നരഭോജിയായ കടുവയെ ഒടുവില്‍ ദൗത്യസേന വെടിവെച്ചുകൊന്നു. അങ്ങനെ രണ്ടുപേരെ കൊല്ലുകയും ദിവസങ്ങളോളം കേരള-തമിഴ്നാട് അതിര്‍ത്തിഗ്രാമങ്ങളെ ഭീതിയിലാഴ്ത്തുകയും ചെയ്ത കടുവ ഓര്‍മ്മയായി. കടുവയുടെ വാസസ്ഥലം കയ്യേറിയെന്ന് അതിന് തോന്നിയതിനാലാണോ, ഇര പിടിക്കാനുള്ള വൈദഗ്ദ്ധ്യം കുറഞ്ഞതിനാലാണോ ഏടാകൂടമുണ്ടായതെന്നതിനെക്കുറിച്ച് അന്വേഷണം നടക്കുന്നു.
അതെന്തോ ആകട്ടെ. മനുഷ്യന് മൃഗം ഭീഷണിയായപ്പോള്‍ ആയുധം കൊണ്ട് അത് തീര്‍ത്തു. ഇനി മനുഷ്യന് മനുഷ്യന് തന്നെ ഭീഷണിയായാല്‍ എന്തു ചെയ്യും. ആളും അര്‍ത്ഥവും നല്കി ആ ബഹുമാനിതനെ ആര്‍പ്പും കുരവയുമായി പീഠത്തിലേക്ക് എഴുന്നള്ളിക്കുമോ? അതോ കാരാഗൃഹത്തില്‍ അടച്ചിടുമോ? അതുമല്ല, മനോരോഗിയുടെ പരിവേഷം നല്കി വീണ്ടും മനുഷ്യജീവനു ഭീഷണി ഉയര്‍ത്താനുള്ള വഴി വെട്ടിത്തുറന്നിടുമോ?
തൃശൂരില്‍ നിസ്സഹായനായ ചന്ദ്രബോസ് എന്ന സെക്യൂരിറ്റിക്കാരനെ വയനാടന്‍ കാട്ടിലെ കടുവയെക്കാള്‍ ഭീകരമായി കടിച്ചുകുടഞ്ഞുവല്ലോ ഒരു യുവവ്യവസായി. പണവും പ്രതാപവും ഒരു മനുഷ്യനെ എമ്മട്ടില്‍ തോന്ന്യവാസി ആക്കുമെന്നതിന് മറ്റ് ഉദാഹരണം തേടി നാം പോകേണ്ടതില്ല. ഹെല്‍മറ്റ് ധരിക്കാതെ പോയ ചെറുപ്പക്കാരെ കാലപുരിക്കയക്കാന്‍ വഴി തുറന്നിട്ട നമ്മുടെ പോലീസുകാരാണ് (പാവം പോലീസല്ല, ഉയര്‍ന്ന ഉദ്യോഗസ്ഥ കാക്കികള്‍) എന്ത് അഹമ്മദിയും ചെയ്യാന്‍ നിസാം എന്ന മനുഷ്യമൃഗത്തിന് ഒത്താശയൊരുക്കിയത്.
16 ഓളം കേസുള്ള ടിയാനെ സൈ്വരവിഹാരം നടത്താന്‍ ബന്ധപ്പെട്ടവര്‍ അകമഴിഞ്ഞ് സഹായിച്ചതിനാലാണ് ഒരു കുടുംബത്തിന്റെ അത്താണി എന്നന്നേക്കുമായി നഷ്ടമായത്. കേസുകൂട്ടങ്ങളുടെ മര്‍മം അറിയുന്ന പ്രഗത്ഭ അഭിഭാഷകനായ പി. എസ്. ശ്രീധരന്‍പിള്ളയുടെ അടുത്തിറങ്ങിയ ഒരു പുസ്തകം ഇത്തരുണത്തില്‍ നമുക്ക് ഒന്ന് ഓര്‍ക്കേണ്ടതുണ്ട്.
നീതി തേടുന്ന കുറ്റവും ശിക്ഷയും എന്ന പുസ്തകമാണത്. 22 അദ്ധ്യായമുള്ള മേപ്പടി പുസ്തകത്തിലെ ഒരധ്യായത്തിന്റെ തലക്കെട്ടാണ് നടേ സൂചിപ്പിച്ചത്. അതിലദ്ദേഹം ഇങ്ങനെ പറയുന്നു: എല്ലാ മനുഷ്യനിലും ഒരു മൃഗം ഉറങ്ങിക്കിടക്കുന്നുണ്ട്. അത് ഉണര്‍ന്നെണീക്കാനും സജീവമാകാനും അനുവദിക്കാതെ സൂക്ഷിക്കുമ്പോഴാണ് സമൂഹം സുരക്ഷിതമാകുന്നത്. ദൗര്‍ഭാഗ്യവശാല്‍ ക്രിമിനോളജിയുടെ അടിസ്ഥാന തത്വങ്ങളും അവ മനുഷ്യമനസ്സുകളെ സ്വാധീനിക്കുന്ന സാഹചര്യങ്ങളും വേണ്ട രീതിയില്‍ പഠിക്കാനോ ഗൗരവമേറിയ വിചിന്തനത്തിന് വിധേയമാക്കാനോ തയ്യാറാവാത്ത സമൂഹമാണ് ഇന്ത്യയിലുള്ളത്. അതുകൊണ്ടാണ് നിസാമുമാര്‍ ഇങ്ങനെ മനുഷ്യര്‍ക്ക് ഭീഷണിയായി വിലസുന്നത്.
പണം വാരിയെറിഞ്ഞ് കേസുകള്‍ പുഷ്പം പോലെ കൈകാര്യം ചെയ്യുന്നത്. മനുഷ്യരെ കൊന്ന കടുവയെ മൃഗത്തിന്റെ വകുപ്പില്‍ പെടുത്തി വെടിവെച്ചുകൊന്നു. മറ്റൊരു മൃഗം മനസ്സില്‍ മുക്കറയിടുന്ന മനുഷ്യനെ എന്തു ചെയ്യും? അയാളെ സംരക്ഷിക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്ന മനുഷ്യമൃഗങ്ങളെ എങ്ങനെ കൈകാര്യം ചെയ്യും?
ഇനി മൃഗത്വവും മനുഷ്യത്വവും എങ്ങനെയിരിക്കും എന്നാണ് ചോദ്യമെങ്കില്‍ അതിനും മറുപടിയുണ്ട്. ചന്ദ്രബോസ് എന്ന പാവം മനുഷ്യനെ ചവിട്ടിക്കൂട്ടിയ കിരാതത്വത്തെ മൃഗത്വം എന്നു പറയാം, എന്നല്ല പറയണം. മനുഷ്യത്വം എങ്ങനെയിരിക്കും? ഇതാ നമുക്ക് വടകരയിലേക്കു പോകാം. ബാങ്കില്‍ നിന്ന് വായ്പയെടുത്ത് ജീവിത പ്രാരബ്ധങ്ങള്‍ മൂലം തിരിച്ചടയ്ക്കാന്‍ കഴിയാതിരുന്ന പാവം കര്‍ഷകനായിരുന്നു വളയം ചുഴലി നമ്പ്യാര്‍കുന്നുമ്മല്‍ കുമാരന്. കനറബാങ്കിന്റെ പാറക്കടവ് ശാഖയില്‍ നിന്നാണ് കാല് ലക്ഷം രൂപ വായ്പയെടുത്തത്. 31,210 രൂപ തിരിച്ചടയ്ക്കാനുണ്ടായിരുന്നു. ഒടുവില്‍ ജപ്തി നടപടിയുടെ അവസാന ഘട്ടത്തില്‍ കേസ് ലീഗല്‍ സര്‍വീസസ് അതോറിറ്റി നടത്തിയ നാഷണല്‍ ലോക് അദാലത്തിലെത്തി.
കുമാരന്റെ ദയനീയാവസ്ഥ കണ്ട മുന്‍സിഫ് ബാങ്ക് അധികൃതരുമായി സംസാരിച്ചു. തുക 15,000 ആയി കുറച്ചു. ആ വിവരം അറിഞ്ഞിട്ടും കുമാരന്റെ വിങ്ങിപ്പൊട്ടിയ മുഖത്തിന് മാറ്റമില്ല. നിറഞ്ഞ കണ്ണുമായി നില്ക്കുന്ന അയാളോട് മുന്‍സിഫ് അരവിന്ദ് ബി. എടയോടി കാര്യം തിരക്കി. ചില്ലിക്കാശിന് ഗതിയില്ലാത്ത താന്‍ എന്താണ് ചെയ്യുകയെന്നായി കുമാരന്. ഭാരതത്തിന്റെ ജീവന് ഗ്രാമങ്ങളിലാണ് തുടിക്കുന്നതെന്നും അത് ശക്തിപ്പെടുത്തിയാലേ രാജ്യം മുന്നേറുകയുള്ളൂവെന്ന ഗാന്ധിജിയുടെ മൗനമന്ത്രണം മുന്‍സിഫിന്റെ ഹൃദയത്തെ തെന്നലായി തഴുകിത്തലോടി. പിന്നീടൊന്നുമാലോചിക്കാതെ തന്റെ സ്വന്തം അക്കൗണ്ടില്‍ നിന്ന് അത്രയും പണം അരവിന്ദ് ബാങ്കധികൃതര്‍ക്ക് നല്കി. മനുഷ്യത്വത്തിന്റെ ഉദാത്തമായ ആ മാതൃകയെ എങ്ങനെയാണ് പുകഴ്ത്തേണ്ടത്. ആ മുന്‍സിഫിന് കാലികവട്ടത്തിന്റെ ഹൃദയം നിറഞ്ഞ നമസ്കാരം. ഇവിടെ വാസ്തവത്തില്‍ കുറ്റവും ശിക്ഷയും നീതി നടത്തുകയായിരുന്നില്ലേ?
നീതിന്യായരംഗത്തെ ആ രജതരേഖയ്ക്ക് കൂടുതല്‍ പ്രകാശം നല്കുന്നു മലയാള മനോരമ. അവരുടെ ഫെബ്രു 19 ലെ മുഖപ്രസംഗത്തിന്റെ പ്രധാന തലക്കെട്ട് ഇങ്ങനെ: സ്നേഹമുള്ള ഒരു നീതികഥ. ഇടത്തലക്കെട്ട്: വടകരയിലെ ന്യായാധിപന് കാണിച്ചുതരുന്ന മാതൃക. അപൂര്‍വമായ ഒരു സംഗതി കൂടി ഇതില്‍ കാണാം. മുഖപ്രസംഗത്തിനുള്ളില്‍ അരവിന്ദ് ബി. എടയോടിയുടെ ഫോട്ടോയും ഉള്‍പ്പെടുത്തിയിരിക്കുന്നു. നീതിന്യായ മേഖലയിലെ സകലയാളുകള്‍ക്കും അഭിമാനകരമായ സംഭവമാണിത്. ഇനി മുഖപ്രസംഗത്തിലേക്ക്: ഒരു അദാലത്തില്‍ മാത്രമോ കോടതികളില്‍ മാത്രമോ ഒതുങ്ങിനില്‍ക്കേണ്ട സന്ദേശമല്ല ഈ സ്നേഹകഥയിലുള്ളത്.
കൂമ്പാരമായിട്ടിരിക്കുന്ന ഫയലുകളുടെ ഓരോ ചുവപ്പുനാടയ്ക്കുള്ളിലും ഒരുജീവിതം മിടിക്കുന്നുണ്ട് എന്ന് എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും തിരിച്ചറിഞ്ഞു നടപടി എടുക്കുമ്പോഴും തിരക്കിനിടയില്‍ സമൂഹം കാണാതെ പോകുന്ന നിരാലംബ ജീവിതങ്ങള്‍ക്കായി നാം ഒരു കരുതല്‍ കൈത്താങ്ങ് എടുത്തു വയ്ക്കുമ്പോഴുമൊക്കെ ഇതേ സന്ദേശം തന്നെയാണ് പ്രകാശിക്കുന്നത്. അത്തരം പ്രകാശം പരത്തുന്ന മനസ്സുകളുടെ പ്രവര്‍ത്തനത്തെയാണ് മനുഷ്യത്വം എന്നു വിശേഷിപ്പിക്കുന്നതും. അധികനാള്‍ മുമ്പല്ല, വടകരക്കടുത്ത നാദാപുരം പോലീസ് സ്റ്റേഷനിലെ എസ്ഐ ബിജു കേസന്വേഷണത്തിനിടെ നിസ്സഹായമായ ഒരു കുടുംബത്തിന് കൈത്താങ്ങായി നിന്നത്. അനുതാപം, ആര്‍ദ്രത, സ്നേഹം, സാന്ത്വനം എന്നിവയൊക്കെ കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ നിന്നോ മറ്റോ പഠിച്ചെടുക്കാനാവില്ല. അത് ഉറവപോലെ കരളില്‍ നിന്ന് ഊറിയൂറിവരണം.
മനുഷ്യനെ മനസ്സിലാക്കുന്ന ഉദ്യോഗസ്ഥരും അത്തരം ഉദ്യോഗസ്ഥര്‍ക്ക് പ്രോത്സാഹനം നല്കുന്ന ഭരണകൂടവും ഉണ്ടാവുമ്പോഴാണ് നമ്മുടെ ജനാധിപത്യം പുഷ്കലമാവുന്നത്. ഇത്തരം സംഭവങ്ങളും അവയ്ക്കു കിട്ടുന്ന പ്രചാരണവും അതിന് സഹായിക്കുമെന്നു തന്നെയാണ് മനുഷ്യത്വമുള്ള ആരും പറയുക.
ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ് മലയാളം വാരിക (ഫെബ്രു.20) യിലെ ഓമനയ്ക്കും അയ്യപ്പനും ഒടുവില്‍ നീതി കിട്ടി എന്ന പി. എസ്. റംഷാദിന്റെ ലേഖനം. സ്വച്ഛസുന്ദരമായി ജീവിച്ചുപോന്ന ഒരു കുടുംബത്തെ പിച്ചിച്ചീന്തിയ ഔദ്യോഗിക സംവിധാനത്തിലെ സീനിയര്‍ പോലീസ് ഓഫീസര്‍ മണിരാജ്, പെന്ഷന് പറ്റിയവരായ ഡിവൈഎസ്പി രാജഗോപാല്‍, എസ്ഐ ബേബി, എഎസ്ഐ ഷെറഫുദ്ദീന് എന്നിവര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തുകൊണ്ടുള്ള ഉത്തരവുവന്നു. ഇതു സംബന്ധിച്ച് നേരത്തെ മലയാളം വാരിക ദീര്‍ഘലേഖനം പ്രസിദ്ധീകരിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം വന്ന അതിന്റെ തലക്കെട്ട് ഇങ്ങനെ: അയ്യപ്പനും ഓമനയ്ക്കും നീതികിട്ടും; എപ്പോള്‍ എന്നു ചോദിക്കരുത്. വൈകി എത്തുന്ന നീതി നിഷേധിക്കപ്പെട്ട നീതിയാണെങ്കിലും ആറടി മണ്ണിലേക്കെന്റെ ശരീരത്തെ ഇറക്കിവെക്കുന്നതിന് മുമ്പ് കിട്ടിയല്ലോ എന്നെങ്കിലും സമാധാനിക്കാം. തൃശൂരിലെ നിസാമിനെ പോറ്റിവളര്‍ത്തുന്ന, ഒറ്റക്കയ്യന്‍ ഗോവിന്ദച്ചാമിയെ സംരക്ഷിക്കുന്ന നിലപാടും ജനാധിപത്യത്തിന്റെ പുഷ്കല കാലത്തെ അപഭ്രംശങ്ങളാണെന്ന് സ്വയംപറഞ്ഞുകൊണ്ടേയിരിക്കുക.വരും വരാതിരിക്കുമോ വസന്തം എന്നല്ലേ?
നമിക്കണം, കമലരാമന്റെ ആഴ്ചപ്പതിപ്പിനുമുമ്പില്‍. പത്തുവര്‍ഷത്തിനിടെ നല്ലൊരു വിഭവം ഇത്തവണ. പയ്യോളി എക്സ്പ്രസ് എന്ന നമ്മുടെ പ്രിയങ്കരിയായ പി.ടി. ഉഷയെക്കുറിച്ച്, ഉഷയുടെ വാക്കുകളിലൂടെയൊരു യാത്ര. ഫെബ്രു. 28ന്റെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍, കളിയെഴുത്തില്‍ കമാല്‍ വരദൂരിനടുത്തു വരില്ലെങ്കിലും കെ. വിശ്വനാഥിന്റെ എഴുത്തില്‍ ഒരു കളിത്താളമുണ്ട്. പി.ടി. ഉഷയുമായി വിശ്വനാഥ് സംസാരിക്കുന്നത് 14 പേജില്‍ നിറഞ്ഞു കിടക്കുന്നു.
ഒരു അത്ലറ്റാവാന്‍ വേണ്ടി മാത്രം ജനിച്ചതാണ് ഞാനെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അത്ലറ്റിക്സില് നിന്ന് വേറിട്ടൊരു ജീവിതമെനിക്കില്ല. പല തവണ അവസാനിപ്പിക്കാന്‍ തോന്നിയിടത്തു നിന്ന് ഞാന്‍ തിരിച്ചുവന്നിട്ടുണ്ട്. ആ തിരിച്ചുവരവില്‍ കണ്ണീരിന്റെ നനവുണ്ട്, സ്നേഹത്തിന്റെ ഇളം തെന്നലുണ്ട്, കരിമ്പാറയുടെ കരളുറപ്പുണ്ട്. ഒപ്പം അഭിമാനത്തിന്റെ സൂര്യതേജസ്സും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: