ആലപ്പുഴ: ഇനി വേമ്പനാട്ടുകായലിന്റെ പൊന്നോളങ്ങളെ കാത്തിരിക്കുന്നത് നാഷണല്‍ ഗെയിംസിന്റെ കനോയിങ്-കയാക്കിങ് മത്സരങ്ങളുടെ ത്രസിപ്പിക്കുന്ന ആവേശം. സ്വര്‍ണക്കൊയ്ത്ത് മുന്നില്‍ക്കണ്ട് തൊണ്ണൂറു ശതമാനം ടീമുകളും വേമ്പനാട്ടുകായലിലെ മത്സരവേദിയില്‍ എത്തിക്കഴിഞ്ഞു. മത്സരങ്ങള്‍ നാളെ തുടങ്ങും. ഫെബ്രുവരി ഒമ്പതുമുതല്‍ 13 വരെയാണ് കനോയിങ്-കയാക്കിങ് മത്സരങ്ങള്‍. 36 ഇനങ്ങളിലുള്ള മത്സരങ്ങളാണ് നടക്കുക. കോച്ച് യു.ആര്. അഭയന്റെ നേതൃത്വത്തില്‍ കേരളത്തിന്റെ പുരുഷ -വനിതാ ടീമുകള്‍ ഇന്നലെയും പരിശീലനം നടത്തി. ഇന്ന് അവര്‍ അവസാനവട്ട പരിശീലനത്തിനിറങ്ങും.
കനോയിങ്-കയാക്കിങ് മത്സരങ്ങള്‍ക്ക് ട്രാക്കില്‍ ചില അഴിച്ചുപണികള്‍ നടത്തി. 13.5 മീറ്റര്‍ വീതിയിലെ ട്രാക്കായിരുന്നു റോവിങ്ങിന് ആവശ്യം. ഇത് ഒമ്പതുമീറ്ററായി ചുരുക്കും. 425 കായികതാരങ്ങളാണ് കനോയിങ് -കയാക്കിങ് മത്സരങ്ങളില്‍ പങ്കെടുക്കുക. റോവിങ് മത്സരങ്ങള്‍ക്ക് ആറുട്രാക്കാണ് വേണ്ടിയിരുന്നത്. കനോയിങ് -കയാക്കിങ് മത്സരങ്ങള്‍ക്കായി ഇത് എട്ട് ട്രാക്കാക്കി മാറ്റിയിട്ടുണ്ട്. എല്ലാ ദിവസങ്ങളിലും ഫൈനല്‍ മത്സരങ്ങളുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത.
മലയാളി ടീമിന് ഞായറാഴ്ച രാവിലെ 10ന് കൂടി പരിശീലനമുണ്ട്. 1000 മീറ്റര്‍, 500 മീറ്റര്‍, 200 മീറ്റര്‍ എന്നിങ്ങനെയാണ് മത്സരങ്ങള്‍. മത്സരങ്ങളുടെ ഒരുക്കങ്ങള്‍ വിലയിരുത്താനായി കേന്ദ്രസര്‍ക്കാരിന്റെ കായികവകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഖര്‍ജ് ശനിയാഴ്ച വേദിയിലെത്തി. തിങ്കളാഴ്ച രാവിലെ ഒമ്പതിന് മത്സരങ്ങള്‍ തുടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: