പാലക്കാട്: സ്വയം നിര്‍മിച്ച ആറ് കുഞ്ഞു റോക്കറ്റുകകള് വിജയകരമായി പറന്നുയര്‍ന്നപ്പോള്‍ മൂത്താന്തറ കര്‍ണകയമ്മന്‍ എച്ച്.എസ്.എസ്സിലെ ഒരുകൂട്ടം വിദ്യാര്‍ഥികള്‍ക്ക് ആഹ്ളാദാതിരേകം. സ്കൂളിലെ ഫിസിക്സ് അധ്യാപകന് ഒന്നൊന്നായി റോക്കറ്റിന് തീകൊളുത്തിയപ്പോള്‍ കുട്ടികളുടെ ആരവത്തേക്കാളുയരത്തില് പറന്ന് വിക്ഷേപിച്ച റോക്കറ്റുകള്‍ വിജയം കണ്ടു. കൈയടിച്ചും സ്കൂളിന് ജയ് വിളിച്ചും ഇവര്‍ സന്തോഷം പങ്കുവെച്ചു.
സ്കൂളിലെ ഫിസിക്സ് അധ്യാപകനായ ആര്. ചന്ദ്രശേഖരനാണ് വിദ്യാര്‍ഥികള്‍ക്ക് റോക്കറ്റ് നിര്‍മാണത്തില്‍ പരിശീലനം നല്‍കിയത്. സതീഷ് ധവാന് സ്പേസ്സെന്ററിലെ ശാസ്ത്രജ്ഞരുടെ ക്ലാസില്‍ പങ്കെടുത്തതാണ് സ്കൂളില്‍ ഇത്തരമൊരു പ്രവര്‍ത്തനം തുടങ്ങാന്‍ പ്രചോദനമായതെന്ന് ചന്ദ്രശേഖരന് പറഞ്ഞു.
എട്ട്, ഒമ്പത് ക്ലാസുകളിലെ വിദ്യാര്‍ഥികളെ ഉള്‍ക്കൊള്ളിച്ചാണ് ശില്പശാലയൊരുക്കിയത്. ആദ്യം മെറ്റലില്‍ തീര്‍ത്ത വിക്ഷേപണത്തറ ഒരുക്കി. ചാര്‍ട്ട് പേപ്പറും സ്റ്റിഫ് പേപ്പറും മറ്റും ഉപയോഗിച്ചാണ് ഇവരുടെ റോക്കറ്റ് നിര്‍മാണം.
രാവിലെമുതല്‍ നടന്ന ശില്പശാലയില് പ്രഥമാധ്യാപിക എസ്. സുമന്, മാനേജര്‍ ബി. ഗംഗാധരന്, വി. ശ്രീകുമാര്‍, കെ.എസ്. ശ്രുതി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: