കായംകുളം: പരാധീനതകള്‍ക്ക് നടുവില്‍ കരീലകുളങ്ങര പോലീസ് സ്റ്റേഷന്. 1987ല്‍ സ്ഥാപിതമായ പോലീസ് സ്റ്റേഷന്റെ ശോചനീയവസ്ഥ പരിഹരിക്കാന്‍ ഇന്നും അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. വാടകകെട്ടിടത്തിലാണ് സ്റ്റേഷന് പ്രവര്‍ത്തിക്കുന്നത്. സ്റ്റേഷന് സ്ഥാപിതമായിട്ട് ഇതിനോടകം മൂന്നു തവണ പോരായ്മയുടെ പേരില്‍ സ്റ്റേഷന് ആസ്ഥാനം മാറ്റിയിട്ടും എല്ലാ സൗകര്യങ്ങളോടുകൂടിയ ഒരു സ്റ്റേഷന് കെട്ടിടം സ്ഥാപിക്കുവാന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല.
പോലീസ് സ്റ്റേഷന് സ്വന്തമായ ഒരു കെട്ടിടം പണിയാന്‍ അധികൃതര്‍ വിചാരിച്ചിട്ട് നടക്കാതെ വന്നപ്പോള്‍ എന്റ്റിപിസി നല്കിയ ഇടുങ്ങിയ കെട്ടിടത്തിലാണ് ഇപ്പോള്‍ കരീലകുളങ്ങര പോലീസ് സ്റ്റേഷന് പ്രവര്‍ത്തിക്കുന്നത്. കേസുകളുടെ കാര്യത്തില്‍ ജില്ലയില്‍ രണ്ടാം സ്ഥാനത്ത് നില്ക്കുന്ന സ്റ്റേഷനാണിത്.
എസ്ഐ ഉള്‍പ്പടെ നാല്‍പ്പതോളം പൊലീസുകാര്‍ ജോലി ചെയ്യുന്ന സ്റ്റേഷനില്‍ കുടിവെള്ളത്തിനോ, പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുവാനോ സൗകര്യങ്ങള്‍ കുറവാണ്. വിവിധ കേസുകളില്‍ പിടിക്കപ്പെട്ട് റിമാന്റ് പ്രതികളെ പാര്‍പ്പിക്കണമെങ്കില്‍ ലോക്കപ്പ് സംവിധാനവും ഇല്ല. ഇത്തരം പ്രതികളെ സ്റ്റേഷനില്‍ എത്തിച്ചാല്‍ ചാര്‍ജ്ജുള്ള ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വത്തിലാണ് സൂക്ഷിക്കുന്നത്.
സ്റ്റേഷന് സ്ഥിതി ചെയ്യുന്ന സ്ഥലമാകട്ടെ 1000 ഏക്കര്‍ വരുന്ന നെല്‍പ്പാടത്തിന്റെ സമീപത്താണ്. ഏതെങ്കിലും സാഹചര്യത്തില്‍ പ്രതികള്‍ രക്ഷപ്പെട്ടാല്‍ വിജനമായ വയലില്‍കൂടി പെട്ടന്ന് രക്ഷപ്പെടാന്‍ സാധിക്കും. ഇത് പോലീസിന് ഏറെ ബുദ്ധിമുട്ടിലാക്കുന്ന സ്ഥിതിയാണ്. കുറ്റകൃത്യങ്ങള്‍ അടിക്കടി ഏറുന്ന സാഹചര്യത്തില്‍ എത്രയും വേഗത്തില്‍ എല്ലാ സൗകര്യങ്ങളോടുകൂടിയ ഒരു പോലീസ്റ്റേഷന് കരീലകുളങ്ങരയില്‍ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: