ജീവിതം എങ്ങനെയെങ്കിലും ജീവിച്ചു തീര്ക്കുകയെന്നല്ല മറിച്ച് മറ്റുള്ളവര്‍ക്ക് സഹായമായി കര്‍മ്മ നിരതനാകാനുള്ളതാണെന്ന് കാണിച്ചു തരികയാണ് കാസര്‍കോട് ജില്ലയിലെ കുറ്റിക്കോല്‍ പഞ്ചായത്തിലെ അശോകന് അര്‍ത്തൂട്ടിപ്പാറ. കുറ്റിക്കോല്‍ വിവേകാനന്ദ സാംസ്കാരിക കേന്ദ്രത്തിലെ സജീവ പ്രവര്‍ത്തകനും സ്വയംസേവകനുമായ അശോകന്, വിവേകാനന്ദന്റെ പുസ്തകങ്ങളിലൂടെയാണ് ജീവിതം സാധാരണക്കാരന് ലാഭേച്ഛയില്ലാതെ കര്‍മ്മം ചെയ്യാനുള്ളതാണെന്ന സത്യം തിരിച്ചറിഞ്ഞത്. പാവപ്പെട്ടവന് വ്യവസായമല്ല ഭക്ഷണമാണ് വേണ്ടതെന്നും ഹൃദയം ഹരിയിലേക്കും കരങ്ങള്‍ കര്മത്തിലേക്കുമെന്ന വിവേകാനന്ദന്റെ വരികളില്‍ പ്രചോദനമുള്‍ക്കൊണ്ടുകൊണ്ട് സാധാരണക്കാരന് ജീവജലം നല്കുന്ന കിണര്‍ സൗജന്യമായി നിര്‍മിച്ചു നല്‍കുകയാണ് തെങ്ങ് കയറ്റത്തൊഴിലാളിയായ അശോകന്.
അറുപത് അംഗങ്ങളുള്ള വിവേകാനന്ദ സാംസ്കാരിക കേന്ദ്രത്തിന്റെ ഒരു യോഗത്തിലാണ് പാവപ്പെട്ടവര്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിന് സൗജന്യമായി കിണര്‍ കുഴിച്ച് നല്‍കാമെന്ന ആശയം അശോകന് മുന്നോട്ട് വെച്ചത്. പക്ഷേ, ഒരു ലക്ഷത്തോളം രൂപ ചെലവ് വരുന്ന കിണര്‍ നിര്‍മാണത്തിന് എങ്ങനെ തുക കണ്ടെത്തുമെന്ന ആശങ്കയായിരുന്നു മറ്റംഗങ്ങള്‍ക്ക്. എന്നാല്‍ വിവേകാനന്ദന്റെ ആശയങ്ങള്‍ മുറുകെപിടിച്ച അശോകന് ദൗത്യം സ്വയം ഏറ്റെടുക്കുകയായിരുന്നു. പിന്നില്‍ സമിതി പ്രവര്‍ത്തകരും. ഇതിന് സ്വന്തം വീട്ടില്‍ ഒറ്റയ്ക്ക് 22 കോല് കിണര്‍ കുഴിച്ചുള്ള അനുഭവവും കൂട്ടായി. അങ്ങനെ സൗജന്യ കിണര്‍ നിര്‍മാണമെന്ന പദ്ധതി യാഥാര്ത്ഥ്യത്തിലേക്കെത്തുകയായിരുന്നു. ഉപഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിന് അശോകന് പ്രത്യേക നിബന്ധനയും ഉണ്ടായിരുന്നു. പാവപ്പെട്ട കൂലിപ്പണിക്കാരനും ഒന്നിലധികം പെണ്‍കുട്ടികള്‍ ഉള്ളവരുമായിരിക്കണം. പെണ്‍കുട്ടികളെ വിവാഹം ചെയ്തയക്കാനുള്ള സാധാരണക്കാരന്റെ സാമ്പത്തിക ബുദ്ധിമുട്ട് മുന്നില്‍ കണ്ടാണ് കിണര്‍ നിര്‍മാണം സൗജന്യമായി ചെയ്യുന്നതെന്ന് അശോകന് പറയുന്നു. അപേക്ഷാ ഫോറവും ഇതിനായി തയ്യാറാക്കിയിട്ടുണ്ട്. എല്ലാത്തിനും രേഖ വേണമെന്ന് അശോകന് നിര്‍ബന്ധം. കിണര്‍ നിര്‍മാണത്തിന് വീട്ടുകാരോട് യാതൊരു സാമ്പത്തിക വും അശോകന് ഉന്നയിക്കുന്നില്ല. പകരം ഭക്ഷണം മാത്രം. ഇത്തരത്തില്‍ ആദ്യത്തെ കിണര്‍ നിര്‍മാണത്തിനായി തെരഞ്ഞെടുത്തത് കുറ്റിക്കോല്‍ ചേണോട്ടിലെ ലോഹിതാക്ഷന്റെ വീടാണ്.
ആദ്യത്തെ കിണറില്‍ 12 കോല് കുഴിച്ചപ്പോള്‍ വെളളം ലഭിച്ചെന്ന് അശോകന് പറയുന്നു. ഏകദേശം പത്തുകോല്‍ ആഴത്തില്‍ നിര്‍മാണം പൂര്‍ത്തിയായി. സഹായത്തിന് സഹായികളായി രണ്ടുപേരെ കൂടി കൂട്ടിയിട്ടുണ്ട്. സാംസ്കാരിക വേദി പ്രവര്‍ത്തകര്‍ എല്ലാ പിന്തുണയുമായി ഒപ്പമുണ്ട്. ഉച്ചവരെ മാത്രമാണ് കിണര്‍ നിര്‍മാണം. ഉച്ചകഴിഞ്ഞ് സ്വന്തം തൊഴിലായ തെങ്ങ് കയറ്റത്തിന് പോകും. സഹായികള്‍ക്കുള്ള കൂലിയും അശോകന് തന്റെ വരുമാനത്തില്‍ നിന്നു തന്നെ നല്‍കും. ജോലിക്ക് ഇവരെയും കൂട്ടും. ഉച്ചകഴിഞ്ഞുള്ള ജോലിക്ക് രാവിലെ മുതല്‍ വൈകുന്നേരം വരെയുള്ള കൂലിയും നല്‍കും. ലഭിച്ചിട്ടുള്ള നിരവധി അപേക്ഷകളില്‍ മൂന്ന് വീട്ടുകാരെയാണ് ഇപ്പോള്‍ തെരഞ്ഞെടുത്തിട്ടുള്ളത്. വെള്ളം ലഭിച്ചു കഴിഞ്ഞ് ചുറ്റുമതില്‍ നിര്‍മിച്ച് സിമന്റ് ചെയ്ത് കിണറിന് കപ്പിയും കയറും വരെ വാങ്ങി നല്‍കും. ചുറ്റുമതില്‍ കെട്ടാനുള്ള കല്ലും അനുബന്ധ സാമഗ്രികളും ഉടമസ്ഥന് നല്‍കണം. 12 കോലിന് 3.5 വ്യാസമാണ് കിണറിനുള്ളത്. ആഴം പോകുന്നതിനുസരിച്ച് വ്യാസം വര്‍ധിപ്പിക്കും. കൂലികൊടുത്ത് നിര്‍മിക്കുന്നതാണെങ്കില്‍ ഒരു ലക്ഷത്തോളം രൂപയാകുമെന്ന് അശോകന് പറയുന്നു. ഏതെങ്കിലും ദിവസം സഹായികള്‍ വന്നില്ലെങ്കിലും ഒറ്റയ്ക്ക് തന്നെ കിണര്‍ കുഴിക്കാനും മണ്ണ് മുകളിലെത്തിക്കാനുമുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഒന്നിലധികം കപ്പികള്‍ പ്രത്യേക രീതിയില്‍ ഘടിപ്പിച്ചാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്. കിണറിനകത്ത് നിന്നു തന്നെ നിയന്ത്രിക്കാവുന്ന തരത്തിലാണ് ഇതിന്റ ഘടന. താഴെനിന്നും കൂട്ടയില്‍ നിറക്കുന്ന മണ്ണ് ഒരാള്‍ക്ക് മാത്രം ആയാസമില്ലാതെ മുകളിലെത്തിക്കാന്‍ റാട്ട എന്ന ഉപകരണവും മുകളില്‍ സ്ഥാപിച്ചിട്ടുണ്ട്.
അശോകന്റെ നിശ്ചയദാര്‍ഢ്യവും സഹായിക്കാനുള്ള മനസും കേട്ടറിഞ്ഞ് വിവിധ സന്നദ്ധ സംഘടനകള്‍ ഇപ്പോള്‍ സഹായവുമായി മുന്നോട്ടു വന്നിട്ടുണ്ട്. കിണര്‍ കുഴിക്കാനുള്ള സാധന സാമഗ്രികള്‍ മുതല്‍ ചെങ്കല്ല് വരെ സൗജന്യമായി നല്‍കാമെന്ന് പലരും ഏറ്റിട്ടുണ്ട്. കുറ്റിക്കോല്‍ എയുപി സ്കുളിലെ വിദ്യാര്‍ത്ഥിയായിരുന്ന അശോകന് അവിടുത്ത സ്കൂള്‍ സപ്പോര്‍ട്ടിംഗ് ഗ്രൂപ്പിലെ അംഗമാണ്. സ്കൂളിലെ കുട്ടികളും ഇടവേളകളില്‍ കിണര്‍ നിര്‍മാണത്തില്‍ സഹായവുമായി എത്തുന്നു. കൃഷിയില്‍ തല്പരനായ അശോകന് സ്കൂളില്‍ ജൈവ കൃഷി വ്യാപനത്തിലും സജീവമായി നേതൃത്വം നല്കി വരുന്നു. കൂടാതെ കബഡി, യോഗ, തെങ്ങ് കയറ്റം, ഈര്‍ക്കില്‍ കൊണ്ടുള്ള ചൂല് നര്‍മാണം എന്നിവയില്‍ കുട്ടികള്‍ക്ക് പരിശീലനം നല്കി വരുന്നു. അശോകന്റെ പരിശീലനത്തില്‍ വളര്‍ന്ന കുട്ടികളെ ഇപ്പോള്‍ ജില്ലാ കബഡി അസോസിയേഷന് സെലക്ട് ചെയ്തിട്ടുണ്ട്.
തെങ്ങ് കയറ്റത്തില്‍ പരിശീലനം കിട്ടിയിട്ടുള്ള ഭാര്യ ഉള്‍പ്പെടെ നാല് വനിതകള്‍ ഈ മേഖലയില്‍ തിളങ്ങി നില്ക്കുന്നു. ഇതില്‍ മൂന്നുപേര്‍ കാസര്‍കോട് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തില്‍ പോളിനേഷന് വിഭാഗത്തില്‍ ജോലി ചെയ്യുന്നുണ്ട്. കുറ്റിക്കോല്‍ എയുപി സ്കൂളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ 8 മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന തെരഞ്ഞെടുത്ത പത്ത് കുട്ടികള്‍ക്ക് ചേമ്പ് കൃഷിയില്‍ പരിശീലനം നല്‍കുകയാണ് കിണര്‍ നിര്‍മാണത്തിന് ശേഷമുള്ള അടുത്ത പദ്ധതി. ഇതിനായി കുറ്റിക്കോല്‍ പഞ്ചായത്തിലെ തന്നെ കൊളം പ്രദേശത്ത് എ.സി.പ്രഭാകരന് നമ്പ്യാരുടെ ഒരേക്കര്‍ സ്ഥലം അനുവദിച്ച് കിട്ടിയിട്ടുണ്ട്. ജൂണിലാണ് കൃഷി ആരംഭിക്കുന്നത്. ചേമ്പ് കൃഷിയില്‍ കിട്ടുന്ന തുക കുട്ടികളുടെ പേരില്‍ ബാങ്കില്‍ നിക്ഷേപിച്ച് പഠന ചിലവിനായി ഉപയോഗിക്കുകയാണ് ലക്ഷ്യമെന്നും അശോകന് പറഞ്ഞു. പ്രതിഫലം ഇച്ഛിക്കാതെ കര്‍മ്മം ചെയ്യുക അതാണ് ജീവിത ദൗത്യമെന്നാണ് അശോകന്റെ ധര്‍മ്മം. ഭാര്യ: ബിന്ദു (സിപിസിആര്‍ഐ കാസര്‍കോട്), മകള്‍ അഖില പടന്നക്കാട് നെഹ്റു കോളേജിലെ ഡിഗ്രി വിദ്യാര്‍ത്ഥിനിയാണ്. കബഡി, ഖോഖോ മത്സരങ്ങളില്‍ സംസ്ഥാന യൂണിവേഴ്സിറ്റി താരമാണ്. പത്താംതരം വിദ്യാര്‍ത്ഥിയായ മകന് അമല്‍ കൃഷ്ണന് കാസര്‍കോട് കബഡി അസോസിയേഷനിലെ താരമാണ്. അശോകനെ ബന്ധപ്പടാനുള്ള നമ്പര്‍ : 9496702213.
പ്രതികരിക്കാൻ ഇവിടെ എഴുതുക: