ജീവിതത്തിന് രഥം നേരേ
തിരഞ്ഞാളുന്ന അഗ്നിയില്‍
ചിറകിന് താങ്ങുമില്ലാതെ
ഉഴറുന്നുണ്ട് യാത്രികര്‍
അറിയാം ആഴിതന്നാഴം
ഒഴുക്കില്‍ തീരദൂരവും
എങ്കിലും പുഴയായല്ലോ
പായാനായുന്നു നാളുകള്‍.
അഴകിന് വാനമേറ്റുന്നു
അലിവിന് വര്‍ഷമേഘവും
കരിയായ് തങ്ങി നില്ക്കുന്നു
ഒഴിയാ വന്ധ്യമേഘവും.
ഇതുപോലല്ലി ജീവന്റെ
അഴിയാത്ത സമസ്യകള്‍
ഇരുളും വെട്ടവും പോലെ
രണ്ടുപക്ഷവും ഒന്നുപോല്‍.
അറിയും സ്നേഹ വിത്താലേ
വിളയിക്കുന്നൊരു ലോകവും
വരളും ഹൃത്താലത്യന്തം
ശോകമേറ്റുന്ന മാര്‍ഗ്ഗവും.
തെളിയും താരമാര്ഗ്ഗങ്ങള്
സൗരയൂഥ വിഹായസിന്
പുറത്തു നിന്നല്ലോ സാകൂതം
കണ്ടു നില്‍പ്പിതു കാണികള്‍.
അകമേയാളുമാ സ്നേഹ
ക്കതിരില്ക്കണ്ണു വച്ചവര്‍
പതിവായ്ച്ചാരി നില്ക്കുന്നു
എരി വേല്ക്കാവിലപ്പൊഴും.
നൂറും പാലതും നല്കി
ക്കളത്തിലവരാടവേ
കനലായ്ക്കത്തിടും കാലം
നെരിപ്പോടതു മാതിരി.
എരിയും ദീപനാളിയില്
ഇതളടര്ന്നിടുമാവിധം
മനസ്സിന്നിതളടര്ന്നല്ലോ
പിടയുന്നിതു യാത്രികര്‍.
എരിയാനെണ്ണയില്ലെന്നാള്
എരിപൊരിക്കൊണ്ട വേളയില്‍
എത്തീ വണിക സംഘങ്ങള്‍
നിറകുടങ്ങളുമേന്തുവോര്.
പലരായ്പ്പല കാലത്തായ്
എണ്ണയിറ്റിയുണര്ത്തിപോല്
ഒരുനാള്‍ എണ്ണവറ്റിപ്പോയ്
തളര്‍ന്നോ നെടുനാളവും…?
ഇവിടെക്കരയും കടലും
സന്ധിയില്ലാതടുക്കവേ
ജടയില്ക്കറുത്ത കൈമുദ്ര
കാലുറഞ്ഞതു പോലെയായ്.
നടുവില്ത്താങ്ങു തേടുന്നൂ
നടുകീറിയ ജാതകം.
കൂട്ടിവയ്ക്കാനുദ്യമിപ്പൂ
പാഴ്ശ്രമങ്ങള്‍, ഉടമ്പടി.
ഒരുനാള്‍ ഓര്മക്കമ്പളം
നീര്‍ത്തിനിന്നു ക്ഷണിച്ചിടാം
പലനാള്‍ ആരുമോരാതെ
വല നെയ്യുന്നു കാഴ്ചകള്‍.
പതിവായ് വാതുവയ്ക്കുന്നൂ
പതിവിന്മേലെയടുത്തവര്
കണ്കളാലാത്മ ഹര്ഷത്തിന്
കടമ്പുകള്‍ വളര്‍പ്പവര്‍
പോയ മൗന വിലാപത്തിന്
അര്‍ത്ഥ പൂര്‍ണ വിരാമവും
അര്‍ത്ഥമില്ലെന്നു ചൊല്ലുന്നൂ
അന്ത്യയാത്രക്കൊരുങ്ങുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: