ഒട്ടകപ്പുറത്തു നി-
ന്നെന്നെ നീ തള്ളിയിട്ടു
മരുഭൂമിയിലറ്റം
കാണാതെയലയുമ്പോള്
കാലപാശമെന് ഗളം
മുറുക്കിത്തുടങ്ങുമ്പോള്‍
മുഴങ്ങും നിലവിളി
കേള്‍ക്കാതെ നീ നടന്നു
രക്തമില്ലാത്തവരായ്
സോദരര്‍ ചിരിക്കുന്നു
മണിസൗധത്തില്‍ അട്ട-
ഹാസമായ് മുഴങ്ങുന്നു
മണല്‍ത്തരികള്‍ കാറ്റില്‍
പ്പറന്നു, മിഴികളില്‍
പൊഴിയും സങ്കടങ്ങള്‍
തീരാക്കടലില്‍ മുങ്ങി
കൊള്ളിവാക്കുകള്‍ ചൊല്ലി
നെഞ്ചകം പിളര്‍ത്തുന്ന
ദുശ്ശാസനനായെന്റെ
മനസ്സില്‍ കുടിവെച്ചു…!
പോയകാലത്തിന് വര്‍ഷം
പെയ്തൊഴിയുംപോലല്ലീ
സേവനക്കണക്കുകള്
നിരത്തീ നിരര്‍ത്ഥകം
ജയാപജയങ്ങളാല്
കലങ്ങിമറിയുന്ന
ബാല്യത്തില്‍, കൗമാരത്തില്‍
നല്കിയ ഭിക്ഷയാകെ….
തിരിച്ചങ്ങെടുത്തീടാന്
വെമ്പല്പൂണ്ടിരിക്കുന്നു
കൊച്ചുകുട്ടികള്‍ കളി-
പ്പാട്ടങ്ങള്‍ മാറുംപോലെ.
വെളുത്ത ചിറകടി-
ച്ചുയരും പക്ഷിയായി
ഞാനിതാ വന്നെത്തുന്നു
എച്ചില്‍ക്കൂനകള്‍ തേടി.
കറുത്ത ചിറകുമായ്
ചുവന്ന കണ്ണുകളില്‍
ക്രോധാഗ്നി ജ്വലിപ്പിക്കും
നാഗരികനായ് നീയും….!
പ്രതികരിക്കാൻ ഇവിടെ എഴുതുക: