കൊച്ചി: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ പോഷകസംഘടനയായ വിമണ്‍സ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ (ഡബ്ല്യുഐഎംഎ) 2014-15 വര്‍ഷത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് ഔദ്യോഗികമായി ആരംഭം കുറിക്കും.
കലൂര്‍ ഐഎംഎ ഹൗസില്‍ രാവിലെ 9.30നു ആരംഭിക്കുന്ന ചടങ്ങ് ഡബ്ല്യുഐഎംഎ ഗുഡ്വില് അംബാസഡര്‍ സിനിമാതാരം ആശാ ശരത് ഉദ്ഘാടനം ചെയുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഡബ്ല്യുഐഎംഎ, ഐഎംഎ കൊച്ചിന് കണ്‍വീനര്‍ ഡോ. ഷീല സദാശിവന് ഫഌഗ് കര്‍മം നിര്‍വഹിക്കും.
സംസ്ഥാനത്ത് 103 ശാഖകളിലായി 3000 അംഗങ്ങള്‍ സംഘടനയ്ക്കുണ്ട്. ചെയര്‍പേഴ്സണ്‍ ഡോ. കെ.വി. ബീന സംഘടനയുടെ കൊച്ചിയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. ഭക്ഷ്യ സ്വയം പര്യാപ്തത, ഉറവിട മാലിന്യ സംസ്കരണം എന്നിവ ലക്ഷ്യം വച്ചുള്ള ഹരിത പദ്ധതി, കൗമാരപ്രായക്കാരിലെ വിളര്‍ച്ചാരോഗം തടയുന്നതിനായി നടത്തുന്ന സൗഹൃദ പദ്ധതി, സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷാ, ശാക്തീകരണം എന്നിവ ലക്ഷ്യംവച്ചുള്ള ശക്തി പദ്ധതി, ക്യാന്‍സര്‍ ബോധവത്കരണം പാലിയേറ്റീവ് പരിചരണം എന്നിവയടങ്ങുന്ന തണല്‍ പദ്ധതി എന്നിവ സംഘടനയുടെ ഈ വര്‍ഷത്തെ പ്രധാന പ്രവര്‍ത്തനങ്ങളാണെന്നും പറഞ്ഞു.
ഇതിനോടൊപ്പം ഐഎംഎയുടെ പദ്ധതികളായ 103 പഞ്ചായത്തുകളിലും 103 സ്കൂളുകളിലും നടപ്പാക്കുന്ന ആരോഗ്യമൈത്രി, ജീവിത ശൈലീരോഗബോധവത്കരണ പരിപാടിയായ ആരോഗ്യ ശൈലി, ഫാമിലി സര്‍ക്കിള്‍ എന്നിവയ്ക്ക് ഡബ്ല്യുഐഎംഎ യുടെ സഹകരണം ഉണ്ടായിരിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
വാര്‍ത്താസമ്മേളനത്തില്‍ ഐഎംഎ- കെഎസ്ബി വൈസ് പ്രസിഡന്റ് ഡോ. എബ്രഹാം വര്‍ഗീസ്, ഡബ്ല്യുഐഎംഎ- കെഎസ്ബി ചെയര്‍പേഴ്സണ്‍ ഡോ. കെ.വി. ബീന, സെക്രട്ടറി ഡോ. ആര്. അനുപമ, സ്റ്റേറ്റ് പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ ഡോ. ശാലിനി സുധീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: