മുഹമ്മ: ഉത്സവത്തോട് അനുബന്ധിച്ച് കണിച്ചുകുളങ്ങര ശ്രീദേവി ക്ഷേത്രത്തില്‍ നടന്നുവരുന്ന അനുഷ്ഠാനമാണ് തോറ്റംപാട്ട്. ദീപാരാധനയ്ക്ക് ശേഷം കളം കൊണ്ടാണ് തോറ്റംപാട്ട് അരങ്ങേറുന്നത്. ക്ഷേത്രത്തിലെ ഏഴ് അവകാശികളില്‍ ഒരവകാശിക്കാണ് തോറ്റംപാട്ട് അവതരിപ്പിക്കാനുള്ള അവകാശം. ശ്രീകോവിലിനു മുന്നിലായി വെളിച്ചപ്പാട് വരയ്ക്കുന്ന കളത്തിന് ചുറ്റുമിരുന്നാണ് തോറ്റംപാട്ട് പാടുന്നത്. ‘കൈമണി’ മാത്രമാണ് ഉപയോഗിക്കുന്നത്. ആദ്യദിനങ്ങളില്‍ ഭസ്മക്കളവും പിന്നീട് ആല്, അമ്പലം, ചൂണ്ടക്കാരനും, മീനും, പൊയ്കയും താമരയും അവസാനദിവസം ഭദ്രയുടെ രൂപവുമാണ് വരയ്ക്കുന്നത്.
ദേവിയുടെ ജനനം മുതല്‍ കൊടുങ്ങല്ലൂരില്‍ എത്തുന്നത് വരെയുള്ള കഥകളും ഉപകഥകളുമാണ് പാട്ടില്‍. ഇതിനിടെ ഗണപതി, സരസ്വതി എന്നിവരെ സ്തുതിക്കുന്നതും പതിവാണ്. വായ്മൊഴികളിലൂടെ കടന്നുപോന്ന തോറ്റംപാട്ട് എഴുതി സൂക്ഷിക്കാറില്ല. ഭഗവതിയുടെ മുന്നിലിരുന്ന് വേണം പാട്ട് സ്വായത്തമാക്കാനെന്നാണ് വിശ്വാസം. 21 ദിവസവും നീണ്ടുനില്‍ക്കുന്ന തോറ്റംപാട്ട് ഇപ്പോള്‍ അവകാശിയായ എം.കെ. പുരുഷനും സംഘവുമാണ് അവതരിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: