നിങ്ങള്‍ കരുതുംപോലൊരു ബസ് യാത്രയിലാണ് ഞാനിപ്പോള്‍.
ബസ് എന്നുപറഞ്ഞാല്‍ സര്‍ക്കാര്‍ വക സാദാബസ്.
വരുമാനം കൂടുതലുളളതുകൊണ്ടാണ് സര്‍ക്കാര്‍ ഈ റൂട്ടില്‍ സ്വകാര്യബസുകള്‍ അനുവദിക്കാത്തതെന്നും പറഞ്ഞുകേള്‍ക്കുന്നുണ്ട്.
കൊച്ചിയില്‍ താമസിക്കുമ്പോഴൊന്നും എനിക്ക് നിത്യവും സര്‍ക്കാര്‍ ബസുകളെ ആശ്രയിക്കേണ്ടുന്ന ഗതികേടുണ്ടായിട്ടില്ല.
ദൂരെയാത്രക്ക് പോകുമ്പോള്‍ മാത്രമാണ് ഞാന്‍ സര്‍ക്കാര്‍ ബസുകളെ ആശ്രയിച്ചിട്ടുള്ളത്.
ബസില്‍ ഞാന്‍ തനിച്ചല്ല, ജയേട്ടനെന്ന് ഞാന്‍ ബഹുമാനത്തോടെ വിളിക്കാറുള്ള ജയന് ചേര്‍ത്തലയും കൃഷ്ണകുമാറും മനോജ്കുമാറുമുണ്ട്.
ജയേട്ടന് ഫ്രഞ്ച് താടിയൊക്കെ വെച്ച് വെളുത്ത് സുമുഖനായ ആരോഗ്യദൃഢഗാത്രനായ ഒരാളാണ്.
ആര് കണ്ടാലും കണ്ടമാത്രയില്‍ ജയേട്ടനെ ഇഷ്ടപ്പെട്ട്പോകും. സംസാരിച്ച് സംസാരിച്ച് ആയാള്‍ ആരേയും തന്റെ ഫാനാക്കും. അങ്ങനെയാണ് ജയേട്ടനും എന്റെ ഇഷ്ടത്തിന്റെ ഭാഗമായത്.
സിനിമയും നാടകവുമൊക്കെ പ്രാണന് തുല്യമായിക്കാണുന്ന ആള്. ചെറിയ സിനിമകളും നാടകവുമൊക്കെ കുറേ തീര്‍ത്തിട്ടുണ്ട് ജയേട്ടന്.
നടന് അനൂപ് ചന്ദ്രന്റെ ജേഷ്ഠന്….കൃഷ്ണകുമാര്‍ മിതഭാഷിയാണ്. സ്വയം സംസാരിക്കുന്നതിനേക്കാള്‍ അയാള്‍ക്കിഷ്ടം മറ്റുള്ളവരെ കേള്‍ക്കാനാണ്.
എരമല്ലൂരിലൊരു കൊറിയര്‍ ഏജന്‍സി നടത്തുന്ന കൃഷ്ണകുമാറിന്റെ സംസാരത്തിലും സ്വപ്നത്തിലുമൊക്കെ സിനിമയുണ്ട്.
മനോജ്കുമാറും സിനിമാ പ്രേമിയാണെങ്കിലും രാഷ്ട്രീയത്തിനായി തീറെഴുതിയ ജീവിതമാണ് അയാളുടേത്. രാഷ്ട്രീയക്കാരനെങ്കിലും മനുഷ്യസ്നേഹിയാണ് മനോജ്കുമാര്‍. കാരുണ്യത്തിന്റെ വറ്റാത്ത കടലെന്നും അയാളുടെ അകമേയുണ്ട്. അയാളുടെ കാരുണ്യം അനുഭവിച്ചവരെത്രയോ എന്റെ അറിവിലുണ്ട്. മനോജ്കുമാര്‍ ഇങ്ങനെയൊക്കെ ആയതുകൊണ്ടാവും എന്റെ സൗഹൃദങ്ങളില്‍ അയാളുള്ളത്.
കാല്മുട്ടോളം നീണ്ട ഖദര്‍ ജുബ്ബയും മുണ്ടും ധരിച്ച് നീണ്ടുകറുത്ത തലമുടിയുടെ സമൃദ്ധിയെ തോള്‍വരെ അതിരിട്ടാണ് ഞാനയാളെ കണ്ടിട്ടുള്ളത്. എപ്പോഴും തിരക്കാണ് മനോജ് കുമാറിന്. പാര്‍ട്ടി മീറ്റിംങ്. പാര്‍ട്ടി പത്രത്തിന്റെ പ്രചാരണം. കണ്വെന്ഷന്, നിരാഹാരം, സമരം, പിക്കറ്റിംങ്, ഹര്‍ത്താല്‍…സിനിമയെന്ന് വെച്ചാല്‍ എനിക്കും ജീവനാണ്.
എന്റെ എഴുത്തുപോലും സിനിമയിലേക്കെത്താനുള്ള വഴിയാണെന്നാണ് സംവിധായകനും സുഹൃത്തുമായ സി.കെ. മധു പറഞ്ഞിട്ടുള്ളത്. അയാളെന്നെ നായകനാക്കി ഒരു സിനിമ ചെയ്യാന്‍ പ്ലാന്‍ ചെയ്തിരുന്നതാണ്. നിര്‍ഭാഗ്യം നിഴല്‍ പോലെ എനിക്ക് പിന്നാലെയുള്ളുതകൊണ്ട് ജീവിതത്തിലെ പല മോഹങ്ങളും പോലെയതും നടന്നില്ല. കാലം എപ്പോഴെങ്കിലുമത് സാക്ഷാത്കരിക്കുമായിരിക്കാം. ഒരര്‍ത്ഥത്തില്‍ ഞങ്ങളെയെല്ലാം ഒരുമിപ്പിച്ചത് കൃഷ്ണകുമാറാണ്. അയാള്‍ക്കൊരു ഫിലിംസൊസൈറ്റി തുടങ്ങണമെന്ന ആഗ്രഹമാണ്.
ഫിലിം സൊസൈറ്റി യാഥാര്‍ത്ഥ്യമായില്ലെങ്കിലും ഞങ്ങള്‍ സുഹൃത്തുക്കളായി. പുറംകൊണ്ടല്ല, അകംകൊണ്ടടുത്ത്. ബസ്സില്‍ ഞാനും ജയേട്ടനും കൃഷ്ണകുമാറും ഇരുന്നതൊരു സീറ്റിലാണ്. മനോജ് കുമാര്‍ ഞങ്ങള്‍ക്ക് പിന്നിലെ സീറ്റിലും….
സൈഡ് സീറ്റിലിരുന്ന് പുറംകാഴ്ചകള്‍ കാണുകയായിരുന്ന എന്റെ ചെവിയില്‍ ജയേട്ടന് പതുക്കെ പറഞ്ഞു.”നീയൊരു പ്രണയം കൊഴുക്കുന്നത് കണ്ടോ”?
അപ്പോഴാണ് ഞാനുമത് ശ്രദ്ധിച്ചത്. മുന്‍സീറ്റിലിരുന്ന് ഒരു ചെറുപ്പക്കാരനും ചെറുപ്പക്കാരിയും തോളില്‍ കയ്യിട്ടിരുന്ന് ആലിംഗനം ചെയ്യുന്നു. ചുംബിക്കുന്നു.
ഇതൊക്കെ ബസില്‍ ഇവര്‍ മാത്രമാണെന്ന ധാരണയില്‍ ചെയ്യുന്നതാകും.
അല്ലാതിതൊക്കെ ചെയ്യാന്‍ എങ്ങനെ ധൈര്യം വരും?
ഇന്നത്തെ തലമുറയല്ലേ?
ഇതും ഇതിലപ്പുറവും നടക്കും
”ബസില്‍ ആ ഒരു പെണ്‍കുട്ടിമാത്രമേ സ്ത്രീയായുള്ളു. അപ്പോള്‍ പ്രണയമായില്ലെയെന്ന്” ജയേട്ടന് വീണ്ടും എന്റെ ചെവിയില്‍…
ഞാനും കൃഷ്ണകുമാറും തലകുലുക്കി.
മനോജ്കുമാര്‍ ഈ സമയം പാര്‍ട്ടി പത്രം നിവര്‍ത്തി അതിലെ നേതാവിന്റെ ലേഖനം വായിക്കുകയായിരുന്നു. പെട്ടന്നാണ് ബസിന് പിറകില്‍ നിന്ന് ഒരു ന്യൂജെന്‍ പയ്യന് ഉച്ചത്തിലിങ്ങനെ പറയുന്നത് കേട്ടത്
കാലില്‍ ചവിട്ടുന്നോടോ….
പയ്യനിങ്ങനെ ക്ഷോഭിക്കുന്നത് അവന്റെ തന്തയോളം പ്രായമുള്ള ഒരാളോടാണ്.
അയാളും വിടുന്ന മട്ടില്ല.
സ്റ്റണ്ടിനുള്ള ഒരുക്കമാണ്.
സ്റ്റണ്ടെങ്കില്‍ സ്റ്റണ്ടെന്ന മട്ടിലത് കാണാനുള്ള കാത്തിരിപ്പിലാണ് ജനം.
ആരാനെ തല്ലുന്നത് കാണാനെന്ത് ചേലാണല്ലേ?
രണ്ടുപേരും തമ്മിലൊരു തള്ള്…
പയ്യന് മുഷ്ടി ചുരുട്ടി അയാളെ നേരിടാനെന്ന പോലെ നില്‍പ്പുണ്ട്.
തന്തയെ തല്ലുന്ന തലമുറയാണ്.
ബസ് പോലീസ് സ്റ്റേഷനിലേക്ക് വിടെന്നാരോ പറഞ്ഞതും സ്റ്റണ്ട് തീര്‍ന്നു.
കാതില്‍ പെണ്ണുങ്ങളെപ്പോലെ കമ്മലിട്ട ടീഷര്‍ട്ടും ജീന്‍സും ധരിച്ച മുടി സ്ട്രേയിറ്റ് ചെയ്ത പയ്യനുറക്കെ പഴയ സിനിമാപാട്ടുകള്‍ പാടുന്നു.
അവന് പാട്ടുപാടാന്‍ കാതില്‍ തിരുകുന്നതൊന്നും ഇല്ലാത്തതിന്റെ ദേഷ്യമാകാം.
മദ്യത്തിന്റെ മണമുള്ള ഒരാള്‍ പയ്യന് പാടുന്നതിന് അനുസരിച്ച് തലയും കയ്യും കാലുമൊക്കെ ചലിപ്പിച്ചു, നൃത്തം ചെയ്യുന്ന മട്ടില്‍.
”പ്രണയമായി, പാട്ടായി, സ്റ്റണ്ടായി, നൃത്തമായി. ഒരു സിനിമയ്ക്ക് വേണ്ടുന്ന എല്ലാമായി. പക്ഷേ ക്യാമറ മാത്രമില്ലാതായിപ്പോയി”….
എന്ന് ഫ്രഞ്ച് താടി തടവി ജയേട്ടന് പറയുമ്പോള്‍ ഉച്ചത്തില്‍ ചിരിച്ചത് മനോജ് കുമാറാണ്.
ബീഡി വലിച്ച് വലിച്ച് ആയാളുടെ സംസാരത്തിനും ചിരിക്കുമൊക്കെയൊരു ശബ്ദ ഗാംഭീര്യമുണ്ട്.
പാര്‍ട്ടി പത്രം മുഴുവന്‍ ഭക്ഷിച്ച ശേഷമാകും മനോജ് കുമാര്‍ ഈ ഡയലോഗ് ശ്രദ്ധിച്ചതും ചിരിച്ചതും….
കുത്തിയതോട് എത്തിയതും ഞാന്‍ ബസില്‍ നിന്നിറങ്ങി.
ജയേട്ടനെ ചേര്‍ത്തലയിലാക്കിയിട്ട് നടന്ന് വരാമെന്ന് കൃഷ്ണകുമാറും മനോജ് കുമാറും പറഞ്ഞെങ്കിലും ഞാനത് നിരസിച്ചിട്ട് പറഞ്ഞതിങ്ങനെയാണ്.
എനിക്കീ മഴയത്തുടൊരു സിഗരറ്റും വലിച്ച് നടക്കണം
പുകവലിക്കാത്ത ജയേട്ടനും കൃഷ്ണകുമാറിനും ആ അനുഭൂതി മനസ്സിലാവില്ല.
ഞാനീ ബസ് യാത്രക്ക് ശേഷം ജയേട്ടനേയും കൃഷ്ണകുമാറിനേയും മനോജ് കുമാറിനേയും അവരുടെ മൊബൈലില്‍ വിളിച്ചെങ്കിലും മറുപടിയില്ല.
കണ്ടുമുട്ടാനിടയുള്ള സ്ഥലങ്ങളിലൊക്കെ അന്വേഷിച്ചെങ്കിലും അവരെന്നെ കാണാതെ മുങ്ങി നടക്കുകയാണ്.
ഈ സംഭവശേഷം ഞാനൊരുപാട് ബസ്സില്‍ കയറിയെങ്കിലും ആ ബസ്സൊക്കെ ശാന്തമാണ്.
അതുകൊണ്ട് വായനക്കാരെ. നിങ്ങള്ത്തന്നെ ഈ കഥയ്ക്കൊരു ക്ലൈമാക്സ് എഴുതിച്ചേര്ക്കു.
അനുയോജ്യമായ ക്ലൈമാക്സ് അയക്കുന്ന വായനക്കാര്‍ക്ക് സ്വര്‍ണമോ പണമോ ഫഌറ്റോ സമ്മാനമായി നല്‍കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: