ചേര്‍ത്തല: കാറില്‍ ബസ് ഉരസിയത് സംബന്ധിച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കാറിലും ബൈക്കിലുമായി ബസിനെ പിന്തുടര്ന്ന് നടത്തിയ ആക്രമണത്തില്‍ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ മരിച്ച കേസില്‍ കാറിന്റെ ഡ്രൈവറും സുഹൃത്തുക്കളും ഉള്‍പ്പെടെ ഒന്പതുപേര് പോലീസ് മുമ്പാകെ കീഴടങ്ങി.
മരുത്തോര്‍വട്ടം സ്വദേശികളായ കാര്‍ ഡ്രൈവര്‍ വല്യാറചിറയില്‍ (അരുണ്‍ നിവാസ്) ആര്. അരുണ്‍ (21), സുഹൃത്തുക്കളായ മറ്റത്തില്‍ എസ്. വിനീഷ് (രഞ്ജിത്-25), വല്യാറയില്‍ എം. മനു (25), കളത്തില്‍ എം. അഖില്‍ (24), ഐക്കരശേരി വെളിയില്‍ എന്‍. ബിനീഷ് (19), ആര്. ഗിരീഷ് (19), കണ്ണംവെളി വീട്ടില്‍ ബി. ബിനീഷ് (22), തൊടിയത്തറവെളി ബി. വിപിന്‍ (19), ബാലു നിവാസില്‍ പി. ബാലു (24) എന്നിവരാണ് മാരാരിക്കുളം പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്.
സാക്ഷികള്‍ ഇവരെ തിരിച്ചറിയുകയും കാറും ബൈക്കുകളും കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി. ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ കൊല്ലം പടിഞ്ഞാറേ കല്ലട കാരാളിമുക്ക് സന്തോഷ് ഭവനത്തില്‍ മുരളീധരന് പിള്ള (64)യാണ് ആക്രമണത്തിനിടെ മരിച്ചത്. മൈനാഗപ്പള്ളിയിലെ സ്കൂളിലെ കുട്ടികളുമായി എറണാകുളത്ത് വിനോദയാത്ര പോയി മടങ്ങവേ കഴിഞ്ഞ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. വൈറ്റിലയ്ക്ക് സമീപം അരുണിന്റെ കാറില്‍ ബസ് ഉരസുകയും തര്‍ക്കമുണ്ടാവുകയും ചെയ്തു. തുടര്‍ന്ന് അരുണ്‍ ബസിനെ പിന്തുടരുകയും ഫോണില്‍ സുഹൃത്തുക്കളെ വിളിച്ചുവരുത്തുകയുമായിരുന്നു.
മായിത്തറയ്ക്ക് സമീപം കാറും ബൈക്കുകളും ബസിന് കുറുകെയിട്ട് തടയുകയും ഡ്രൈവറെ ആക്രമിക്കുകയുമായിരുന്നു. ഇതിനിടെ ഹൃദ്രോഗിയായ മുരളീധരന്‍പിള്ള ഛര്‍ദ്ദിക്കുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. തുടര്‍ന്ന് പ്രതികള്‍ രക്ഷപ്പെട്ടു. പോലീസ് സര്‍ജന്റെ നേതൃത്വത്തില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണകാരണം ഹൃദ്രോഗമാണെന്നും രേഖപ്പെടുത്തിയിരുന്നു.
എന്നാല്‍ പ്രതികള്‍ സഞ്ചരിച്ച വാഹനങ്ങളുടെ രജിസ്ട്രേഷന് നമ്പറോ മറ്റ് വിവരങ്ങളോ ബസിലെ മറ്റ് യാത്രക്കാര്‍ക്കോ സാക്ഷികള്‍ക്കോ അറിവില്ലായിരുന്നു. പ്രതികള്‍ക്കായി ദേശീയപാതയിലെ മോട്ടോര്‍ വാഹനവകുപ്പിന്റെ ക്യാമറയിലെ ദൃശ്യങ്ങളും ടോള്‍ ഗേറ്റില്‍ നിന്നുള്ള വിവരങ്ങളും പൊലീസ് തേടുന്നതിനിടെയാണ് അഭിഭാഷകര്‍ മുഖേന പ്രതികള്‍ സ്റ്റേഷന് ഹാജരായത്. മനഃപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: