കരുനാഗപ്പള്ളി: താലൂക്ക് വികസനസമിതിയില്‍ കരുനാഗപ്പള്ളി എസിപി സ്ഥിരമായി ഹാജരാകാത്തത് വിമര്‍ശനത്തിനിടയാക്കി.
ക്രമസമാധാനനില താലൂക്കില്‍ മോശമായ നിലയിലാണെന്നും നാട്ടിലാകെ മോഷണവും പിടിച്ചുപറിയും ലഹരിപദാര്‍ത്ഥങ്ങളുടെ വില്പനയും വ്യാപകമാകുന്നതും സ്ത്രീകള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയും ജനങ്ങളില്‍ ഭീതി പരത്തുന്നതായി യോഗം വിലയിരുത്തി. അടുത്തുകൂടുന്ന താലൂക്ക് വികസനസമിതിയില്‍ എസിപി നിര്‍ബന്ധമായി എത്തുന്നതിന് കളക്ടര്‍ക്ക് അറിയിപ്പ് നല്‍കണമെന്ന പ്രമേയം താലൂക്ക് സമിതി പാസാക്കി.
ദേശീയപാത കയ്യേറ്റം, എന്‍എച്ചിലെ കുഴികള്‍, ട്രാഫിക് തടസങ്ങള്‍ എന്നിവയ്ക്കും പരിഹാരം കാണണം. സ്കൂള്‍ കോളേജ് പരിസരങ്ങളും റെയില്വേസ്റ്റേഷന്, ബസ് സ്റ്റേഷന് കേന്ദ്രീകരിച്ച് കഞ്ചാവ്, മയക്കുമരുന്നുകള്‍, പുകയില തുടങ്ങിയ ലഹരിവസ്തുക്കള്‍ വില്‍ക്കുന്ന ലോബികളുടെ മേല്‍ പോലീസ്, എക്സൈസ് വിഭാഗത്തിന്റെ ശ്രദ്ധ ഉണ്ടാകുന്നില്ലെന്നുമുള്ള ആരോപണവുമുണ്ടായി.
കായംകുളം കായല്‍ കരുനാഗപ്പള്ളി ടിഎസ് കനാല്‍ എന്നിവയെ ബന്ധിപ്പിക്കുന്ന പാറ്റോലിതോട് കയ്യേറ്റം നിലവിലുണ്ടായിരുന്ന പന്നിക്കലാര്, വട്ടക്കായല്‍, ആര്യന്പാടം എന്നീ ഭാഗങ്ങള്‍ വ്യാപകമായി കയ്യേറി നികത്തി കൈവശപ്പെടുത്തിയത് യുദ്ധകാലാടിസ്ഥാനത്തില്‍ സര്‍വേ നടത്തി നടപടി സ്വീകരിക്കണമെന്നാവശ്യം താലൂക്ക് വികസന സമിതിയിലുണ്ടായി.
താലൂക്ക് വികസനസമിതിയില്‍ ഉയരുന്ന പ്രശ്നങ്ങള്‍ക്ക് ഒന്നുംതന്നെ വകുപ്പുമേധാവികള്‍ നടപടികള്‍ സ്വീകരിക്കുന്നില്ല.വാട്ടര്‍ അതോറിറ്റിയുടെ അനാസ്ഥമൂലം താലൂക്കിന്റെ വിവിധ കേന്ദ്രങ്ങളില്‍ കുടിവെള്ളം ലഭിക്കുന്നില്ല. നീണ്ടകരയില്‍ പൈപ്പ് പൊട്ടി ഒരു മാസക്കാലമായി ജലം പാഴാകുന്നു. ഈ പ്രദേശങ്ങളില്‍ ജനങ്ങള്‍ക്ക് കുടിവെള്ളം ലഭിക്കുന്നില്ലെന്നുള്ള ശക്തമായ പ്രതിഷേധവും നിലനില്ക്കുന്നു.
അഴീക്കല്‍ ഭാഗത്ത് ഒന്ന്, രണ്ട്, മൂന്ന് വാര്‍ഡുകളില്‍ കുടിവെള്ളം മാസങ്ങളായി ലഭിക്കുന്നില്ല. സുനാമി കോളനികള്‍, ഉയര്‍ന്നപ്രദേശങ്ങള്‍ ഉള്‍പ്പെടെ കുടിവെള്ളം എത്തിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യം ഉണ്ടായി. ചവറ പഞ്ചായത്തിനെ ചവറ, മുകുന്ദപുരം എന്നീ രണ്ടു വില്ലേജുകളായി വിഭജിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടു. കെഎംഎംഎല്ലിന്റെ പരിസരം മാലിന്യനിക്ഷപകേന്ദ്രമാകുന്നത് തടയാന്‍ പോലീസ് അടിയന്തിരനടപടി സ്വീകരിക്കണമെന്ന് താലൂക്ക് വികസനസമിതി തീരുമാനിച്ചു.
ചവറ പഞ്ചായത്ത് പ്രസിഡന്റ് ഇ.റഷീദ് അദ്ധ്യക്ഷനായി. താലൂക്ക് തഹസില്‍ദാര്‍ എ.ബഷീര്‍കുഞ്ഞ്, സെവന്തകുമാരി, ബാബുപ്രഭാകര്, ബിന്ദു രാമചന്ദ്രന്, അഡ്വ.അമ്പിളിക്കുട്ടന്, ജി.വിക്രമന്, വാഴയില്‍ ഗോപി, വി.സദാനന്ദന്, തൊടിയൂര്‍ താഹ എന്നിവര്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: