ആലുവ: പൂര്ണ്ണാനദീതീരത്തെ മണല്‍ത്തരികള്‍പോലും ശിവപഞ്ചാക്ഷരി ഏറ്റുചൊല്ലി… ശിവരാത്രിക്ക് ഉറക്കമൊഴിച്ച്, മണ്മറഞ്ഞ പിതൃക്കളുടെ ഓര്‍മ്മയ്ക്കായി ബലിതര്‍പ്പണം നടത്താന്‍ ഇന്നലെ ജനലക്ഷങ്ങള്‍ ആലുവ മണപ്പുറത്ത് ഒഴുകിയെത്തി. ഭക്തര്‍ നാക്കിലയില്‍ അരിയും എള്ളും പൂവും ചേര്‍ത്ത് പൂര്‍വ്വികരെ ഓര്‍ത്ത് ബലിയര്‍പ്പിച്ച് പെരിയാറില്‍ മുങ്ങിനിവര്‍ന്നു. പിതൃതര്‍പ്പണം നടത്താന്‍ എത്തിയ ഭക്തര്‍ക്കായി വിപുലമായ സൗകര്യങ്ങളാണ് മണപ്പുറത്ത് ഒരുക്കിയിരുന്നത്. മുന്നൂറോളം ബലിത്തറകള്‍ ഒരുക്കിയിരുന്നു. മുന്നൂറ്റിയന്‍പതോളം പുരോഹിതന്മാരും ചടങ്ങുകള്‍ക്ക് നേതൃത്വംനല്കാന് എത്തിയിരുന്നു.
മണപ്പുറം ശിവക്ഷേത്രത്തില്‍ രാത്രി 12 മണിക്കുള്ള ശിവരാത്രിവിളക്കിന് ശേഷമാണ് ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിച്ചത്. തന്ത്രി ചേന്നാസ് മനയ്ക്കല്‍ പരമേശ്വരന് നമ്പൂതിരിപ്പാട്, മേല്‍ശാന്തി മുല്ലപ്പിള്ളി മനയ്ക്കല്‍ സുബ്രഹ്മണ്യന് നമ്പൂതിരിപ്പാട് എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വംനല്കി.
ഭക്തരുടെ സുരക്ഷയ്ക്കായി പെരിയാറിന്റെ തീരത്ത് മുങ്ങല്‍വിദഗ്ധരും ലൈഫ്ബോട്ടുകളും ഉണ്ടായിരുന്നു. ശിവരാത്രിയോടനുബന്ധിച്ച് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ആലുവ പാലസിനുസമീപമുള്ള കൊട്ടാരക്കടവില്‍നിന്ന് മണപ്പുറത്തേക്ക് പോകുന്നതിന് താല്‍ക്കാലിക പാലം നിര്‍മ്മിച്ചിരുന്നു. വിപുലമായ സുരക്ഷാക്രമീകരണങ്ങളും സംവിധാനങ്ങളും പോലീസ് ഏര്‍പ്പെടുത്തിയിരുന്നു. സേവാഭാരതിയുടെ നേതൃത്വത്തില്‍ സേവനപ്രവര്‍ത്തനങ്ങള്‍ നടത്തി.
ഭക്തര്‍ക്ക് സമയാസമയങ്ങളില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കാനായി ഉച്ചഭാഷിണി സംവിധാനങ്ങള്‍ മണപ്പുറത്ത് സേവഭാരതി ഒരുക്കിയിരുന്നു. പോക്കറ്റടിക്കാരെയും പിടിച്ചുപറിക്കാരെയും മറ്റും നിരീക്ഷിക്കാനായി മഫ്തി പോലീസുള്‍പ്പെടെ പ്രത്യേക സ്ക്വാഡ് ഉണ്ടായിരുന്നു. വിവിധ സ്ഥലങ്ങളില്‍ നിരീക്ഷണക്യാമറകളും സ്ഥാപിച്ചിരുന്നു. ആവശ്യത്തിനുള്ള ആംബുലന്‍സ് സര്‍വ്വീസും മെഡിക്കല്‍ ഓഫീസേഴ്സിന്റെ നേതൃത്വത്തില്‍ മണപ്പുറത്ത് പ്രവര്‍ത്തിച്ചിരുന്നു.
കുടിവെള്ള വിതരണത്തിനും വിപുലമായ സംവിധാനങ്ങളുണ്ടായിരുന്നു. രാത്രിയില്‍ മണപ്പുറത്തുള്ള ഭക്തര്‍ക്ക് സൗജന്യ ഭക്ഷണവും ഉണ്ടായി. താല്‍ക്കാലിക മുനിസിപ്പല്‍ ഓഫീസ്, പോലീസ് സ്റ്റേഷന്, ഫയര്സ്റ്റേഷന്, കെഎസ്ഇബി ഓഫീസ് തുടങ്ങിയവ മണപ്പുറത്തുണ്ട്. ആലുവ നഗരസഭയുടെ നേതൃത്വത്തില്‍ ഇക്കൊല്ലവും ഒരാഴ്ചത്തെ സാംസ്ക്കാരിക പരിപാടികളും ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: