മണ്ണഞ്ചേരി: ദേശീയ കായിക മാമാങ്കം സ്വന്തം വീട്ടുപടിമുറ്റത്ത് അരങ്ങേറുമ്പോഴും ഒരുക്ഷണക്കത്ത് പോലും ലഭിക്കാതെ ഗതകാല സ്മൃതികള്‍ അയവിറക്കി അവഗണനയുടെ കയ്പ്പുനീര് നുകര്‍ന്ന് വോളിബോള്‍ കളിയുടെ ആചാര്യന്. കലവൂര്‍ എന്‍.ഗോപിനാഥിനെയാണ് അധികൃതര്‍ അവഗണിച്ചത്. മേള നടക്കുന്ന മണ്ണഞ്ചേരി പഞ്ചായത്തിലെ വീട്ടിലിരുന്ന് മാധ്യമങ്ങളിലൂടെയാണ് കായികമേളയുടെ വിശേഷങ്ങള്‍ അദ്ദേഹം അറിയുന്നത്. 80-ാം വയസിലും കളിക്കളത്തിലും സാമുദായിക സാമൂഹിക സാംസ്കാരിക രംഗങ്ങളിലും നിറഞ്ഞുനില്ക്കുന്ന ഇദ്ദേഹത്തിന് അവഗണനകള്‍ പുതിയ അനുഭവമല്ലെങ്കിലും സ്വന്തം നാട്ടില്‍ നടക്കുന്ന ദേശീയമേളയിലെ അവഗണന സഹിക്കാവുന്നതിനും അപ്പുറമെന്ന് തുറന്ന് പറയുന്നു. 1959ല്‍ ദല്‍ഹിയില്‍ നടന്ന ദേശീയ ഗെയിംസില്‍ വോളിബോള്‍ മത്സരത്തിലെ സ്വര്‍ണം കലവൂര്‍ എന്‍.ഗോപിനാഥ് ഉള്‍പ്പെട്ട ടീമിനായിരുന്നു.
ഇപ്പോള്‍ നടക്കുന്ന ഈ മത്സരങ്ങളില്‍ ബഹുദൂരം മുന്നിട്ടു നില്ക്കുന്ന സര്‍വീസസിന്റെ ടീമിലായിരുന്നു അന്ന് ഗോപിനാഥ് കളിച്ചിരുന്നത്. പിന്നീടിങ്ങോട്ട് നടന്ന മത്സരങ്ങളില്‍ 18 സ്വര്‍ണ മെഡലുകള്‍ വാരിക്കൂട്ടിയ കേരളക്കരയുടെ അഭിമാനതാരം കളിപൂര്ത്തിയാക്കി നിരവധി വോളിബോള്‍ താരങ്ങളെ തന്റെ കീഴിലെ പരിശീലനത്തിലൂടെ രാജ്യത്തിനു സമ്മാനിച്ചു. ജിമ്മി ജോര്‍ജും ഉദയകുമാറും ശ്യാം സുന്ദറും ഇതില്‍ ചിലര്‍ മാത്രം. കായിക രംഗത്തെ മികവിനായി കൈമെയ്യ് മറന്ന് വിയര്‍പ്പൊഴുക്കിയ കലവൂര്‍ എന്‍. ഗോപിനാഥ് വളര്‍ത്തിയെടുത്തവര്‍ അര്ജുന്മാരും ദ്രോണാചാര്യന്മാരും ആയപ്പോഴും ഇവിടെയും ഈ താരത്തിന് അവഗണന നേരിടേണ്ടി വരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: