ആലപ്പുഴ: ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട് പിടിയിലായ കുട്ടിമോഷ്ടാക്കളെ ചോദ്യം ചെയ്തപ്പോള്‍ ഞെട്ടിയത് പോലീസ്. മോഷ്ടിച്ച ബൈക്കുകള്‍ വിറ്റുകിട്ടുന്ന പണം ഉപയോഗിച്ച് കഞ്ചാവ് വാങ്ങി വീതം വച്ച് ഉപയോഗിച്ചതായാണ് കുട്ടിമോഷ്ടാക്കള്‍ പോലീസിനോട് സമ്മതിച്ചത്.
കോട്ടയം സ്വദേശിയായ പതിനേഴുകാരനും കളങ്ങര സ്വദേശിയായ പതിനാറുകാരനുമാണ് വാഹനമോഷണവുമായി ബന്ധപ്പെട്ട് പോലീസ് പിടിയിലായത്. ഇവരെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ സ്ഥലങ്ങളില്‍നിന്നും മോഷ്ടിച്ച ഇരുപത്തിമൂന്നിലധികം ബൈക്കുകളാണ് ഒറ്റദിവസം കൊണ്ട് പോലീസ് കണ്ടെടുത്തത്. കൂടുതല്‍ വാഹനങ്ങള്‍ ഇവര്‍ മോഷ്ടിച്ചതായി പോലീസ് സംശയിക്കുന്നു. മോഷ്ടിച്ച ബൈക്കുകള്‍ ഇവര്‍ വിറ്റിരുന്നത് 2,000 രൂപ മുതല്‍ 5,000 രൂപ വരെ വിലയ്ക്കാണ്. വില്ക്കാന് പറ്റാത്ത ബൈക്കുകള്‍ പൊളിച്ച് ആക്രിയായും വിറ്റിരുന്നു. പിടിയിലായ കുട്ടി മോഷ്ടാക്കള്‍ മയക്കുമരുന്നിന് അടിമകളാണെന്നും അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.
മോഷ്ടിച്ച ബൈക്കുകളുമായി വൈകുന്നേരങ്ങളില്‍ ഒത്തുകൂടുന്ന കുട്ടിമോഷ്ടാക്കള്‍ എത്രയും വേഗം വാഹനം വിറ്റഴിക്കുകയാണ് പതിവ്. വണ്ടിയുടെ ബുക്കും പേപ്പറും രണ്ട് ദിവസത്തിനുള്ളില്‍ തരാമെന്ന് പറഞ്ഞാണ് മോഷ്ടിച്ച ബൈക്കുകള്‍ ഇവര്‍ വിറ്റിരുന്നത്. ഇത്തരത്തില്‍ ലഭിക്കുന്ന പണം ഉപയോഗിച്ച് കഞ്ചാവ് വാങ്ങി വീതം വച്ച് ഉപയോഗിക്കുകയാണ് ചെയ്തിരുന്നത്. പ്രതികളിലൊരാളുടെ അച്ഛന് എടത്വ പോലീസ് സ്റ്റേഷനിലെ നിരവധി മോഷണകേസുകളിലെ പ്രതിയാണെന്ന് പോലീസ് പറയുന്നു.
കഴിഞ്ഞദിവസം തലവടി ഗ്രാമപഞ്ചായത്തിനു സമീപം എന്‍എസ്എസ് കരയോഗ മന്ദിരത്തില്‍ നടന്ന യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ തലവടി ആനപ്രമ്പാല്‍ തെക്ക് ചേലേകാട് കൊച്ചുമോളുടെ ആക്റ്റീവ സ്കൂട്ടര്‍ പതിനേഴുകാരന് മോഷ്ടിച്ചിരുന്നു. വാഹനം കടത്തിക്കൊണ്ടു പോകുന്നതു കണ്ട നാട്ടുകാര്‍ ബഹളം വച്ചതോടെ നീരേറ്റുപുറം ഭാഗത്തേക്ക് ഓടിച്ചു പോയ സ്കൂട്ടര്‍ പാലത്തിന് സമീപം മറിഞ്ഞു. ഇതോടെ വാഹനം ഉപേക്ഷിച്ച് യുവാവ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. വാഹനം മോഷ്ടിച്ചതാണെന്ന് മനസിലാക്കിയ നാട്ടുകാരും പോലീസും ചേര്‍ന്ന് ഒളിച്ചിരുന്ന യുവാവിനെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇരുചക്രവാഹനങ്ങളുടെ മോഷണ പരമ്പര പുറത്തുവന്നത്.
എടത്വ, തകഴി, തലവടി, അമ്പലപ്പുഴ പ്രദേശങ്ങളില്‍ നിന്നായി വാഹനം മേടിച്ചവരില്‍ നിന്നും വര്‍ക്ഷോപ്പുകളില്‍ നിന്നുമാണ് പോലീസ് വാഹനങ്ങള്‍ കണ്ടെത്തിയത്. പതിനേഴുകാരനെ ചോദ്യം ചെയ്തപ്പോഴാണ് കളങ്ങര സ്വദേശിയായ പതിനാറുകാരന് ഉള്‍പെടെ പതിനഞ്ചോളം പതിനെട്ടു വയസില്‍ താഴെയുള്ള കുട്ടികള്‍ മോഷണത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സൂചന ലഭിച്ചത്. തുടര്‍ന്ന് കളങ്ങര സ്വദേശിയായ പതിനാറുകാരനെയും പിടികൂടുകയായിരുന്നു കൂടുതല്‍ കൂട്ടുപ്രതികള്‍ക്കായി പോലീസ് അന്വഷണം ഊര്‍ജിതമാക്കി. എടത്വ പ്രിന്‍സിപ്പല്‍ എസ്ഐ: ബിജു വി.നായര്‍, എസ്ഐ: നന്ദഗോപന്, സിപിഒമാരായ പ്രേംജിത്ത്, രാജേഷ്, ഹരി, സുരേഷ് എന്നിവരടങ്ങിയ സംഘമാണു കുട്ടിമോഷ്ടാക്കളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: