന ഉദ്യോഗസ്ഥരുമാണെന്ന് നെടുമ്പന ശിവന് പറഞ്ഞു. ഈ സമരത്തിന് കാരണമായത് ജന്മഭൂമിയില് വന്ന വാര്‍ത്തയാണ്. ജനകീയസമരത്തിന് നേതൃത്വം കൊടുത്തുകൊണ്ട് എപ്പോഴും ബിജെപിയുണ്ടാകും എന്നും നെടുമ്പന ശിവന് പറഞ്ഞു.
ജി.എസ്.ജയലാല്‍ എംഎല്‍എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി.സത്യന്, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ചാത്തന്നൂര്‍ ശ്രീകുമാര്‍, ജയപ്രശാന്ത്, പഞ്ചായത്ത് സമിതി പ്രസിഡന്റ് കളിയാകുളം ഉണ്ണി, എഎഎ ക്ലബ് പ്രവര്‍ത്തകര്‍, ഗ്രാമബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ ജനകീയധര്ണയില് പങ്കാളികളായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: