പൗരാണിക ഭാരതത്തിന് വൈമാനിക സാങ്കേതികവിദ്യ അറിയാമായിരുന്നു എന്നു പറയുമ്പോഴേക്ക്, അതു ”തറവാടിത്തഘോഷണം” മാത്രമെന്ന് ഒരു പത്രം മുഖപ്രസംഗമെഴുതുന്നു; ഏതു വേദത്തില്‍ എവിടെയാണ് വിമാനം ഉണ്ടാക്കാമെന്ന് പറഞ്ഞിട്ടുള്ളതെന്നു ചോദിക്കുന്നു, ആദ്ധ്യാത്മിക കാര്യങ്ങളില്‍ താത്പര്യം പ്രകടിപ്പിക്കാറുള്ള ശാസ്ത്രകാര്യ വിദഗ്ധനായ സാഹിത്യകാരന്. ഈ രംഗത്തു ദീര്‍ഘകാലം ഗവേഷണം നടത്തിപ്പോരുന്ന അങ്ങേയ്ക്ക് ഈ വാദകോലാഹലത്തെക്കുറിച്ചു എന്താണു പറയാനുള്ളത്.
ഹപത്രാധിപരായാലും പണ്ഡിതനായ എഴുത്തുകാരനായാലും മനുഷ്യരാണ്. അവര്‍ക്കായാലും എനിക്കായാലും അറിവിന്നു പരിമിതിയുണ്ട്. പക്ഷേ, പഠിക്കാനും മനസ്സിലാക്കാനും തയ്യാറുള്ളവര്‍ക്ക് ഈ പരിമിതി കുറേയൊക്കെ മറികടക്കാനാവും.
ഈ വിഷയത്തില്‍ അവര്‍ക്കറിയാത്ത, അല്ലെങ്കില്‍ അവര്‍ മനസ്സിലാക്കാന്‍ ശ്രമിക്കാത്ത ചിലത് വായിക്കാനും മനനം ചെയ്ത് നിഗമനങ്ങളില്‍ എത്താനും എനിക്കു കഴിഞ്ഞിട്ടുണ്ട്. വിമാന നിര്‍മാണ ശാസ്ത്രമോ വിമാന നിര്‍മാണശാലകളോ ഭാരതത്തില്‍ പണ്ട് ഉണ്ടായിരുന്നു എന്നതിന് തൊട്ടു കാണിക്കാവുന്ന തെളിവുകളില്ല എന്നത് ശരി. പക്ഷേ, പുരാണങ്ങളില്‍ ആവര്‍ത്തിച്ചു വിമാന പ്രസ്താവനകള്‍ കാണുന്നു. 10,000 വര്‍ഷത്തോളം പഴക്കമുള്ളതായി സങ്കല്പിക്കപ്പെടുന്ന വേദം തന്നെ വിമാനപ്പറക്കലിന്നു ഇങ്ങനെ സാക്ഷ്യം വഹിക്കുന്നു.
വിമാന ഏഷ ദിവോ മധ്യ ആസ്തേ
ആപപ്രിവാന്‍ രോദസീ അന്തരീക്ഷം
(തൈത്തിരീയസംഹിത 4.6.3.10)
ആകാശത്തിലെ ഈ വിമാനമുണ്ടല്ലോ അത് ആകാശത്തിലും അന്തരീക്ഷത്തിലുമായി ചരിച്ചുകൊണ്ടിരിക്കുന്നു എന്നര്‍ത്ഥം.? ഇത് ഒരു ഭാവനയായി കരുതിക്കൂടേ? വിമാന നിര്‍മിതിയെക്കുറിച്ച് എവിടെയെങ്കിലും എന്തെങ്കിലും പരാമര്‍ശം ഉണ്ടോ.
ഹനോക്കാം.
മയഃപരപുരഞ്ജയഃ
പുരം നിര്‍മായ ശാല്വായ
പ്രാഭാത് സൗഭമയസ്മയം (ഭാഗവതം-10.76.8)
ഭാഗവതത്തില്‍ പറയുന്നു: അസുര ശില്പിയായ മയന് പുതിയ ഒരു യുദ്ധവിമാനം നിര്‍മ്മിച്ച് ശാല്വന് കൊടുത്തു. സൗഭം എന്ന ആ വിമാനം നിര്‍മിച്ചത് നേരിയ ഇരുമ്പുപാളികള്‍ ഉപയോഗിച്ചായിരുന്നു(അയസ്മയം സൗഭം)
ക്വചിദ് ഭൂമൗ ക്വചിദ് വ്യോമ്നി
ഗിരിമൂര്‍ധ്നി ജലേ ക്വചിദ്
അലാതചക്രവത് ഭ്രാമ്യത്
സൗഭം തദ് ദുരവസ്ഥിതം (ഭാഗവതം 10.76.22)
ആ സൗഭം മന്നിലും വാനില്‍ ശൈലമൂര്‍ധാവില്‍ നീരിലും ചുഴറ്റും തീക്കൊള്ളിപോലെ കാണായ് സര്‍വത്ര സര്‍വദാ.
(തിരുമുമ്പിന്റെ പരിഭാഷ)
ഇത് ശ്രീമഹാഭാഗവതത്തില്‍ നിന്ന്. അതില്‍ത്തന്നെ മറ്റൊരിടത്ത് വിവരിക്കുന്നുണ്ട്, മഹാബലിയുടെ യുദ്ധവിമാനം തകര്‍ന്നുവീണകാര്യം. മിഥ്യാവിമാനം ആകാശത്തുനിന്ന് തകര്‍ന്നു വീഴുകയില്ലല്ലോ.
സംസ്കൃതത്തില്‍ എഴുതപ്പെട്ടിട്ടുള്ള ശാസ്ത്രഗ്രന്ഥങ്ങള്‍ ഉണ്ട്. ഭരദ്വാജന്റെ യന്ത്രസര്‍വസ്വം എന്ന കൃതിയില്‍, വൈമാനിക പ്രകരണം എന്ന ഒരു ഉപവിഭാഗമുണ്ട്.
അതില്‍ നാരായണന്റെ വിമാനചന്ദ്രിക, ശൗനകന്റെ വ്യോമയാനതന്ത്രം, ഗര്‍ഗന്റെ യന്ത്രകല്‍പ്പം, വാചസ്പതിയുടെ യാനബിന്ദു, ചാക്രായണിയുടെ ഖേടയാന പ്രദീപിക (ഖേ അടതി ഇതി ഖേട:- ഖം ആകാശം, ആകാശത്തില്‍ ചരിക്കുന്നത് ഖേടം) ധൃണ്ഡീനാഥന്റെ വ്യോമയാനാര്‍ക്കപ്രകാശം എന്നീ ഗ്രന്ഥങ്ങളെ പരാമര്‍ശിക്കുന്നു. ഇതെല്ലാം വിമാനത്തെപ്പറ്റിയാണ്. ഈ വൈമാനികപ്രകരണം ബൃഹദ്വിമാനശാസ്ത്രം എന്ന പേരില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇനി ഇതെല്ലാം ഇംഗ്ലീഷില്‍ വായിച്ചാലേ ബോധ്യപ്പെടൂ എന്നുള്ളവര്‍ക്കുവേണ്ടി ജ്യോത്സ്യന് എന്ന പണ്ഡിതന് ഇംഗ്ലീഷിലാക്കിയിട്ടുമുണ്ട്. ഇത് വിപണിയില്‍ ലഭ്യമാണ്.
ഇന്ന് നാം ജെറ്റ് വിമാനം എന്ന പറയുന്നതിനെ അനുസ്മരിപ്പിക്കുന്നു, ”വൈമാനിക നിപാതേന വഹ്നിലേഖാങ്കിതം ക്വചിദ്” എന്ന യോഗവാസിഷ്ഠത്തിലെ പ്രയോഗം (3-24-46) ശക്തമായ കാറ്റുണ്ടാക്കി ചിറകിനു കീഴില്‍ മര്‍ദ്ദം പ്രയോഗിച്ച് ആകാശയാനം സാധ്യമാക്കുന്ന രീതിയെയല്ലേ, യോഗവാസിഷ്ഠത്തില്‍ പറയുന്ന” വാതസ്കന്ധമഹാവേഗവഹദ് വൈമാനികപ്രജം” (3-24-28) എന്ന് പരാമര്‍ശിക്കുന്നത്?
അപ്പോള്‍ വിമാനശില്പിയെക്കുറിച്ച് പറഞ്ഞു. വിമാനത്തിന്റെ നിര്‍വചനം പറഞ്ഞു. വിവിധയിനം വിമാനങ്ങളെക്കുറിച്ചു പറഞ്ഞു, പറക്കുന്ന രീതിയെക്കുറിച്ചും പറഞ്ഞു. ഇത്രയൊക്കെ നമ്മുടെ പ്രാചീനകാലത്തെ സംസ്കൃതശാസ്ത്ര കൃതികളിലുണ്ടെന്നു ചൂണ്ടിക്കാണിക്കുമ്പോള്‍, ഇതെല്ലാം ഭാവനയാണ് എന്നു കരുതണമെങ്കില്‍…. ”അവര്‍ക്കേഷ ബദ്ധാഞ്ജലി” എന്നേ മറുപടിയുള്ളൂ.
? യന്ത്രസര്‍വസ്വം രചിച്ച ഭരദ്വാജമഹര്‍ഷിയുടെ കാലവും ദേശവും.
ഹഭാരതത്തിലെ മഹാശാസ്ത്രജ്ഞനാണ് ഭരദ്വാജന്. ഗംഗാ യമുനാ സംഗമ പ്രദേശത്ത് അംഗിരസ്സിന്റെ പുത്രനായി ഭരദ്വാജന് ജനിച്ചു. ത്രേതായുഗത്തില്‍ ശ്രീരാമന് വനവാസകാലത്ത് ഭരദ്വാജാശ്രമത്തില്‍ ചെന്നതായി പറയുന്നുണ്ട്. ദേവശില്പിയായ വിശ്വകര്‍മ്മാവിന്റെ (ഏകോദരനല്ലാത്ത) സഹോദരനാണ്. 3000 കൊല്ലങ്ങള്‍ക്ക് മുമ്പാണ് ഭരദ്വാജന്റെ കാലം എന്നു കരുതാം. മഹാഭാരതത്തില്‍, ”ധനുര്‍വേദം ഭരദ്വാജോ” എന്നു കാണുന്നു. അപ്പോള്‍ വ്യാസനും മുമ്പാണ് എന്ന് കരുതണമല്ലോ.
? ഭരദ്വാജന്റെ വൈമാനികപ്രകരണത്തില്‍ പരാമര്‍ശിച്ച കൃതികളെക്കുറിച്ചു പറഞ്ഞുവല്ലോ. വേറേ പൂര്‍വഗ്രന്ഥങ്ങള്‍ ഇതു സംബന്ധിച്ച് ഉണ്ടായിരുന്നുവോ.
ഹഉണ്ടല്ലോ. ഭരദ്വാജന് ഉദ്ധരിച്ച ചില പേരുകള്‍ പറയാം. ബോധായനന്റെ ധാതുസര്‍വസ്വം, ലല്ലന്റെ യന്ത്രകല്പതരു, അഗസ്ത്യന്റെ ശക്തിസൂത്രം, വസിഷ്ഠന്റെ പ്രപഞ്ചലഹരി, ശാകടായനന്റെ വായുതത്വപ്രകരണം, ലോഹതന്ത്രം, വാല്മീകിയുടെ വാല്മീകിഗണിതം, ശൗനകന്റെ ശൗനകീയം, ഭരദ്വാജന്റെ തന്നെ അംശുബോധിനിയും ആകാശതന്ത്രവും- ഇതെല്ലാം ശാസ്ത്രഗ്രന്ഥങ്ങളത്രേ.
ഇനി ഗ്രന്ഥകര്‍ത്താക്കളുടെ പേരറിയാത്തവ. ദര്‍പ്പണശാസ്ത്രം, ലോഹസര്‍വസ്വം, മണിപ്രകരണം, യന്ത്രപ്രകരണം, ശക്തിസര്‍വസ്വം, നാളികാനിര്‍ണയം, ഗതിനിര്‍ണയാധ്യായം, മൂഷകല്പം (മൂഷം-മൂശ) കുണ്ഡനിര്‍ണയം എന്നിങ്ങനെ അനേകമുണ്ട് ഈ വിഭാഗത്തില്‍. ശ്രദ്ധിക്കുക: ഇവയെല്ലാം വിമാനനിര്‍മ്മാണത്തിന്റെ ഓരോ വശങ്ങളെ സൂചിപ്പിക്കുന്നു. ലോഹം, നാളിക, മൂഷ, കുണ്ഡം എന്നെല്ലാം പറയുന്നത് വര്‍ക്ക്ഷോപ്പിലെ സാധനങ്ങളോ വിഭാഗങ്ങളോ ആണ്.
? ഭരദ്വാജന്റേതല്ലാത്ത കൂടുതല്‍ ആധുനികമായ വിമാനവിഷയക ഗ്രന്ഥങ്ങള്‍ ഉണ്ടോ, അവയെപ്പറ്റി.
ഹഉവ്വ്. ഭോജദേവന്റെ സമരാങ്ഗണ സൂത്രധാരം ഏറെ പില്ക്കാലത്തുണ്ടായ കൃതിയാണ്. വിവിധയിനം വിമാനങ്ങളെക്കുറിച്ച് ഭോജദേവന് വിശദീകരിക്കുന്നുണ്ട്:
വൈരാജം ചതുരശ്രം സ്യാദ്
വൃത്തം കൈലാസ സംജ്ഞിതം
ചതുരശ്രായതാകാരം
വിമാനം പുഷ്പകം ഭവേത്
വൃത്തായതം ച മണികം
അഷ്ട്രാശ്രീഃ സ്യാത് ത്രിവിഷ്ടപം
ഭോജദേവന് 2000 മീറ്റര്‍ ഉയരത്തില്‍ പറക്കാവുന്ന ഒരു വിമാനമുണ്ടായിരുന്നുവത്രേ. വേദി തിര്യക്ഛേദ സമചതുരമെങ്കില്‍ വിമാനം വൈരാജം, വൃത്തമെങ്കില്‍ കൈലാസം, ആയതചതുരശ്രമെങ്കില്‍ പുഷ്പകം, ആയതവൃത്തമെങ്കില്‍ മണികം, അഷ്ടകോണാകൃതിയെങ്കില്‍ ത്രിവിഷ്ടപം.
ഇത്രയും വിശദമായി വിമാനങ്ങളുടെ തര-നാമഭേദങ്ങള്‍ വ്യക്തമാക്കണമെങ്കില്‍ അന്ന് അവ പ്രചാരത്തിലുണ്ടായിരുന്നതുകൊണ്ടാവണമെന്നറിയാന്‍ സാമാന്യബോധം മാത്രം മതി. വൈരാജം ബ്രഹ്മാവിന്റെയും കൈലാസം ശിവന്റെയും പുഷ്പകം കുബേരന്റെയും മണികം വരുണന്റെയും വിമാനങ്ങളത്രേ. ഇവയില്‍ പുഷ്പകം നമുക്കൊക്കെ സുപരിചിതമായിരിക്കും. കുബേരന്റെ പക്കല്‍നിന്നു രാവണന് ബലം പ്രയോഗിച്ചു തട്ടിയെടുത്ത് ലങ്കയില്‍ കൊണ്ടുവന്ന വിമാനം രാവണവധാനന്തരം ലങ്കയില്‍ നിന്നു അയോധ്യയിലേക്ക് ശ്രീരാമനും സംഘവും പുഷ്പകവിമാനത്തിലാണ് പോന്നത്. അതിനുശേഷം പുഷ്പകം കുബേരന്നു തിരിച്ചയച്ചുകൊടുക്കുകയും ചെയ്തു.
? ഏതു കാലം മുതലാണ് വിമാനത്തിന്റെ ഉപയോഗം എന്നു പറയാമോ.
ഹ ഭാരതീയകാലഗണന അനുസരിച്ച് നാലു യുഗങ്ങളാണുള്ളത്. കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം. കൃതയുഗത്തില്‍ വിമാനങ്ങളുണ്ടായിരുന്നില്ല. അന്നതിന്റെ ആവശ്യവുമില്ല എന്ന് മനസ്സിലാക്കുക. അന്നു ജീവിച്ചിരുന്നവര്‍ക്ക് ഉദ്ദേശിച്ച സ്ഥലത്ത് ഉദ്ദേശിച്ച സമയത്ത് എത്താന്‍ സാധിക്കുമായിരുന്നുവത്രേ. പിന്നെ രാമായണകാലം. ത്രേതായുഗം. അക്കാലത്ത് വിമാനങ്ങളുണ്ടായിരുന്നു.
പുഷ്പകം എന്ന വിമാനത്തെക്കുറിച്ചു പറഞ്ഞുവല്ലോ. ദ്വാപരയുഗത്തിലെ വിമാനങ്ങളെപ്പറ്റി ഭാരതത്തില്‍ നിന്ന് മനസ്സിലാക്കാം. കലിയുഗത്തില്‍ കൃതകവിമാനങ്ങളാണ് ഉള്ളതെന്നു പറയുന്നു. അവ 25 തരമുണ്ട്. ഇവ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ലോഹങ്ങളെപ്പറ്റി ബൃഹദ്വിമാന ശാസ്ത്രത്തില്‍ പറയുന്നുണ്ട്. അതൊക്കെ ആര്‍ക്കും വായിച്ചു മനസ്സിലാക്കാവുന്നതേയുള്ളൂ.
? ശാസ്ത്രത്തിന്റെ ഇതരമേഖലകളില്‍ ഭാരതത്തിനുണ്ടായിരുന്ന വിജ്ഞാനത്തെപ്പറ്റി.
ഹ വിമാന കാര്യത്തില്‍ മാത്രമല്ല പ്രപഞ്ചവിജ്ഞാനത്തിന്റെ സകലമേഖലകളെക്കുറിച്ചും ഋഷിവര്യന്മാര് പഠനം നടത്തിയിട്ടുണ്ട്. ഭൂമിയുടെ ഗോളാകൃതിയെപ്പറ്റി ഋഗ്വേദം, ഭാഗവതം, ആര്യഭടീയം എന്നീ കൃതികളില്‍ പ്രസ്താവമുണ്ട്. യഥാക്രമം, 10,000 ബിസി, 3200 ബിസി, 498 എഡി കാലം. എന്നാലും 16-ാം നൂറ്റാണ്ടില്‍ ജീവിച്ച മഗല്ലന് ഭൂമി ഉരുണ്ടതാണ് എന്ന കണ്ടുപിടുത്തത്തിന്റെ പിതൃത്വം, നാം നല്കുന്നു. വേദകാലം മുതല്‍ക്ക് ഇങ്ങോട്ട് ഭാരതം ആവര്‍ത്തിച്ചു വ്യക്തമാക്കിയ സംഗതി ആണിതെന്ന് ഓര്‍ക്കുക.
ഇനി നോക്കുക: ഭൂമിയുടെ ചരിവ്. ഭാപക്രമോ ഗ്രഹാംശഃ എന്ന് ആര്യഭടന്‍. (എ.ഡി 498) ആര്യഭടീയ അക്ഷരസംഖ്യാക്രമമനുസരിച്ച് ഭ=24. സൂര്യന്റെയും ഗ്രഹങ്ങളുടെയും അപക്രമം 240 എന്നര്‍ത്ഥം. ഭൂമിയുടെ അക്ഷച്ചെരിവ് മൂലമാണ് ഈ അപക്രമം എന്നതിനാല്‍ അക്ഷച്ചെരിവിന്റെയും അളവാണ് 240
ഇതു തന്നെ ബിസി 2000ല്‍ സൂര്യസിദ്ധാന്തത്തില്‍ സൂര്യന് എന്ന പണ്ഡിതന് രേഖപ്പെടുത്തിയിട്ടുണ്ട്. ഭ മണ്ഡലാത് പഞ്ചദശേ ഭാഗേദേവളഥവാളസുരേ ഉപരിഷ്ടാദ് വ്രജത്യര്‍ക്കഃ
ഭ മണ്ഡലം = 3600
പഞ്ചദശാ = 15
ഭ മണ്ഡലാദ് പഞ്ചദശേ ഭാഗേ = =240
ഇതൊക്കെ ആര്‍ക്കും പരിശോധിക്കാവുന്നതല്ലേ? എം.പി. വീരേന്ദ്രകുമാറിന്റെ ഹൈമവതഭൂവില്‍ എന്ന കൃതിയില്‍ ആര്യഭടനെയും അദ്ദേഹത്തിന്റെ സിദ്ധാന്തത്തെയും കുറിച്ച് അഭിമാനപൂര്‍വ്വം എഴുതിയിട്ടുണ്ട് എന്നു കൂടി ചൂണ്ടിക്കാണിക്കട്ടെ. ഭൂമിയുടെ വ്യാസാര്‍ധം 3937 മൈല്‍ (അന്നത്തെ ഭാഷയില്‍ ഇന്ന് 525 യോജന. 1 യോജന = മൈല്‍) ആണെന്നും ആര്യഭന്‍ രേഖപ്പെടുത്തുന്നു. ആധുനികശാസ്ത്രം പരീക്ഷണനിരീക്ഷണങ്ങള്‍ക്കു ശേഷം പറയുന്നു. ഭൂമിയുടെ വ്യാസാര്‍ധം 3960 മൈല്‍ ആണെന്ന്. 23 മൈലാണ് പ്രാചീന ഭാരതത്തിന്റെയും ആധുനികശാസ്ത്രത്തിന്റെയും കണ്ടെത്തലില്‍ വരുന്ന വ്യത്യാസം. ഇതില്‍ത്തന്നെ ഏതാണ് തെറ്റ്, ഏതാണ് ശരി എന്ന് ഇനിയും അറിയാനിരിക്കുന്നതല്ലേയുള്ളൂ. (യോജന എന്നത് ഭാരതീയമായ അളവാണ്. ഇതിന്റെ തുല്യമായി 5 നാഴിക മുതല്‍ 10 നാഴിക വരെ കണക്കാക്കാവുന്നതാണെന്ന് ജ്യോതിശ്ശാസ്ത്ര പണ്ഡിതനായ കെ.വി. ശര്‍മ്മ പറയുന്നു)
? ശാസ്ത്രരംഗത്തെ മറ്റു കണ്ടെത്തലുകളെക്കുറിച്ചുള്ള അഭിപ്രായം.
ഹ ആധ്യാത്മികതലത്തില്‍ എന്നതുപോലെ ഭൗതികവിജ്ഞാന മേഖലയിലും പ്രാചീന ഭാരതത്തിലെ ഋഷിമാര്‍ നമുക്കിന്നു സങ്കല്പിക്കാവുന്നതില് എത്രയോ എത്രയോ ദൂരം മുന്നോട്ടു പോയിരുന്നു എന്നതിന് രേഖപ്പെടുത്തപ്പെട്ട തെളിവുകളുണ്ട്. സംസ്കൃതത്തിലായതുകൊണ്ട്, നാം അതൊന്നും അറിയാതെപോകുന്നു. ജ്യോതിഷം, ഗണിതം, പ്രപഞ്ചവിജ്ഞാനം, രസതന്ത്രം, ഊര്‍ജതന്ത്രം, സസ്യജ്ഞാനം, വൈദ്യം, ആര്‍ഥ-ന്യായശാസ്ത്രങ്ങള്‍, വാസ്തുവിദ്യ എന്നു തുടങ്ങി ഇന്നു അറിയപ്പെടുന്ന ശാസ്ത്രശാഖകളെക്കുറിച്ചെല്ലാം ആഴത്തിലുള്ള അറിവ് ഭാരതീയര്‍ പണ്ടുകാലത്ത് ആര്‍ജിച്ചിരുന്നു. വിദ്യാലയങ്ങളില്‍ ഇന്ന് ബൗധായനസിദ്ധാന്തത്തെ പഠിപ്പിക്കുന്നത്
പൈതഗോറസ്തിയം എന്നാണ്. സൂര്യകേന്ദ്രതത്വം വ്യാസന് വിശദമായി വിവരിച്ചിട്ടുണ്ട്. പക്ഷേ, അത് കോപ്പര്‍നിക്കസ്സിന്റെ കണ്ടുപിടുത്തമായി ഇവിടെ കുട്ടികളെ പഠിപ്പിക്കുന്നു. കോപ്പര്‍നിക്കസ്സിന്നാണെങ്കില്‍ രണ്ടുതെറ്റുകള്‍ പറ്റിയിട്ടുണ്ട്. വ്യാസന്റേത് കിറുകൃത്യമായ കണക്കുമാണ്. വ്യാസന് എത്തിയിടത്തൊന്നും കോപ്പര്‍നിക്കസ്സ് എത്തിയിട്ടില്ല എന്നു കൂടി പറയേണ്ടതുണ്ട്. മാത്രമല്ല, ആള്ജിബ്രയും പൈത്തഗോറസ് സിദ്ധാന്തവും ഭാരതത്തിലാണ് ഉദ്ഭവിച്ചതെന്ന് അറിവുള്ള പണ്ഡിതന്മാര് പറയുമ്പോള്‍, ഒരന്വേഷണം നടത്താനുള്ള സന്നദ്ധതപോലും പ്രകടിപ്പിക്കാതെ നമ്മുടെ നാട്ടിലെ ഉത്തരവാദപ്പെട്ട ആളുകള്‍ അത്തരം പ്രസ്താവനകളെ പുച്ഛിക്കാനും പരിഹസിക്കാനും രംഗത്തെത്തുന്നു. കഷ്ടമെന്നല്ലാതെ എന്തുപറയാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: