ജീവജാലങ്ങളെയെല്ലാം ഒരു സമതുലനാവസ്ഥയില്‍ നിലനിര്‍ത്താനുള്ള സംവിധാനങ്ങള്‍ പ്രകൃതിയിലുണ്ട്. വനങ്ങളില്‍ വന്‍വൃക്ഷങ്ങളോടൊപ്പം ചെറുമരങ്ങളും സസ്യലതാദികളും പരസ്പരപൂരകമായി തഴച്ചുവളരുന്നു. ഒരു രാസവളപ്രയോഗവും അവിടെയില്ല. അനാവശ്യമായ യാതൊന്നും പ്രകൃതിയിലില്ല. പലതരം ജീവസ്ഫുരണങ്ങളുടെ പരസ്പരപ്രവര്‍ത്തനത്തിലൂടെയാണ് പ്രകൃതിയില്‍ ജീ വചൈതന്യം തുടിക്കുന്നത്.
സൂക്ഷ്മവും സൃഷ്ടിപരവുമായ ശക്തിസ്ഥിതികള് പ്രകൃതിയില്‍ തന്മയത്വമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. ഉദാഹരണമായി, ചാരല് എന്ന വൃക്ഷവുമായി അടുത്തു പെരുമാറിയാല്‍ പലര്‍ക്കും ശരീരത്തില്‍ പൊള്ളല്‍പോലെയുള്ള അവസ്ഥ ഉണ്ടാകാറുണ്ട്. താന്നി എന്ന മരത്തെ പ്രദക്ഷിണം ചെയ്യുകയാണ് ഇതിനുള്ള പരിഹാരമാര്‍ഗമായി നിര്‍ദേശിക്കപ്പെടുന്നത്. വേദന ഉളവാക്കിയ രാസസ്ഥിതിയില്‍ മാറ്റം വരുത്തുന്നതായിരിക്കണം താന്നിയില്‍ നിന്നുള്ള പ്രത്യേകതരം ഊര്‍ജപ്രസരണം, എന്നാല്‍, ചാരല് ഒരു അനാവശ്യ വൃക്ഷവുമല്ല. ആയുര്‍വേദത്തില്‍ അര്‍ബുദചികിത്സയില്‍ അതിനൊരു സ്ഥാനമുണ്ട്.
പ്രകൃതിയിലെ നിയന്ത്രണശക്തികള്‍
പ്രകൃതിയില്‍ ഇങ്ങനെ സ്വാഭാവിക നിയന്ത്രണശക്തികള്‍ പല രംഗങ്ങളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഇവയെക്കുറിച്ച് അന്തര്ദര്ശനത്തിലൂടെയോ പരീക്ഷണങ്ങളിലൂടെയോ അവബോധം നേടി പ്രകൃതിയുമായി സഹകരിച്ചുള്ള യത്നത്തിലൂടെ ജീവിതം കൂടുതല്‍ അര്‍ത്ഥവത്തും ആരോഗ്യകരവുമാക്കാവുന്നതാണ്. ആദിവാസികളുടെ പല ഔഷധങ്ങളും സഫലമാകുന്നത് ഇതിനാലാണ്. നേരെമറിച്ച് മനുഷ്യന്റെ കൃത്രിമമായ ഇടപെടല്‍ പ്രകൃതിയുടെ സ്വാഭാവിക ഋതത്തില്‍ മാറ്റം വരുത്തുന്നു. ജനപ്പെരുപ്പം സംഭവിച്ചതോടെ ഭക്ഷ്യവിളവുകളും വര്‍ദ്ധിപ്പിക്കേണ്ടി വന്നു. രാസവളങ്ങളും കീടനാശിനികളും ഇതിനാവശ്യമായിവന്നു. എന്നാല്‍ ഇവയുടെ തുടര്‍ച്ചയായ പ്രയോഗം മണ്ണിനും മനുഷ്യനും ആപത്ക്കരമായിത്തീര്‍ന്നു. ഇതിനൊരു പരിഹാരം പ്രകൃതിയില്‍ നിന്നുതന്നെ കണ്ടെത്തേണ്ടിയിരിക്കുന്നു.
നഗരങ്ങളില്‍ മാത്രമല്ല, നാട്ടിന്‍പുറങ്ങളിലും അനേകം പേരെ വേദനയിലാഴ്ത്തിക്കൊണ്ട് വ്യാപിച്ചുവരികയാണ് കാന്‍സര്‍. പച്ചക്കറികളിലും പഴങ്ങളിലും ധാന്യങ്ങളിലും കീടനാശിനികളുടെ വിഷസാന്നിധ്യം ഇന്നത്തെ തോതില്‍ തുടരുകയാണെങ്കില്‍ ഇത്തരം രോഗങ്ങള്‍ നിയന്ത്രണാതീതമായി വ്യാപിക്കുമെന്നു ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പു നല്കുന്നു. ലബോറട്ടറിയില്‍ ജന്തുക്കളുടെമേല്‍ നടത്തുന്ന പരീക്ഷണങ്ങളിലൂടെ നിര്‍മിക്കപ്പെടുന്ന ഔഷധങ്ങള്‍ താല്കാലികമായ രോഗനിയന്ത്രണത്തിനു സഹായമാകുമെങ്കിലും പാര്‍ശ്വഫല രോഗങ്ങള്‍ പലപ്പോഴും കടന്നുവന്ന് ആരോഗ്യം തകരാറിലാക്കുന്നതായി കാണപ്പെടുന്നു. നിയന്ത്രണ വിധേയമായവയും പുതിയ ശക്തിയാര്‍ജിച്ച് രോഗപ്രതിരോധശക്തിയെ അതിക്രമിക്കുന്നു. വലിയ സമ്പത്തുള്ളവര്‍ക്കു മാത്രമാണ് ഇന്നത്തെ ചികിത്സാച്ചെലവില്‍ രോഗങ്ങളെ കുറെയെങ്കിലും നേരിടാന്‍ കഴിയുന്നത്.
കൃത്രിമവളങ്ങളും കീടനാശിനികളായ രാസവിഷങ്ങളുപയോഗിച്ച് വന്‍വിളവുകള്‍ ഉല്പാദിപ്പിക്കുന്നതില് വിജയിച്ചുവെങ്കിലും ഭക്ഷ്യവസ്തുക്കളില്‍ സംഭരിപ്പിക്കപ്പെടുന്ന വിഷവസ്തുക്കള്‍ ഭക്ഷിക്കുവാന്‍ നിര്ബന്ധിതനായിരിക്കുന്ന മനുഷ്യന് തീരാവ്യാധികള്‍ക്ക് അടിമയായിത്തീരുന്നു.
രാസപരിവര്ത്തനത്തിന്റെ പ്രസക്തി
പല വിഷവസ്തുക്കളും ഒരുതരം കേന്ദ്രീകൃത പ്രോട്ടീനുകളാണ്. ഗുണാത്മകമായ പ്രോട്ടീനുകള്‍ ശാരീരികാരോഗ്യത്തിന് ആവശ്യമാണ്. എന്നാല്‍ പാമ്പിന്‍വിഷം പോലുള്ള കേന്ദ്രീകൃത പ്രോട്ടീനുകള്‍ വിപല്ക്കരവുമാണ്. വിഷവസ്തുക്കളുടെ രാസസ്ഥിതിയില്‍ പരിവര്‍ത്തനം സൃഷ്ടിക്കുവാന്‍ കഴിഞ്ഞാല്‍ അവ ഗുണാത്മകമായി ശാരിരികാരോഗ്യത്തിനു അനുകൂലമായിത്തീരും. ശരീരത്തില്‍ പ്രവേശിച്ചിരിക്കുന്ന ഉഗ്രമായ പാമ്പിന് വിഷത്തെപ്പോലും ഇപ്രകാരം പരിവര്‍ത്തനവിധേയമാക്കാന്‍ കഴിയുന്ന ഒറ്റമൂലികള്‍ ഉണ്ടത്രേ. പച്ചക്കറികളിലും മറ്റും പുറമേ പറ്റിച്ചേര്‍ന്നിരിക്കുന്ന വിഷാംശങ്ങളെ മാറ്റുന്നതിനേക്കാള്‍ ഉള്ളില്‍ കടന്നുകൂടിയിരിക്കുന്ന വിഷത്തില്‍ ഇത്തരം പരിവര്‍ത്തനം വരുത്തുകയെന്നതാണ് പ്രധാനം. ഇതിനായി പ്രകൃതിയിലുള്ള അനുകൂലഘടകങ്ങളെ കണ്ടെത്തി പ്രയോജനപ്പെടുത്തേണ്ടിയിരിക്കുന്നു. അവ കണ്ടെത്തുന്നതില്‍ അന്തര്‍ദര്‍ശനത്തിനും രാസപരീക്ഷണങ്ങള്‍ക്കും പ്രസക്തിയുണ്ട്.
ലബോറട്ടറിയില്‍, പ്രത്യേകിച്ചും ജന്തുക്കളുടെമേല്‍ നടത്തപ്പെടുന്ന പരീക്ഷണങ്ങളിലൂടെ നിര്‍മിക്കുന്ന ഔഷധങ്ങളിലൂടെയും സ്കാനിങ്ങിലൂടെയുള്ള രോഗനിര്‍ണയത്തിലൂടെയും ശാരീരിക ചികിത്സാരീതികളില്‍ വലിയ മുന്നേറ്റമുണ്ടായിട്ടുണ്ട്. എന്നാല്‍ പലതരം രോഗങ്ങള്‍ വര്‍ദ്ധിക്കുന്ന അവസ്ഥയുമാണിന്ന്. വലിയ സമ്പത്തുള്ളവര്‍ക്ക് ആധുനിക ചികിത്സയിലൂടെ ആശ്വാസം നല്കുന്ന സൂപ്പര്‍സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളുടെ എണ്ണവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു.
എന്നാല്‍ ഇതോടൊപ്പം തന്നെ, അന്തര്‍ദര്‍ശനപരമായ ജ്ഞാനത്തിലൂടെ ആവിര്‍ഭവിച്ച ആയുര്‍വേദം, ഹോമിയോപ്പതി, സിദ്ധവൈദ്യം തുടങ്ങിയ വ്യത്യസ്ത ചികിത്സാരീതികള്‍ ഇന്ന് സാര്‍വ ലൗകിക പ്രസക്തിയാര്ജിച്ചുകൊണ്ടിരിക്കുകയാണ്. യോഗചിട്ടകള് അവലംബിച്ചുകൊണ്ട് സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളെയും മറ്റു ചികിത്സാരീതികളെയും ആശ്രയിക്കാതെ കഴിയുന്നവരും ധാരാളമുണ്ട്. രക്തസമ്മര്‍ദം, പ്രമേഹം, അര്‍ബുദം തുടങ്ങിയവ ബാധിക്കാതിരിക്കുവാനും അവയെ നിയന്ത്രിക്കുവാനുമായി മനസ്സിനും ആത്മീയ സമീപനത്തിനുമുള്ള പ്രസക്തിയെക്കുറിച്ച് ആധുനികശാസ്ത്രരംഗത്ത് ഇന്ന് പുതിയ അവബോധം ഉളവായിക്കൊണ്ടിരിക്കുന്നു. ആയുര്വേദത്തെപ്പോലുള്ള ചികിത്സാസമ്പ്രദായങ്ങള്‍ ഉളവാക്കുന്ന രോഗശമനപ്രദമായ സൂക്ഷ്മോര്ജസ്ഥിതികളെ ലബോറട്ടറി പരിശോധനകളുടെ ഇന്നത്തെ മാനദണ്ഡങ്ങളിലൂടെ നിര്ണയിക്കുവാന് സാധ്യമാകുകയില്ലെന്നു വരാം.
ഭക്ഷ്യോല്പാദനം വര്‍ധിപ്പിക്കുന്നതിനായി വിപുലമായി ഉപയോഗിക്കുന്ന രാസവളങ്ങളുടെയും കീടനാശിനികളുടെയും വിഷാംശങ്ങള്‍ വിവിധതരം രോഗങ്ങള്‍ക്കു കാരണമാകുന്ന ഇന്ന്. പഴം പച്ചക്കറി ധാന്യങ്ങള്‍ ഇവയുടെ ഉള്ളിലുള്ള വിഷവസ്തുക്കളില്‍ രാസപരമായ പരിവര്‍ത്തനം വരുത്തി ആരോഗ്യത്തിനു അനുകൂലമാക്കുവാനുള്ളതിനുള്ള ഗവേഷണവും പരീക്ഷണവും പ്രോത്സാഹിക്കപ്പെടേണ്ടതാണ്.
തപസ്യയിലൂടെ ഒരു പ്രകൃതിവൈഭവക്കൂട്ട്
വ്യത്യസ്തചികിത്സാരീതികളിലെ അധ്യാത്മികോര്ജസമീപനം, പ്രകൃതിഘടകങ്ങളുടെ സൂക്ഷ്മപ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം ഇക്കാര്യത്തില്‍ പരിഗണനാര്ഹമായിത്തീരുന്നു. പ്രകൃതിചികിത്സാരംഗത്ത് പ്രത്യേക പരിശീലനം നേടിയിട്ടുള്ള കാഞ്ഞങ്ങാട്ടെ അഡ്വ.കെ.മോഹനന് വര്‍ഷങ്ങളിലൂടെ നടത്തിയ ഗവേഷണങ്ങളിലൂടെ ലഭിച്ച അന്തര്‍ദര്‍ശനത്തിന്റെയും പരീക്ഷണങ്ങളുടെയും ഫലമായി ഭക്ഷ്യവസ്തുക്കളെ വിഷമുക്തമാക്കുവാനായി രൂപം നല്കിയ പ്രകൃതിദത്തമായ ഒരു ചേരുവ അന്താരാഷ്ട്രതലങ്ങളില്വരെ ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നു.
സംസ്കൃതപണ്ഡിതനും പാമ്പിന് വിഷം നിര്‍വീര്യമാക്കുന്നതില്‍ പ്രഗത്ഭനുമായിരുന്ന കൊല്ലടത്തു കണ്ണന് നായരില്‍ നിന്ന് പാരമ്പര്യ ചികിത്സാരംഗത്ത് പ്രചോദനം ലഭിച്ച ഇദ്ദേഹം ഗള്‍ഫിലെ പ്രശസ്തമായ ബരാക്കസ് ഇന്റര്‍നാഷണല്‍ ഫ്രൂട്സ് ആന്റ് വെജിറ്റബിള്‍ കമ്പനിയില്‍ ബ്രാഞ്ച് മാനേജറായി പതിനഞ്ചു വര്‍ഷം സേവനമനുഷ്ഠിച്ചിരുന്നു. ആ അവസരത്തിലാണ് ഈ അതീവസാമൂഹിക പ്രാധാന്യമുള്ള ആശയം അദ്ദേഹത്തിന്റെ മനസ്സില്‍ ഉദിച്ചത്.
തുടര്‍ന്നു നടന്ന അന്വേഷണങ്ങളിലൂടെയും ആദിവാസി കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ പലയിടങ്ങളില്‍ നിന്നും ലഭിച്ച പരമ്പരാഗത ഔഷധങ്ങളെക്കുറിച്ചുള്ള അറിവുകളുടെയും പരീക്ഷണങ്ങളുടെയും അടിസ്ഥാനത്തില്‍ 26 തരം സസ്യഘടകങ്ങളുടെയും രണ്ടുതരം രാസവസ്തുക്കളുടെയും ഒരു ഔഷധക്കൂട്ടിന് അദ്ദേഹം രൂപം നല്കുകയുണ്ടായി. അന്തര്‍ജ്ഞാനപരമായി ലഭിച്ച അധ്യാത്മികോര്ജസ്ഥിതികളെയും ഈ പരിവര്‍ത്തനാത്മകമായ ഔഷധക്കൂട്ടില്‍ സന്നിവേശിപ്പിച്ചിട്ടുള്ളതായി അദ്ദേഹം സൂചിപ്പിക്കുന്നു. ചില പ്രമുഖ ലബോറട്ടറികളിലെ കൃത്യമായ പരീക്ഷണങ്ങള്‍ക്കു ശേഷം അമേരിക്കന്‍ പേറ്റന്റു കമ്പനിയായ മാക്സ്വെന്‍ ഐപിയില്‍ നിന്നും ഇന്ത്യന്‍ പ്രൊവിഷണല്‍ പേറ്റന്റും ലോകരാഷ്ട്രങ്ങളില്‍ ഔഷധം നിര്‍മ്മിച്ച് വിപണനം ചെയ്യാനുള്ള പിസിടി അംഗീകാരവും ലഭിച്ചിട്ടുള്ളതായി അദ്ദേഹം പറഞ്ഞു. ഇന്നത്തെ സമൂഹം കാര്യമായി പരിഗണിക്കേണ്ട ഈ സേവനം മനുഷ്യരാശിക്ക് വളരെ പ്രയോജനപ്രദമാകുമെന്നു നമുക്ക് പ്രതീക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: