തൃശൂര്‍: വ്യാജ സ്വര്‍ണ്ണാഭരണങ്ങള്‍ നല്കി ജ്വല്ലറികളില്‍ നിന്നും സ്വര്‍ണ്ണാഭരണം മാറ്റി എടുക്കുന്ന അന്തര്‍സംസ്ഥാന തട്ടിപ്പു സംഘത്തിലെ രണ്ടുപേരെ ഷാഡോ പോലീസ് സംഘം അറസ്റ്റുചെയ്തു. ദല്‍ഹി പാലം സ്വദേശികളായ സത്യപാല്വര്മ്മ(50), നാഗേന്ദ്രകുമാര്‍ സോണി(35) എന്നിവരാണ് പിടിയിലായത്.
എറണാകുളത്തും തൃശൂരിലുമുള്ള വന്‍കിട ജ്വല്ലറികളില്‍ വ്യാജ സ്വര്‍ണം നല്കി പകരം യഥാര്‍ത്ഥ സ്വര്‍ണം വാങ്ങിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ദല്‍ഹിയില്‍ സ്വര്‍ണക്കച്ചവടം നടത്തുകയാണ് സത്യപാല്വര്മ്മ. ഇയാള്‍ കൊണ്ടുവരുന്ന വ്യാജ ആഭരണങ്ങള്‍ തൊഴിലാളികള്‍ക്കോ മെഷിനിലോ പരിശോധിച്ചാല്‍ പോലും കണ്ടുപിടിക്കാന്‍ കഴിയില്ല.
തൃശൂരിലെ ഒരു പ്രമുഖ ജ്വല്ലറിയില്‍ സ്വര്‍ണം മാറ്റിയെടുക്കുന്നതിനിടെ ജീവനക്കാര്‍ക്ക് ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നുകയും ഷാഡോ പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. ഷാഡോ പോലീസ് വിദദ്ധരെക്കൊണ്ട് ആഭരണം പരിശോധിപ്പിച്ചപ്പോഴാണ് വ്യാജമാണെന്ന് തെളിഞ്ഞത്.
മുന്‍കൂട്ടി സ്ഥലം തീരുമാനിച്ച് വിമാനമാര്‍ഗമെത്തി തട്ടിപ്പ് നടത്തി വിമാനത്തില്‍ തന്നെ മടങ്ങുകയാണ് പ്രതികളുടെ രീതി. കഴിഞ്ഞ മാസമാണ് ഇവര്‍ എറണാകുളത്തെത്തിയത്. പല ദിവസങ്ങളിലായി കൊച്ചിയിലെ ഏഴോളം ജ്വല്ലറികളില്‍ തട്ടിപ്പുനടത്തി. പിന്നീട് തൃശൂരിലെ അഞ്ചോളം ജ്വല്ലറികളിലും തട്ടിപ്പുനടത്തി. പന്ത്രണ്ടോളം ജ്വല്ലറികളില്‍ തട്ടിപ്പുനടത്തിയതാണ് ഇതുവരെ തെളിഞ്ഞിട്ടുള്ളത്.
സമാനമായ രീതിയില്‍ ബംഗളൂരില്‍ തട്ടിപ്പ് നടത്തിയ പ്രതികള്‍ പോലീസ് പിടിയിലായിരുന്നു. ജയിലില്‍ നിന്നും ഇറങ്ങിയ ശേഷമാണ് ഇപ്പോള്‍ വീണ്ടും പിടിയിലായിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നും അന്വേഷിച്ചുവരികയാണ്.
പ്രതികളെ അറസ്റ്റുചെയ്ത സംഘത്തില്‍ ഈസ്റ്റ് സിഐ കെ.കെ.സജീവന്, എസ്ഐ സുരേഷ്, ഷാഡോ പോലീസ് അംഗങ്ങളായ എസ്ഐ ഫിലിപ്പ് വര്‍ഗ്ഗീസ്, എഎസ്ഐമാരായ എം.പി.ഡേവീസ്, വി.കെ.അന്‍സാര്‍, സീനിയര്‍ സിപിഒമാരായ പി.കെ.സുവ്രതകുമാര്‍, പി.എം.റാഫി, കെ.ഗോപാലകൃഷ്ണന്, സിപിഒമാരായ ടി.വി.ജീവന്, പി.കെ.പഴനിസ്വാമി, സി.പി.ഉല്ലാസ്, എം.എസ്.ലിഗേഷ്, ഈസ്റ്റ് സ്റ്റേഷനിലെ സീനിയര്‍ സിപിഒ ജയചന്ദ്രന് എന്നിവരും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: