വൈക്കം: വൈക്കം സത്യഗ്രഹത്തിന്റെ ഓര്‍മ്മകളും ഓര്‍മ്മപ്പെടുത്തലുകളുമായി വൈക്കത്തപ്പന്റെ മണ്ണില്‍ ഹൈന്ദവ സമൂഹം ഒന്നിച്ചു ചേര്‍ന്നു. ഒന്‍പത് പതിറ്റാണ്ടുകള്‍ക്കപ്പുറത്ത് ക്ഷേത്ര നിരത്തുകളില്‍ എല്ലാവര്ക്കും നടക്കാനുള്ള സ്വാതന്ത്ര്യത്തിനായി സവര്‍ണ്ണാവര്‍ണ്ണ വ്യത്യാസമില്ലാതെ ഹൈന്ദവസമൂഹം ഒറ്റക്കെട്ടായി ഒത്തുകൂടിയതിന്റെ ഓര്‍മ്മ പുതുക്കല്‍ വൈക്കത്തിനും ആവേശമായി.
എല്ലാ വിഭാഗീയതകളും മറന്ന് ഞങ്ങളൊന്നാണെന്ന സന്ദേശവുമായി വൈക്കം സത്യാഗ്രഹത്തിന്റെ ആവേശവും ആദര്‍ശവും ആവേഗവും ഏറ്റുവാങ്ങിയ വേദിയിലായിരുന്നു വൈക്കം സത്യാഗ്രഹ നവതി സമാപനത്തോടനുബന്ധിച്ച് നടന്ന ഹിന്ദു നവോത്ഥാന സമ്മേളനം. വൈക്കം സത്യഗ്രഹികളുടെയും സമര നായകന്മാരുടെയും പിന്തലമുറക്കാരെ ചടങ്ങില്‍ ആദരിക്കുകയും ചെയ്തതോടെ അവിടെയുയര്‍ന്ന ഓരോ വാക്കുകളും അനുഭവത്തിന്റെ ചൂടും ചൂരും സദസ്സിലേക്ക് പകര്‍ന്നു.
സത്യഗ്രഹികളുടെ ജന്മഗൃഹങ്ങളില്നിന്നും തെളിച്ച ദീപശിഖാ പ്രയാണങ്ങള്‍ വൈക്കത്ത് സത്യഗ്രഹ സ്മാരക കിണറിന് സമീപം സംഗമിച്ച് അവിടെ ജ്യോതി തെളിയിച്ചതോടെയാണ് സമ്മേളനത്തിന് തുടക്കമായത്. വൈക്കം മഹാദേവക്ഷേത്രാങ്കണത്തില്‍ നടന്ന നവോത്ഥാന സമ്മേളനത്തില്‍ സത്യഗ്രഹികളായ ആമചാടിതേവന്റെ മകന് പ്രഭാകരന്, രാമന് ഇളയതിന്റെ മകള്‍ സാവിത്രി, കൃഷ്ണന് ഇളയത്, ചിറ്റേടത്ത് ശങ്കുപിള്ളയുടെ മകന് പ്രസന്നന്‍പിള്ള എന്നിവരെ ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ ആദരിച്ചു. സമരത്തിന് നേതൃത്വം നല്കിയ മന്നത്തു പത്മനാഭന്റെ പിന്മുറക്കാരനായ ഡോ. ബാലശങ്കര്‍, ടി.കെ. മാധവന്റെ പിന്മുറക്കാരയ ഡോ. വിജയ, ഗംഗാധരന് എന്നിവരെയും കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ് എന്‍.കെ. നീലകണ്ഠന്മാസ്റ്ററെയും എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗം ഡോ. സി.ആര്. വിനോദ്കുമാര്‍ ആദരിച്ചു.
ഹൈന്ദവ ഏകീകരണത്തിന്റെയും ശാക്തീകരണത്തിന്റെയും ആവശ്യകത ഊന്നിപറഞ്ഞും ഹിന്ദു സമൂഹത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്ന അനാചാരങ്ങളില്‍ വ്യാകുലത പ്രകടിപ്പിച്ചും അന്‍പതിലേറെ ഹിന്ദു സംഘടനാ നേതാക്കള്‍ സമ്മേളനത്തില്‍ സംസാരിച്ചത് പ്രൗഡഗംഭീര സദസ്സിന് ആവേശമായി. വൈക്കം സത്യഗ്രഹ നവതിയാഘോഷത്തിന്റെ ലോഗോയും ഫലകവും രൂപകല്പന ചെയ്ത സുധീഷ് പാലായെ ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് ആദരിച്ചു.
വൈക്കം മഹാദേവക്ഷേത്രാങ്കണത്തില്‍ നടന്ന സമ്മേളനത്തില്‍ കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ് എന്‍.കെ. നീലകണ്ഠന് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ശിവഗിരി മഠാധിപതി പ്രകാശാനന്ദ സ്വാമി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനുമാണ് ശ്രീനാരായണ ഗുരുദേവന് ശ്രമിച്ചതെന്ന് പ്രകാശാന്ദസ്വാമി പറഞ്ഞു. ജാതിയോ മതമോ അസമത്വമോ ഇല്ലാതെയും പരദ്രോഹ മനോഭാവമില്ലാതെയും ഹൈന്ദവ സമൂഹം മുന്നേറണമെന്ന് സ്വാമി ധര്‍മ്മതീര്‍ത്ഥ ആഹ്വാനം ചെയ്തു. ഭൂരിപക്ഷം ന്യൂനപക്ഷമായിക്കൊണ്ടിരിക്കുന്ന കേരളത്തില്‍ ഹൈന്ദവ ഐക്യത്തിന്റെ പ്രസക്തി ദിനംപ്രതി വര്‍ദ്ധിക്കുകയാണെന്ന് അഖിലകേരള ധീവരസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി വി. ദിനകരന് അഭിപ്രായപ്പെട്ടു.
ആത്മബോധിനി ആശ്രമത്തിലെ സ്വാമി സത്സ്വരൂപാന്ദ മഹരാജ്, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്, സഹ സംഘടനാ സെക്രട്ടറി എം. രാധാകൃഷ്ണന്, ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു, സെക്രട്ടറി എം.വി. ഉണ്ണികൃഷ്ണന്, വിവിധ ഹിന്ദു സാമുദായിക സംഘടനാ നേതാക്കളും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: