കുമരകം: കുമരകത്ത് അനധികൃത ഹോം സ്റ്റേകള്‍ വര്‍ദ്ധിക്കുന്നു. ടൂറിസ്റ്റുകളെന്ന വ്യാജേനഎത്തുന്ന അനാശാസ്യക്കാര്‍ക്ക് ഇവിടം സുരക്ഷിത താവളമാകുന്നു. അനധികൃത ഹോം സ്റ്റേകളില്‍ ആളെ എത്തിക്കാനും കമ്മീഷന് പറ്റാനും ഏജന്റുമാരായി പ്രവര്‍ത്തിക്കാന്‍ വന്‍സംഘം തന്നെ രംഗത്തുണ്ട്. വന്‍കിട റിസോര്‍ട്ടുകളിലും ഹോട്ടലുകളിലും താമസിക്കാനെത്തുന്ന ടൂറിസ്റ്റുകളുടെ വിവരങ്ങള്‍ പോലീസിന് കൈമാറുന്നുണ്ട്. എന്നാല്‍ ചെറുകിട റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍, ഹോം സ്റ്റേകള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവരുടെ വിവരങ്ങള്‍ പോലീസ് സ്റ്റേഷനുകളില്‍ അറിയിക്കാറില്ല. അത് അനാശാശ്യത്തിനെത്തുന്നവര്ക്ക് സുരക്ഷിതമാകുന്നു. കഞ്ചാവ്, മയക്കുമരുന്ന് മാഫിയാ സംഘങ്ങള്‍, പിടികിട്ടാപ്പുള്ളികള്‍, അധോലോക ബന്ധമുള്ള തീവ്രവാദി സംഘടനകളില്‍പ്പെട്ടവര്‍ എന്നിവര്‍ക്ക് ഇവിടം സുരക്ഷിത താവളമാകുന്നു. കുമരകത്ത് പല ഭാഗങ്ങളിലും ഹോം സ്റ്റേകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കുമരകം കവണാറ്റിന്‍കര ഭാഗത്തും ബാങ്കുപടി ഭാഗത്തുമാണ് കൂടുതലായി ഹോം സ്റ്റേകള്‍ പ്രവര്‍ത്തിക്കുന്നത്. നല്ല വരുമാനം ലഭിക്കുന്നതിനാല്‍ ഇതിന്റെ നടത്തിപ്പുകാര്‍ ഇതില്‍ പതിയിരിക്കന്ന അപകടം മനസിലാക്കുകയോ മനസിലായാല്‍ തന്നെ അത് കാര്യമാക്കുകയോ ചെയ്യുന്നില്ല. പഞ്ചായത്തിനോ പോലീസ് വകുപ്പിനോ ഇവിടെ എത്ര അനധികൃത ഹോം സ്റ്റേകള്‍ ഉണ്ടെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇക്കാര്യത്തില്‍ പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ കുമരകമെന്ന ടൂറിസ്റ്റുഗ്രാമം അനാശാസ്യകേന്ദ്രമായി മാറുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: