ഭാഷ ഇല്ലായിരുന്നെങ്കില്‍ ഈ പ്രപഞ്ചമാകെ അന്ധകാരത്തില്‍ ആണ്ടുപോയേനെ”കവി ഋഷീശ്വരന്മാരുടെ ഈ നിരീക്ഷണം ഒരു മുന്നറിയിപ്പാണ്. അതുകൊണ്ടാണല്ലോ ഐക്യരാഷ്ട്രസഭ ഫെബ്രുവരി 21-ന് ‘വിശ്വമാതൃഭാഷാ’ സംരക്ഷണദിനമായി ആചരിക്കാന്‍ ആഹ്വാനം നല്‍കിയത്. ആസ്തികപാരമ്പര്യത്തില്‍ ജനിച്ച പുരുഷോത്തമ മല്ലയ്യ ഋഷീശ്വരന്മാര് കാണിച്ചു തന്ന വെളിച്ചത്തിന്റെ മാര്‍ഗത്തില്‍ സഞ്ചരിച്ച് ജീവിതവിജയം കൈവരിച്ചതില്‍ അത്ഭുതമെന്തുള്ളൂ?
”നൂറു ശതമാനം ആത്മാര്‍ത്ഥമായി കൊങ്കണിഭാഷയ്ക്കായി ജീവിക്കുന്ന ആള്” വിശ്വവിശ്രുത കൊങ്കണി കവി, പത്മശ്രീ ഡോ.രഘുനാഥ് വിഷ്ണു പണ്ഡിത്, സംഭാഷണ മദ്ധ്യേ ഈ ലേഖകനോടു പറഞ്ഞു.
പല താത്പര്യങ്ങളാകും ഓരോ രംഗത്തും പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുക. വിദ്യാര്‍ത്ഥിയായിരിക്കേ മാതൃഭാഷയ്ക്കു നേരെയുണ്ടായ ആക്ഷേപശരങ്ങളാണ് കൊങ്കണി ഭാഷയ്ക്കായി ജീവിതം സമര്‍പ്പിക്കാന്‍ മല്ലയ്യയെ പ്രേരിപ്പിച്ച മഹാശക്തി. മാതൃഭാഷയോടുള്ള ഭക്തിയില്‍ ഒട്ടും കുറവല്ല അദ്ദേഹത്തിന് സ്വമാതാവിനോടുള്ള ഭക്തി. കൊങ്കണി സമുദായത്തില്‍ ആദ്യമായി അദ്ധ്യാപികയായ അമ്മയുടെ പേരിലാണ്, താന്‍ ഭാഷാ പ്രചാരത്തിനായി തുടങ്ങിയ കൊങ്കണി ഭാഷാ പ്രചാരസഭയുടെ ആഭിമുഖ്യത്തില്‍ വര്‍ഷംതോറും നല്‍കിവരുന്ന സാഹിത്യപുരസ്കാരം-എന്‍.എം.സരസ്വതീബായ് സാഹിത്യപുരസ്കാരം.
സാഹിത്യരംഗത്ത് മികവു പുലര്‍ത്തുന്ന സ്ത്രീകള്‍ക്കാണിതു നല്കിവരുന്നതും. സ്ത്രീകളോടുള്ള മാതൃനിര്‍വിശേഷമായ മനോഭാവത്തിന്റെ ബഹിര്‍സ്ഫുരണം! താന്‍ ജനിച്ചുവളര്‍ന്ന സമുദായത്തെപ്പറ്റി പറയാന്‍ തുടങ്ങുമ്പോള്‍ നൂറുനാവാണ് അദ്ദേഹത്തിന്. അത് മാതൃഭാഷയെപ്പറ്റിയായാലോ ആയിരം നാവാണെന്നേ തോന്നൂ!
ഭാഷാഭിമാനം തന്നെ തന്റെ അഭിമാനം. ഭാഷയുമായി തന്മയീഭാവം പൂണ്ട് ഭാഷയുടെ സര്വതോന്മുഖമായ അഭ്യുന്നതിക്കായി അദ്ദേഹം യൗവനം കഴിച്ചകൂട്ടി. വിവാഹംപോലും അദ്ദേഹം മറന്നു എന്ന് അദ്ദേഹത്തെ അറിയാവുന്നവര്‍ പറയുന്നു. ഏറെ വൈകിയായിരുന്നു അദ്ദേഹത്തിന്റെ വിവാഹം. എങ്കിലും സന്തുഷ്ട കുടുംബജീവിതമാണ് മല്ലയ്യയുടേത്-സ്നേഹമയിയായ ഭാര്യ, നിയമത്തില്‍ ഡോക്ടര്‍ ബിരുദം നേടിയ മകള്‍, ഹോമിയോപ്പതി ഡോക്ടറായ മകന്. എല്ലാവരും ഭാഷാ സേവനത്തില്‍ അദ്ദേഹത്തോടൊപ്പം എന്നും ഉണ്ട്. തൊണ്ണൂറിനോടടുക്കുന്ന പ്രായത്തിലും അഖിലകേരള ഗൗഡസാരസ്വത ബ്രാഹ്മണസഭയുടെ അദ്ധ്യക്ഷനായി അദ്ദേഹം ഇന്നും പ്രവര്‍ത്തിച്ചുവരുന്നതിന്റെ പിന്നിലും ഈ ശക്തി തന്നെ.
കൊങ്കണി ഭാഷയുടെ കാര്യത്തില്‍ മല്ലയ്യയുടെ പേര് ഒഴിവാക്കി എന്തെങ്കിലും എഴുതാമെന്ന് ആരും വിചാരിക്കില്ല! ആ ഭാഷയുമായി അത്രമാത്രം ഇഴുകിച്ചേര്‍ന്ന ജീവിതം. സാഹിത്യ അക്കാദമി, ഭരണഘടനയുടെ എട്ടാംപട്ടിക, കേരളത്തിലായാലും ഭാഷയ്ക്കായി അംഗീകാരം കിട്ടാന്‍ നിരന്തര പ്രയത്നം. ഫലം-സാഹിത്യ അക്കാദമിയില്‍ അംഗം, അഖിലഭാരത കൊങ്കണി പരിഷത് അദ്ധ്യക്ഷന്‍, വിശ്വകൊങ്കണി സംസ്കൃതി പ്രതിഷ്ഠാനത്തിന്റെ ആദരം, അനേകം ഭാഷാ സമിതികളില്‍ അംഗത്വം അഥവാ സമ്മാനം, ഇപ്പോഴിതാ പത്മശ്രീ ബഹുമതിയും. എല്ലാം ഭാഷയ്ക്കായി അദ്ദേഹം സമര്‍പ്പിക്കുന്നു.
ജ്ഞാനപ്പാനയും തിരുക്കുറളുംപോലുള്ള വിശിഷ്ടഗ്രന്ഥങ്ങളുടെ വിവര്‍ത്തനത്തിന്റെ പേരിലും അദ്ദേഹം സമ്മാനിതനായി. കേരള ഹിസ്റ്ററി അസോസിയേഷന്റെ ‘കേരളചരിത്ര’ത്തില്‍ ഒരു അദ്ധ്യായം അദ്ദേഹത്തിന്റെ വകയത്രെ. യശഃശരീരനായ ജസ്റ്റിസ് കൃഷ്ണയ്യരെപ്പോലുള്ളവരുമായുള്ള അടുപ്പമാണ് ഇതിന്റെ പിന്നില്‍.
ഭാഷയ്ക്കുവേണ്ടി ഒറ്റയാള്‍ പോരാട്ടമായിരുന്നു ആദ്യം. പിന്നീട് പ്രചാരസഭയുണ്ടാക്കി. ഭാഷയില്‍ മുപ്പതോളം കൃതികള്‍, കൂടാതെ ഇംഗ്ലീഷിലും മലയാളത്തിലുമായി പത്തോളം വേറെയും. വിപുലമാണദ്ദേഹത്തിന്റെ രചനാലോകം.
ഭാഷയ്ക്കുവേണ്ടിയുള്ള ജൈത്രയാത്രയില്‍ താങ്ങുംതണലുമായിരുന്ന ജസ്റ്റിസ് കൃഷ്ണയ്യര്‍, പത്മഭൂഷണ്‍ (ഡോ.) ടി.എം.എ.പൈ, യശഃശരീരനായ കെ.കെ.പൈ തുടങ്ങി ആരെയും അദ്ദേഹം നേട്ടങ്ങളുടെ കാലത്ത് മറന്നില്ല. അവരെപ്പറ്റി അദ്ദേഹം എഴുതി, വിശിഷ്യ, സാഹിത്യ അക്കാദമിയുടെ അംഗീകാരം കിട്ടുന്നതില്‍ മുന്‍കൈ എടുത്ത ഡോ.സുനീതി കുമാര്‍ ചട്ടര്‍ജിയെപ്പറ്റി.
കൊങ്കണി ഭാഷയ്ക്ക് അംഗീകാരം, ഭാഷയ്ക്ക് സ്വകീയമായ ലിപി തുടങ്ങിയ ഓരോ കാര്യത്തിലും സുചിന്തിതമായ പരിനിഷ്ഠിതമായ അഭിപ്രായത്തോടെ പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ ജീവിതവും കൃതികളും ഒരു പുസ്തകമെഴുതാന്‍ വകയുള്ളതത്രെ. ഭാഷയോടുള്ള അദമ്യവും അകൈതവവുമായ ഭക്തി കാരണമാണ് ഗോവന്‍ സര്‍ക്കാരില്‍ നിന്ന് ഇപ്രകാരം നിരീക്ഷണം ഉണ്ടായത്- ”കൊങ്കണി എന്നാല്‍ മല്ലയ്യ; മല്ലയ്യ എന്നാല്‍ കൊങ്കണി.” കൊങ്കണിഭാഷയുടെ ഈറ്റില്ലമാണല്ലൊ ഗോവ. ഗോവയിലെ ഔദ്യോഗിക ഭാഷയാകട്ടെ കൊങ്കണിയും. മല്ലയ്യയില്‍ നിന്നും കൊങ്കണി ഏറെ പ്രതീക്ഷിക്കുന്നുണ്ട്; കൊങ്കണിക്കായി അധികമധികം മല്ലയ്യയും.
ജീവിതരേഖ
ജനനം 1929 മെയ് ഏഴിന് മട്ടാഞ്ചേരിയില്‍. അച്ഛന് കോത്ത്വാള്‍ നാരായണ മല്ലയ്യ. അമ്മ സരസ്വതി ബായ്, പഠനം മട്ടാഞ്ചേരി ടി.ഡി. ഹൈസ്കളില്‍. ജീവിതം മുഴുവന്‍ കൊങ്കണി ഭാഷക്കുവേണ്ടി നിലകൊള്ളുന്ന മല്ലയ്യ കൊങ്കണി ഭാഷയെ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തുന്നതില്‍ സുപ്രധാന പങ്കു വഹിച്ചു. 1966 ല്‍ അദ്ദേഹം ഇന്ദിരാഗാന്ധിയെ കണ്ട് കൊങ്കണി സമൂഹത്തിന്റെ പ്രശ്നങ്ങള്‍ അവതരിപ്പിച്ചു. എട്ടാം ഷെഡ്യൂളില്‍ ഭാഷയെ ഉള്‍പ്പെടുത്തുന്നതിനായി നിരന്തരമായ പ്രയത്നം.
1992 ഓഗസ്റ്റ് 20 ന് കൊങ്കണി ഭാഷയെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയ പ്രഖ്യാപനമുണ്ടായപ്പോള്‍ സഫലമായത് അദ്ദേഹത്തിന്റെ പ്രയത്നമാണ്. 1966 ല്‍ തന്നെ കൊച്ചിയില്‍ കൊങ്കണി ഭാഷാ പ്രചാര്‍ സഭ രൂപം കൊണ്ടു. അതിന്റെ സ്ഥാപകരിലൊരാളായിരുന്നു പുരുഷോത്തമ മല്ലയ്യ. കൊങ്കണി ഭാഷാ സാഹിത്യത്തിന് നിസ്തുല സംഭാവനകള്‍ നല്‍കിയിട്ടുള്ള ഇദ്ദേഹം 25 ഓളം ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കൊങ്കണി ഏക സ്വതന്ത്രഭാഷ, സ്മരണാഞ്ജലി, കൊങ്കണിയാലോ മ്ഹ്ണ്ണിയോ, കര്‍ഷകരുടെ പാട്ട്, ആദ്യാക്ഷലേ ഉല്ലവ്പ്, ജ്ഞാനപ്പാന, കൊങ്കണി ലോക്ഗീത് സമുച്ചയ തുടങ്ങിയ കൃതികള്‍ ശ്രദ്ധേയമാണ്. ഭാരതത്തിലാദ്യമായി കൊച്ചിയിലാണ് കൊങ്കണി ഭവന് സ്ഥാപിതമായത്. ഇതിന്റെ സ്ഥാപകനും മല്ലയ്യതന്നെ. ജ്ഞാനപ്പാനയും തിരുക്കുറളും കൊങ്കണിയിലേക്ക് മൊഴിമാറ്റുകയും തിരുക്കുറള്‍ തര്‍ജ്ജമയ്ക്ക് കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: