കോട്ടയം: എംജി സര്‍വ്വകലാശാല കലോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് നഗരത്തില്‍ വര്‍ണ്ണാഭമായ ഘോഷയാത്ര നടന്നു. പോലീസ് പരേഡ് ഗ്രൗണ്ടില്‍നിന്നാരംഭിച്ച ഘോഷയാത്രയില്‍ വിവിധ കോളേജുകളില്‍നിന്നുള്ള നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ജില്ലാ പോലീസ് മേധാവി എം.പി. ദിനേശ് ഘോഷയാത്ര ഫഌഗ് ഓഫ് ചെയ്തു. ഏറ്റവും മുന്നിലായി വടികുത്തി നടന്നു നീങ്ങിയ മഹാത്മാഗാന്ധി വേഷധാരി ഏറെ ആകര്‍ഷണീയമായി. കേരളത്തിലെ വിവിധ സമുദായങ്ങളുടെ പരമ്പരാഗത വേഷങ്ങളിലെത്തിയ വിദ്യാര്‍ത്ഥിനികളും ശ്രദ്ധയമായിരുന്നു. തെയ്യവും തിറയും വാദ്യമേളങ്ങളും നിശ്ചല ദൃശ്യങ്ങളും അടങ്ങിയ ഘോഷയാത്ര പ്രധാനമത്സരവേദിയായ തിരുനക്കര മൈതാനത്ത് പ്രവേശിച്ചതോടെ ഉദ്ഘാടന സമ്മേളനം ആരംഭിച്ചു. യൂണിവേഴ്സിറ്റി യൂണിയന് ചെയര്മാന് കെ.എ. അഖില്‍ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ യുവജനോത്സവം ചലച്ചിത്രതാരം നമിതാ പ്രമോദ് ഉദ്ഘാടനം ചെയ്തു. വൈസ് ചാന്‍സിലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. കെ. സുരേഷ്കുറുപ്പ് എംഎല്‍എ, നഗരസഭാ ചെയര്മാന് കെ.ആര്.ജി. വാര്യര്‍, പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍, ഡോ. എസ്. ഹരികുമാര്‍ ചങ്ങമ്പുഴ, ടി.എസ്. ശരത്, വിനീത എ. ബാലന് തുടങ്ങിയവര്‍ സംസാരിച്ചു. ഉദ്ഘാടന സമ്മേളനത്തിന് ശേഷം പ്രധാനവേദിയായ തിരുനക്കര മൈതാനിയില്‍ തിരുവാതിരകളി മത്സരവും സിഎംഎസ് കോളേജില്‍ മൈം, ബസേലിയസ് കോളേജില്‍ ആണ്‍കുട്ടികളുടെ ഭരതനാട്ട്യമത്സരവും നടന്നു. ഇന്ന് രാവിലെ 9 മുതല്‍ തിരുനക്കര മൈതാനിയില്‍ മോണോ ആക്ട്, മിമിക്രി, സ്കിറ്റ് മത്സരങ്ങളും സിഎംഎസില്‍ പെണ്‍കുട്ടികളുടെ ഭരതനാട്യവും ബസേലിയസില്‍ ഓട്ടംതുള്ളല്‍, കഥകളി, കേരളനടനം എന്നിവയിലും മത്സരം നടക്കും. ലളിതഗാനമത്സരം സിഎംഎസ് കോളേജ് സെമിനാര്‍ ഹാളിലും കവിതാ പാരായണം സിഎംഎസ് കോളേജ് ഓഡിറ്റോറിയത്തിലും അരങ്ങേറും. ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള ചെറുകഥ രചന, ഉപന്യാസരചന, കവിതരചന മത്സരങ്ങള്‍ ബിസിഎം കോളേജിലാണ് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: