ജന്മഭൂമിയുടെ 40-ാം വര്‍ഷം പ്രമാണിച്ച് വിവിധ പരിപാടികളോടെയുള്ള ആഘോഷങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനുള്ള ഒരു സമിതി രൂപീകരിച്ചതായി വാര്‍ത്ത കണ്ടിരുന്നു. കേരളത്തിലെ പത്ര, മാധ്യമ, സാഹിത്യ സാംസ്കാരികരംഗങ്ങളിലെ പ്രഗത്ഭ വ്യക്തിത്വങ്ങളും ആത്മീയ നേതാക്കളും അതില്‍ സഹകരിക്കുന്നതായും വായിച്ചു. മറ്റു വൃത്താന്ത പത്രങ്ങള്‍ക്കില്ലാത്ത ഒരു സവിശേഷദൗത്യവുമായാണല്ലൊ ജന്മഭൂമി പിറന്നത്. ഈ നാലുപതിറ്റാണ്ടുകള്ക്കിടയ്ക്ക് അതിന് അന്യാദൃശമായ സ്ഥാനം പത്രലോകത്തു പിടിച്ചുപറ്റാന്‍ കഴിഞ്ഞിട്ടുണ്ട്. ആറുപതിപ്പുകളും ഇന്റര്‍നെറ്റ് പതിപ്പുമായി ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന മാധ്യമമായി അതറിയപ്പെടുന്നു. ആയിരക്കണക്കിന് അഭ്യുദയകാംക്ഷികളുടേയും ദേശീയ വികാരം നിറഞ്ഞുതുളുമ്പിയ പ്രവര്‍ത്തകരുടേയും ആത്മാര്‍ത്ഥമായ പ്രയത്നമാണ് ജന്മഭൂമിയുടെ ഇന്നത്തെ നിലയ്ക്കു അടിസ്ഥാനമായുള്ളത് എന്നുപറയാതെ വയ്യ.
ജന്മഭൂമിയുടെ ഉടമസ്ഥരായ മാതൃകാപ്രചരണാലയത്തിന്റെ രൂപീകരണം മുതല്‍ അതിന്റെ പ്രവര്‍ത്തനത്തില്‍ പങ്കാളിയെന്ന നിലയ്ക്ക് അവിസ്മരണീയരായ ചിലരുടെ കാര്യങ്ങള്‍ സൂചിപ്പിക്കാനാണ് ഈ പ്രകരണത്തില്‍ ഉദ്ദേശിക്കുന്നത്. നാല്‍പ്പതുവര്‍ഷം മുമ്പത്തെ ആ ഉദ്യമികളില്‍ ആരുംതന്നെ ഇന്നും ജീവിച്ചിരിക്കുന്നില്ല. കമ്പനിയുടെ ചീഫ് പ്രമോട്ടര്‍ ആയിരുന്ന യു.ദത്താത്രയ റാവു കഴിഞ്ഞവര്‍ഷം അന്തരിച്ചു.
ജന്മഭൂമിയുടെ വളര്‍ച്ചയില്‍ പ്രധാനമായ മൂന്നുഘട്ടങ്ങളാണുള്ളത്. ആദ്യത്തെ ഘട്ടത്തില്‍ അതൊരു സായാഹ്ന പത്രമായിരുന്നു. ഏതു വലിയ പ്രയാണവും ആരംഭിക്കുന്നത് ആദ്യത്തെ കാല്‍വെപ്പിലാണ് എന്നാണല്ലൊ ചൊല്ല്. 1975 ഏപ്രില്‍ 28 ന് കോഴിക്കോട്ടാണ് അത് അച്ചടിമഷി പുരണ്ട കടലാസായി ആരംഭിച്ചത്. അന്ന് അതിന്റെ ചുമതലക്കാരായി വന്നവരുടെ മുഖങ്ങള്‍ എത്രമാത്രം ദീപ്തമായിരുന്നുവെന്നത് മറക്കാനാവില്ല. മൂന്നുപതിറ്റാണ്ടിലേറെക്കാലം കണ്ണൂരില്‍ ‘പത്രാധിപര്‍’ എന്നറിയപ്പെട്ടിരുന്ന ഒരേ ഒരാളായ പി.വി.കെ.നെടുങ്ങാടി കോഴിക്കോട്ട് വന്നു താമസിച്ചുകൊണ്ടാണ് പത്രം നടത്തിയത്. കോളേജ് വിദ്യാഭ്യാസം കഴിഞ്ഞുവന്ന കക്കട്ടില്‍ രാമചന്ദ്രന്, നെടുങ്ങാടിയുടെ സഹായത്തിനു വന്നു. കോഴിക്കോട്ടെ പൊതുസേവന രംഗങ്ങളില്‍ നിറസാന്നിദ്ധ്യവും ജനസംഘത്തിന്റെ സജീവപ്രവര്‍ത്തകനുമായിരുന്ന പി.ടി.ഉണ്ണിമാധവന്, ഓഫീസ് കാര്യങ്ങള്‍ നോക്കാന്‍ പുത്തൂര്‍ മഠം ചന്ദ്രന് എന്നിവര്‍ ആ സായാഹ്നപ്പതിപ്പു നടത്തി. കടലുണ്ടിക്കാരന്‍ നളരാജനും കണ്ണഞ്ചേരി(?)ക്കാരന് സുകുമാരനും എന്തുകാര്യം ഏല്‍പ്പിച്ചാലും ചെയ്യാനായി രംഗത്തുവന്നു. ഒന്നാം ഘട്ടം അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന്റെ ഒരാഴ്ചയോടെ അവസാനിച്ചു. നെടുങ്ങാടിയും രാമചന്ദ്രനും അവരുടെ താമസസ്ഥലത്തുനിന്നും അറസ്റ്റ് ചെയ്യപ്പെട്ടു. എന്തുകൊണ്ടോ അവരെ രണ്ടുമൂന്നു ദിവസങ്ങള്‍ക്കുശേഷം അധികൃതര്‍ വിട്ടയക്കുകയാണ് ചെയ്തത്.
ജന്മഭൂമിയുടെ രണ്ടാംഘട്ടം അടിയന്തരാവസ്ഥ അവസാനിച്ച് 1977 നവംബറില്‍ ആരംഭിക്കുന്നു. പ്രസിദ്ധീകരണ സ്ഥലം മാറി. പത്രം എറണാകുളത്തേക്ക് ആസ്ഥാനം മാറി. സായാഹ്ന പത്രമെന്ന സ്ഥിതിയില്‍നിന്നു പ്രഭാതപ്പതിപ്പായി ഉയര്‍ന്നു. അടിയന്തരാവസ്ഥക്കെതിരെ സമരം ചെയ്ത ജനസംഘര്‍ഷ സമിതിയുടെ സംസ്ഥാനാധ്യക്ഷന്‍, ആജന്മ ഗാന്ധിയനുമായ പ്രൊഫ.എം.പി.മന്മഥന് മുഖ്യപത്രാധിപരായി. എറണാകുളം നോര്‍ത്ത് ഓവര്‍ ബ്രിഡ്ജിനു തെക്കുവശത്ത് ഒരു പഴയ കെട്ടിടത്തിലായിരുന്നു പ്രാരംഭം. ദീപ്തി പ്രിന്റേഴ്സ് എന്ന അച്ചടിശാല അവിടെ ഒരു നൂറ്റാണ്ടു പഴക്കമുള്ള അച്ചടിയന്ത്രം സ്ഥാപിച്ചു.
രാജ്യത്തെ ഏറ്റവും പ്രമുഖപത്രമായ ഇന്ത്യന്‍ എക്സ്പ്രസിലെ മുതിര്‍ന്ന ജേര്‍ണലിസ്റ്റ് മഞ്ചനാമഠം ബാലഗോപാല്‍, കുമ്മനം രാജശേഖരന് എന്നിവരാണ് പുതിയതായി ന്യൂസ് ഡെസ്കിലേക്കു വന്നവരെ നയിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തത്. പുത്തൂര്‍ മഠം ചന്ദ്രനും നളരാജനും കോഴിക്കോട്ടുനിന്നും വന്നു. പയ്യന്നൂര്‍ നിന്നും വന്ന എ.മാധവന്, മന്മഥന് സാറിന്റെ ശിഷ്യന് കണ്ണന് ഗോപാലന്, പ്രകാശ് ഇടവട്ടം തുടങ്ങിയ ഏതാനുംപേര്‍ ആ ഘട്ടത്തില്‍ കഠിനമായ പരിതസ്ഥിതികളെ സഹിച്ചുകൊണ്ട് പ്രവര്‍ത്തിച്ചിരുന്നു.
ജേര്‍ണലിസ്റ്റുകളും അല്ലാത്തവരുമായ ധാരാളം പേര് അന്ന് ജന്മഭൂമിയില് സേവനമനുഷ്ഠിച്ചവരായുണ്ട്. അവരില്‍ പലരും പിന്നീട് വിവിധരംഗങ്ങളില്‍ ഉന്നതസ്ഥാനങ്ങളിലെത്തി. പുത്തൂര്‍മഠം ചന്ദ്രന് പബ്ലിക് റിലേഷന്‍സ് വകുപ്പിലും പ്രകാശ് ഇടവട്ടം വില്‍പ്പന നികുതി വകുപ്പിലും പ്രവേശിച്ചു. നളരാജന് ഏതാനും നാളുകള്‍ക്കുശേഷം നാട്ടിലേക്കു മടങ്ങി. റെയില്‍വേയിലെ ചില കരാര്‍ ജോലികള്‍ക്കു സഹായിയായിരിക്കെ കാസര്‍കോടിനു സമീപം തീവണ്ടി അപകടത്തില്‍ മരിച്ചു. കാല് നൂറ്റാണ്ടിലേറെക്കാലത്തെ കയ്യും മെയ്യും മറന്നുള്ള പൊതുപ്രവര്‍ത്തനത്തിന്റെ ഉടമയായിരുന്നു നളരാജന്. ജാതി, മത, പ്രത്യയശാസ്ത്ര ചിന്തകള്‍ക്കപ്പുറത്തു ഇത്രയേറെ സമ്പര്‍ക്കവും ആത്മീയതയും പുലര്‍ത്തിയ പ്രവര്‍ത്തകരെ കാണാന്‍ പ്രയാസമാണ്. ഒരു കാര്യം ആവശ്യപ്പെട്ടാല്‍ അതു സാധിച്ചുകൊണ്ടുവരാനുള്ള സാമര്‍ത്ഥ്യം അതിവിശിഷ്ടമായിരുന്നു.
പി.ടി.ഉണ്ണി മാധവന് ജനസംഘകാലത്തെ സഹപ്രവര്‍ത്തകനായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിനു സമീപം പൗരസമിതിയുണ്ടാക്കി രോഗികള്‍ക്കും കൂടെയുള്ളവര്‍ക്കും വേണ്ട സൗകര്യങ്ങള്‍ ചെയ്തുകൊടുത്താണ് പൊതുരംഗത്തുവന്നത്. ജന്മഭൂമിയുടെ കോഴിക്കോട് ലേഖകനായി. ജന്മഭൂമിയില് കേരള സര്‍ക്കാര്‍ അക്രഡിറ്റേഷന് ലഭിച്ച ആദ്യത്തെ ജീവനക്കാരില്‍ അദ്ദേഹം പെടും. ക്രമേണ കോഴിക്കോട്ടെ മുതിര്‍ന്ന പത്രക്കാരില്‍ ഒരാളായി ആദരിക്കപ്പെട്ടു. വിരമിച്ചശേഷം നാട്ടില്‍ വിശ്രമിക്കുന്നു.
എറണാകുളത്ത് ജന്മഭൂമി പ്രസിദ്ധീകരണമാരംഭിക്കുന്നതിനുമുമ്പ് പ്രാന്തപ്രചാരകനായിരുന്ന ഭാസ്കര്‍ റാവുജിയെ കാണുകയും പത്രത്തില്‍ ജോലിക്കായി ആരെയെങ്കിലും അദ്ദേഹത്തിനു നിര്‍ദ്ദേശിക്കാനുണ്ടോ എന്നാരായുകയും ചെയ്തിരുന്നു. പത്രപ്രവര്‍ത്തനം വിശേഷാല്‍ സാമര്‍ത്ഥ്യവും പരിശീലനവും ആവശ്യമുള്ള തൊഴിലാണെന്നും അതിനുപറ്റിയ ആളെ നിങ്ങള്‍തന്നെ കണ്ടെത്തണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദ്ദേശം. താല്‍പ്പര്യമുള്ളവരോട് അപേക്ഷ അയക്കാന്‍ ഉപദേശിക്കാമെന്നും പറഞ്ഞു. അതേസമയം രണ്ടു ചെറുപ്പക്കാര്‍ക്ക് അവിടെ ചുമതല നല്കിയാല് നന്നായിരിക്കുമെന്നദ്ദേഹം പറഞ്ഞു. ഇരുവരുടേയും ജ്യേഷ്ഠന്മാര് അപമൃത്യുവില്പെട്ടവരായിരുന്നു. ഒരാള്‍ സുകുമാരന്‍. പോണേക്കരക്കാരന്. ജ്യേഷ്ഠന് ബോംബെയില്‍ റെയിലപകടത്തില് മരിച്ച് അധികം സമയമായിരുന്നില്ല. ജന്മഭൂമി പ്രസിദ്ധീകരണമാരംഭിക്കുന്നതിനുമുമ്പുതന്നെ അദ്ദേഹമെത്തി. ഓഫീസിലെ സഹായിയായിട്ടാണ് എടുത്തത്. ഏതാനും മാസങ്ങള്‍ക്കുമുമ്പ് അദ്ദേഹം ജന്മഭൂമിയില്‍നിന്നു വിരമിച്ചതിന്റെ ചടങ്ങു നടന്ന ദിവസം ഫോണില്‍ വിളിച്ച് വിവരം അറിയിച്ചു.
1980 ല്‍ ആലുവയ്ക്കടുത്ത് കടുങ്ങല്ലൂരില്‍ മാര്‍ക്സിസ്റ്റുകാരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന രാജഗോപാലന്റെ അനുജന് സജീവനാണ് ഭാസ്കര്‍ റാവുജി നിര്‍ദ്ദേശിച്ച രണ്ടാമന്. അദ്ദേഹം ജന്മഭൂമിയുടെ ഓഫീസില്‍ പ്രവേശിച്ചു. ജന്മഭൂമിയുടെ എല്ലാ വല്ലായ്മകളിലും പങ്കുചേര്‍ന്ന് അദ്ദേഹം അവിടെയുണ്ടെന്നറിയുന്നു.
തുടക്കത്തില്‍ത്തന്നെ ഇടുക്കി ജില്ലയില്‍ ലേഖകനായി ചേര്‍ന്ന പൂവത്തിങ്കല്‍ ബാലചന്ദ്രന് അങ്ങേയറ്റത്തെ ഊര്‍ജസ്വലനായ പത്രപ്രവര്‍ത്തകനെന്ന് പേരെടുത്തു. വാര്‍ത്തകളുടെ ഉറവിടം കണ്ടെത്താനും പ്രശ്നങ്ങളുടെ മര്‍മം മനസ്സിലാക്കി ചൂഴ്ന്ന റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കാനും കഴിവുള്ള അദ്ദേഹം ഈയിടെയാണ് വിരമിച്ചത്. ജന്മഭൂമിയുടെ ആരംഭം മുതല്‍ ആദ്യം ലേഖകനായും പിന്നെ മാനേജരായും പ്രവര്‍ത്തിച്ച പി.സുന്ദരത്തിന്റെ അതിസമര്‍ത്ഥമായ പരിശ്രമംകൊണ്ടാണ് അയോധ്യാ പ്രിന്റേഴ്സും എളമക്കരയിലെ സ്ഥലവും കെട്ടിടവും നിര്‍മിക്കാനായത്.
1977 മുതല്‍ കണ്ണൂരില്‍ ജന്മഭൂമിയുടെ ലേഖകനായി പ്രാരംഭം കുറിച്ച കെ.കുഞ്ഞിക്കണ്ണനെ പരാമര്ശിക്കാതിരിക്കുന്നത് ശരിയല്ല. ഇന്നു തലസ്ഥാനത്തെ ഏറ്റവും ആദരിക്കപ്പെട്ട പത്രപ്രവര്‍ത്തകരില്‍ പ്രമുഖനാണദ്ദേഹം. കാല്‍നൂറ്റാണ്ടു തുടര്‍ച്ചയായി നിയമസഭാ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്തതിന് സംസ്ഥാന സര്‍ക്കാരിന്റെ ആദരവും അദ്ദേഹത്തിന് ലഭിച്ചു. ജന്മഭൂമിയുടെ തുടക്കം മുതല്‍ ഓഫീസ് ജോലികള്‍ ചെയ്തിരുന്ന രാജശേഖരന് മനോഹരമായ കയ്പ്പടയുള്ള ആളാണ്. അദ്ദേഹം രണ്ടുദശകങ്ങള്‍ക്ക് മുമ്പ് സന്ന്യാസം സ്വീകരിച്ച് അനഘാമൃത ചൈതന്യ എന്ന പേരില്‍ അമൃതാനന്ദമയി മഠത്തിന്റെ പരമ്പരയില്‍ ഉണ്ട്. ടൈപ്പിസ്റ്റായി പ്രവര്‍ത്തിച്ചിരുന്ന ചന്ദ്രിക പിന്നീട് ജസ്റ്റിസ് കൃഷ്ണയ്യരുടെ സ്റ്റെനോ ആയി ആദ്ദേഹത്തിന്റെ അവസാനംവരെ സേവനം നടത്തി. കൃഷ്ണയ്യരുടെ ഐതിഹാസികമായ നിയമപരിഷ്ക്കരണ കമ്മീഷന് റിപ്പോര്‍ട്ടും മറ്റും തയ്യാറാക്കിയതിനു സഹായിയായി പ്രവര്‍ത്തിച്ചു.
40-ാം വാര്ഷികമാഘോഷിക്കുന്നുവെന്ന വിവരമറിഞ്ഞപ്പോള്‍ എന്റെ ജന്മഭൂമിക്കാലഘട്ടത്തില് അടുത്ത സഹപ്രവര്‍ത്തകരായി പെട്ടെന്ന് മനസ്സില്‍ തെളിഞ്ഞ ചിലരുടെ ഓര്‍മകള്‍ കുറിക്കുകയാണിവിടെ. പ്രസ്സിലെ എം.എസ്.ശിവാനന്ദജിയെപ്പോലുള്ളവര് ഇനിയും എത്രയോ ബാക്കിനില്ക്കുന്നു.
1985 ഫെബ്രുവരി മുതല്‍ ഒരു വര്‍ഷത്തിലേറെക്കാലം ജന്മഭൂമി പ്രസിദ്ധീകരണം നിര്‍ത്തിവെക്കേണ്ടിവന്നു. മുഖ്യകാരണം സാമ്പത്തികം തന്നെ. ആ ഇടക്കാലത്താണ് എളമക്കരയിലെ സ്ഥലവും കെട്ടിടവും സജ്ജീകരണങ്ങളും അയോധ്യാ അച്ചുകൂടവും ഉയര്‍ന്നത്. അതില്‍ പി.സുന്ദരത്തിന്റെ പ്രയത്നവും വിയര്‍പ്പും സാമര്‍ത്ഥ്യവും വഹിച്ച പങ്ക് അന്യാദൃശമായിരുന്നു. മന്മഥന് സാര്‍ വിശേഷിപ്പിച്ചതുപോലെ പത്രാധിപ ഭീമനായിരുന്ന വി.എം.കൊറാത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച മൂന്നാംഘട്ടം ആദ്യവര്‍ഷങ്ങളിലെ ഒട്ടേറെ പരാധീനതകളെ മറികടന്നുകൊണ്ട് വികാസത്തിലേക്കു മുന്നേറി. തുടക്കം മുതല്‍ ജന്മഭൂമിക്കു വളമിട്ടു വളര്‍ത്തിയ കെ.ജി.വാധ്യാര്, ടി.എം.വി.ഷേണായി എന്നിവരും സര്‍വോപരി ഹിന്ദുത്വാദര്ശത്തെ പരിപോഷിപ്പിക്കാനായി ദിനപത്രം ആരംഭിക്കണമെന്ന ആശയം മുന്നോട്ടുവെച്ച, അതിനായി പരിശ്രമിച്ച കെ.രാമന് പിള്ളയും അവിസ്മരണീയരാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: