ആലപ്പുഴ: സിപിഎം സംസ്ഥാന സമ്മേളനത്തിന് ഫെബ്രുവരി 20ന് കൃഷ്ണപിള്ള നഗറില്‍ തുടക്കം കുറിയ്ക്കുമ്പോള്‍ കൃഷ്ണപിള്ള സ്മാരകം അനാഥാവസ്ഥയില്‍. സംഭവം വിവാദമായ സാഹചര്യത്തില്‍ ഇന്നലെ ജില്ലാസെക്രട്ടറി നേരിട്ടെത്തിയാണ് ശുചീകരണപ്രവര്‍ത്തനങ്ങളും അലങ്കാരങ്ങളും നടത്തിയത്. സമ്മേളനത്തോടനുബന്ധിച്ച് മുഴുവന്‍ രക്തസാക്ഷി മണ്ഡപങ്ങളും വൃത്തിയാക്കുകയും അലങ്കരിക്കുകയും ചെയ്യണമെന്ന് പാര്‍ട്ടി നിര്‍ദ്ദേശമുള്ളപ്പോഴാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപക നേതാവിന്റെ സ്മാരകം അനാഥമായി കിടന്നത്. നാടൊട്ടുക്കും കൃഷ്ണപിള്ളയുടെ അര്‍ദ്ധകായ പ്രതിമ സ്ഥാപിച്ചും സമ്മേളന നഗരിക്ക് കൃഷ്ണപിള്ളയുടെ പേര് നല്‍കിയും മുഖം രക്ഷിക്കാന്‍ സിപിഎം ശ്രമിക്കുന്നതിനിടെയാണ് സ്മാരകത്തോടുള്ള അവഗണന വിവാദമായിരിക്കുന്നത്.
സിപിഎമ്മിന്റെ കോട്ടയെന്ന് അറിയപ്പെട്ടിരുന്ന മുഹമ്മ കണ്ണര്‍കാട്ടെ സ്മാരകത്തിനാണ് ഈ ദുര്‍ഗതി. സ്മാരകം കത്തിച്ചതിനു ശേഷമുണ്ടായ സംഭവവികാസങ്ങളെ തുടര്‍ന്ന് പ്രാദേശിക സിപിഎം പ്രവര്‍ത്തകര്‍ നേതൃത്വവുമായി കടുത്ത ഭിന്നതയിലാണ്. ഈ സാഹചര്യത്തിലാണ് പ്രാദേശിക പ്രവര്‍ത്തകര്‍ സ്മാരകത്തിലേക്ക് തിരിഞ്ഞുനോക്കാതിരുന്നത്. സ്ഥാപക നേതാവിന്റെ സ്മാരകം അനാഥമായി കിടക്കുന്നത് വിവാദമായതിനെ തുടര്‍ന്ന് ജില്ലാ സെക്രട്ടറി സജി ചെറിയാന് സ്മാരകത്തിലെത്തി അടിയന്തരമായി ശുചീകരിക്കുവാനും അലങ്കരിക്കുവാനും നടപടി സ്വീകരിക്കുകയായിരുന്നു.
പാര്‍ട്ടിക്ക് വീഴ്ച പറ്റിയതായി സംസ്ഥാന കമ്മറ്റിയംഗവും സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം ജനറല്‍ കണ്‍വീനറായ ജി. സുധാകരന് മാധ്യമപ്രവര്‍ത്തകരോട് സമ്മതിച്ചു. പാര്‍ട്ടിനേതാക്കളും മനുഷ്യരാണെന്നും വീഴ്ചകള്‍ സംഭവിക്കുന്നത് സ്വാഭാവീകമാണെന്നുമായിരുന്നു ജില്ലാ സെക്രട്ടറിയുടെ പ്രതികരണം. ഫെബ്രുവരി 19ന് ദീപശിഖാപ്രയാണം കൃഷ്ണപിള്ള സ്മാരകത്തിലെത്തുന്നുണ്ടെന്നും അന്നേരം വൃത്തിയാക്കാനുമാണ് തീരുമാനിച്ചിരുന്നതെന്നുമായിരുന്നു മുന്‍ ജില്ലാ സെക്രട്ടറിയേറ്റംഗം ആര്. നാസര്‍ പറഞ്ഞത്. 2013 ഒക്ടോബര്‍ 31ന് സിപിഎമ്മുകാര്‍ തന്നെ കൃഷ്ണപിള്ള സ്മാരകം കത്തിച്ചതിന്റെ മാനക്കേട് ഒഴിയും മുമ്പാണ് സ്മാരകത്തെ അവഗണിച്ചതിലും സിപിഎം നേതൃത്വം വെട്ടിലായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: