കൊച്ചി: ചെറായിയുടെ കടലിനും തീരത്തിനും കഴിഞ്ഞ നാലു ദിവസങ്ങളില്‍ ആവേശം പകര്‍ന്ന യോട്ടിങ് മത്സരം ഇന്ന് സമാപിക്കും. കടല്‍ത്തീരമില്ലാത്ത മണിപ്പൂരിന്റെയും രാജസ്ഥാനിന്റെയും താരങ്ങള്‍ അവസാനറൗണ്ടില്‍ മുന്നിട്ടു നില്ക്കുമ്പോള് കടലും കായലും ജീവിതത്തിന്റെ ഭാഗമായ കേരളത്തിന്റെ താരങ്ങളില്‍ മനു ഫ്രാന്‍സിസ് ഒഴികെയുള്ളവര്‍ പ്രതീക്ഷ കൈവിട്ട നിലയിലാണ്. സേനാംഗങ്ങളുടെ ടീമായ സര്‍വീസസും മേധാവിത്വം പുലര്‍ത്തുന്നുണ്ട്.
ലേസര്‍ സ്റ്റാന്‍ഡേഡ് വിഭാഗത്തില്‍ മണിപ്പൂരിന്റെ ബി. കെ. റൗത്ത്, സര്‍വീസസിന്റെ ധര്‍മേന്ദ്ര, ഒറീസയുടെ വിക്രം മഹാപാത്ര, രാജസ്ഥാന്റെ മുസാഹിദ് ഖാന് എന്നിവരാണ് ആദ്യസ്ഥാനങ്ങള്‍ക്കായി പോരാടുന്നത്. ആദ്യത്തെ മൂന്ന് ദിവസം റൗത്തും മുസാഹിദ് ഖാനും നേടിയ മേധാവിത്വത്തിന് ഇന്നലെയാണ് വിക്രമും മനുവും വെല്ലുവിളി ഉയര്‍ത്തിയത്. കേരളതാരങ്ങളായ പ്രിന്‍സ് നോബിള്‍, ഡി. ആനന്ദ്, ആകാശ് എന്നിവര്‍ക്ക് ഇനി വിദൂരപ്രതീക്ഷ മാത്രം. ആദ്യദിനത്തില്‍ ബോട്ടിറക്കാന്‍ വൈകിയതും രണ്ടാം ദിവസം ബോട്ടിന്റെ പായ കെട്ടിനിര്‍ത്തുന്ന കയര്‍ പൊട്ടിയതുമാണ് കേരളതാരങ്ങള്‍ക്ക് വിനയായത്.
ആദ്യത്തെ മൂന്ന് ദിവസങ്ങളെ അപേക്ഷിച്ച് പ്രസന്നവും കാറ്റു വീശുന്നതുമായ അന്തരീക്ഷത്തിലാണ് ഇന്നലെ യോട്ടുകള്‍ കടലിലിറങ്ങിയത്. കാറ്റിന്റെ ആനുകൂല്യം മുതലെടുത്ത് എല്ലാ യോട്ടുകളും ഒരേനിരയില്‍ തന്നെ മത്സരിച്ചു. ഒപ്പത്തിനൊപ്പം നീങ്ങിയ പായ്വഞ്ചികള് തീരത്തെ കാഴ്ചക്കാര്‍ക്കും ദൃശ്യവിരുന്നായി.
വെയിലിന്റെ കാഠിന്യവും ഇന്നലെ താരതമ്യേന കുറവായിരുന്നു. യോട്ടുകള്‍ക്ക് കോസ്റ്റ് ഗാര്‍ഡ്, മറൈന്‍ പോലീസ്, ഫയര്‍ ആന്റ് റെസ്ക്യു എന്നീ വിഭാഗങ്ങളും ജലയാനങ്ങളില്‍ അകമ്പടി നല്കി. മൊത്തം പതിനഞ്ച് റേസുകളുള്ള യോട്ടിങ് മത്സരത്തില്‍ ഇന്ന് മൂന്ന് റേസുകള്‍ മാത്രമാണ് പൂര്‍ത്തിയാകാനുള്ളത്. കാറ്റും കടലും അനുകൂലമെങ്കില്‍ ഉച്ചയോടെ റേസ് ആരംഭിക്കും. നാലു മണിയോടെ വിജയികള്‍ തീരത്തെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: