കൊല്ലം: എല്ലാവരും കവിതയിലേക്കെത്താനാണ് പരിശ്രമിക്കുന്നതെന്ന് കവി കുരീപ്പുഴ ശ്രീകുമാര്‍ അഭിപ്രായപ്പെട്ടു. അബു പാറത്തോട് എഴുതിയ ബേജാറ് എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം കൊല്ലം പ്രസ്ക്ലബ് ഹാളില്‍ നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മാറ്റങ്ങള്‍ എല്ലാരംഗത്തും സംഭവിക്കുന്നുണ്ട്. എഴുത്തിന്റെ രീതിയും എഴുത്തുപകരണങ്ങളും മാറി. ഇപ്പോള്‍ എല്ലാവരുടെയും ലക്ഷ്യം കവിതയില്‍ എത്തുക എന്നതാണെന്ന് ശ്രീകുമാര്‍ പറഞ്ഞു.
സമര സങ്കല്‍പ്പങ്ങളിലും മാറ്റം വന്നു. തിരുവനന്തപുരം സെക്രട്ടേറിയറ്റ് പടിക്കലെ അനിശ്ചിതകാല സമരങ്ങളില്‍ കട്ടിലുകളും ഡണ്‍ലപ് മെത്തയുമൊക്കെ പതിവ് കാഴ്ചയായിരുന്നു. നില്‍പ്പ് സമരത്തിനും തലസ്ഥാന നഗരി സാക്ഷ്യം വഹിച്ചു. ആദിവാസികള്‍ ഭൂമിക്കായി നടത്തിയ ഈ സമരം ക്ലിക്ക് ചെയ്തു. സാംസ്കാരിക തലസ്ഥാനമായ തൃശൂരില്‍ പെണ്‍കുട്ടികള്‍ നടത്തിയ ഇരിപ്പ് സമരവും ഏറെ ജനശ്രദ്ധ ആകര്‍ഷിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
പ്രസ്ക്ലബ് സെക്രട്ടറി ബിജു പാപ്പച്ചന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കവി ഇഞ്ചക്കാട് ബാലചന്ദ്രന് പുസ്തകം പരിചയപ്പെടുത്തി. ടി.ജി. വിജയകുമാര്‍ ആദ്യകോപ്പി ഏറ്റുവാങ്ങി. എം.എ. മജീദ്, കെ.എസ്. ഭാസ്കരന്, അച്ചന്‍കോവില്‍ അജിത്, അബു പാറത്തോട് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: