കൊച്ചി: വെസ്റ്റ് ബംഗാള്‍, ജാര്‍ഖണ്ഡ് ടീമുകള്‍ക്കായിരുന്നു ഇന്ത്യയിലെ ലോണ്‍ ബൗള്‍സില്‍ ആധിപത്യം. കല്‍ക്കട്ടയിലെ റോയല്‍ ഗോള്‍ഫ് ക്ലബ്ബിന്റെ ലോണ്‍ ബൗള്‍സ് സ്റ്റേഡിയത്തിലെ പരിശീലനമാണ് ബംഗാള്‍ ടീമിനെ കരുത്തരാക്കിയത്. ഇന്ത്യന്‍ ബൗളിംഗ് ടീമിന്റെ പരിശീലകനായ മധുകാന്ത് പഥകാണ് ജാര്‍ഖണ്ഡ് ടീമിനെ സജ്ജരാക്കി കളത്തിലിറക്കിയത്.
കല്‍ക്കട്ടയിലെ ഗ്രീന്‍ സ്റ്റേഡിയത്തിലെ പരിശീലനം ബംഗാളിന്റെ കളിക്കാരെ മികച്ച നിലവാരത്തിലേക്കുയര്‍ത്തി. ഇന്ത്യയിലെ രണ്ടാമത്തെ ലോണ്‍ ബോള്‍സ് സ്റ്റേഡിയം 2010 കോമണ്‍ വെല്‍ത്ത് ഗെയിംസിനോടനുബന്ധിച്ച് ദല്‍ഹി പബ്ലിക് സ്കൂളില്‍ തയാറാക്കിയതു മുതലാണ് ദല്‍ഹി ലോണ്‍ ബൗള്സിലേക്കു വന്നത്. തുടര്‍ന്ന് ദല്‍ഹി പബ്ലിക് സ്കൂളില്‍ ലോണ്‍ ബൗള്‍ ടീം രൂപപ്പെടുകയായിരുന്നു.
വിദ്യാര്‍ഥികളുടെ ടീമാണ് ദല്‍ഹി. സിയാല്‍ ഗ്രീന്‍ സ്റ്റേഡിയത്തില്‍ ലോണ്‍ ബൗള്‍സില്‍ കളത്തിലിറങ്ങിയത് ദല്‍ഹി പബ്ലിക് സ്കൂള്‍ ടീമാണ്. 81 വയസുവരെ പ്രായമുളള കളിക്കാര്‍ ചെറുപ്പത്തിന്റെ ആവേശവുമായി പോരാട്ടത്തിനിറങ്ങിയപ്പോള്‍ യുവത്വത്തിന്റെ കരുത്തുമായാണ് ദല്‍ഹി കളത്തിലിറങ്ങിയത്. 19 വയസില്‍ താഴെ പ്രായമുള്ള വിദ്യാര്‍ഥികളാണ് ടീമിലുള്ളത്.
കുട്ടികളെ പരിശീലിപ്പിക്കുന്നതും സ്കൂളിന്റെ സ്വന്തം ടീമിനു നേതൃത്വം നല്‍കുന്നതും ഫിസിക്കല്‍ എഡ്യുക്കേഷന്‍ ടീച്ചറായ പിങ്കിയാണ്.
2010 മുതല്‍ അന്താരാഷ്ട്ര തലത്തില്‍ മെഡല്‍ ജേതാവാണ് പിങ്കി. 2010 ല്‍ ഡല്‍ഹിയിലും 2014 ല്‍ സ്കോട്ട്ലന്‍ഡിലും നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുത്തിട്ടുള്ള പിങ്കി ദല്‍ഹിയില്‍ വനിത ട്രിപ്പിള്‍സില്‍ നാലാം സ്ഥാനത്തെത്തിയിരുന്നു. കൂടാതെ 2009 ല്‍ ചൈനയില്‍ നടന്ന ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണവും വെങ്കലവും നേടിയിട്ടുണ്ട്. 2012 ലെ ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ വെള്ളി, വെങ്കല മെഡലുകളും 2014 ല്‍ വെങ്കലവും നേടി. 2009 ലെ ഏഷ്യന്‍ പസഫിക് ഗെയിംസില്‍ വെങ്കലവും പിങ്കി നേടിയിട്ടുണ്ട്. 2011 ലെ നാഷണല്‍ ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണവും വെങ്കലവും, 2007 ല്‍ വെള്ളി, 2012, 13 വര്‍ഷങ്ങളില്‍ വെങ്കലം എന്നിവയും പിങ്കിയുടെ നേട്ടങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: