പി ആര് പ്രവര്‍ത്തനം അത്ര നല്ലതല്ലെന്നു പറയുന്നു കോണ്‍ഗ്രസിന്റെ രാജകുമാരന്. പബ്ലിക് റിലേഷന്‍സ് എന്ന് ആംഗലത്തില്‍ പറയുന്ന ഈ സാധനം ജനങ്ങളുമായുള്ള ഇഴയടുപ്പത്തിന് ഏറെ ഉപകരിക്കുമെന്നാണ് പൊതുവില്‍ വിവക്ഷിക്കപ്പെടുന്നത്. ഓരോരുത്തരും അത് എങ്ങനെ പ്രയോഗത്തില്‍ വരുത്തുന്നു എന്നത് അനുസരിച്ചിരിക്കും കാര്യങ്ങള്‍. മേപ്പടി പിആര്‍ വര്‍ക്ക് കോണ്‍ഗ്രസ്സിന്റെ ധാര്ഷ്ട്യത്തിനനുസരിച്ചും സില്‍ബന്തികളുടെ സിന്ദാബാദിനനുസരിച്ചും നടപ്പില്‍ വരുത്തിയതിന്റെ പരിണതിയാണ് മല്ലികാര്ജുനഖാര്ഗെയെന്ന പ്രതിപക്ഷത്തെ എംപിക്ക് പ്രതിപക്ഷ നേതാവിന്റെ സ്ഥാനം കിട്ടാതെ പോയത്.
മുഖം മോശമായതിന് നിരന്തരം കണ്ണാടി തല്ലിപ്പൊട്ടിക്കുന്ന മോളോട് ബ്യൂട്ടി പാര്ലറിലെങ്കിലും പോടീ എന്ന് അമ്മ പറയുന്നതുപോലെ നമുക്ക് പറയാനാവില്ലല്ലോ. ലോകപ്പോലീസിന്റെ തലവനെന്ന് പലരും പറയുന്ന ബറാക് ഒബാമ ഭാരതത്തില്‍ വന്നതും തുടര്‍ന്നുണ്ടായ വിസ്മയകരമായ സ്ഥിതിഗതികളും കണ്ട് ആകെ പിരാന്തുകേറിയ ചിലര്‍ വായില്‍ തോന്നിയത് വിളിച്ചു പറയുമ്പോള്‍ നമുക്ക് ചുമ്മാ കേട്ടു നില്‍ക്കാമെന്നേ.
ഇനി രാജകുമാരന് ഉവാച: കഴിഞ്ഞ മെയ് മുതല്‍ എന്‍ഡിഎ സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നത്. എന്നാല്‍, പ്രധാനമന്ത്രി സ്വന്തം പി ആര് (പബ്ലിക് റിലേഷന്‍സ്) നടത്തുന്ന തിരക്കിലാണ്. ഒട്ടേറെ നാടകങ്ങളാണ് സ്വന്തം പരസ്യത്തിനായി പ്രധാനമന്ത്രി നടത്തുന്നത്. ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്കൊന്നിനും കൃത്യമായ പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. (മലയാള മനോരമ, ജനു. 28) രാജകുമാരന്റെയും മേപ്പടി പത്രത്തിന്റെയും അജണ്ട ഒന്നായിട്ടും ഈ പ്രസ്താവന ഒന്നാം പേജില്‍ ഇടം നേടാഞ്ഞതെന്തന്നല്ലേ നിങ്ങള്‍ക്ക് സംശയം.
അതിന് അതേ ദിവസത്തെ ഒന്നാം പേജിന്റെ തലക്കെട്ട് തന്നെ ഉദാഹരണം. നോക്കുക: ഒടുവില്‍ ഒബാമ ഓര്‍മ്മിപ്പിച്ചത് മതസ്വാതന്ത്ര്യം. ഇപ്പോള്‍ നടക്കുന്ന സംഭവവികാസങ്ങളിലേക്കാണ് ഒബാമ ശ്രദ്ധതിരിച്ചുവിട്ടതെന്നാണ് പത്രാധിപരുടെ ഭാഷ്യം. ശരിയാണ്, ഭാരതത്തില്‍ മതപരിവര്‍ത്തനത്തിലൂടെ അന്തഃഛിദ്രവും അസ്വസ്ഥതയും സൃഷ്ടിക്കുന്ന സൃഗാലന്മാരെ ഒബാമ തിരിച്ചറിഞ്ഞിട്ടുണ്ട്. ആട്ടിന്‍തോലിട്ട് നടക്കുന്ന അത്തരം ചെന്നായക്കൂട്ടങ്ങള്‍ ഭാരതത്തിന്റെ തനിമയും തത്വവും മനസ്സിലാക്കി പ്രവര്‍ത്തിച്ചാല്‍ ലോകത്തിന്റെ പ്രഭാപൂരിതസ്ഥാനം സ്വായത്തമാകും എന്നു തന്നെയാണ് ഉദ്ദേശിച്ചത്. നാനാര്‍ത്ഥത്തിന്റെ നാസ്തികതലത്തില് അക്ഷരപ്പെയ്ത്ത് നടത്തുമ്പോള്‍ അത്യാവശ്യം ചിന്ത അവശ്യമാണെന്ന് ഇത് ഓര്‍മ്മിപ്പിക്കുന്നു; രാജകുമാരനും ഇത് ബാധകം.
ഭാരതത്തിന്റെ ആത്മാവില്‍ എന്താണ് ഉള്ളതെന്ന് മനസ്സിലാക്കാത്തവര്‍ ഭാരതീയരാണെന്ന് വെറുതെ പറയുന്നതല്ല. കവിതയുടെ സൂര്യതേജസ്സാര്‍ന്ന മുഖമുള്ള വിഷ്ണു നാരായണന് നമ്പൂതിരി അത് നമ്മോടു പറയുന്നു. കഴിഞ്ഞ ദിവസം എഴുത്തച്ഛന് പുരസ്കാരം ഏറ്റുവാങ്ങി നടത്തിയ വികാരനിര്‍ഭരമായ പ്രസംഗത്തിലാണ് അതുള്ളത്. അതിലേക്ക്: എഴുത്ത് വിദ്യമാത്രമല്ല, സംസ്കാരം കൂടിയാണ്. എഴുത്ത് അറിവ് മാത്രമല്ല, ഉള്‍ക്കാഴ്ച കൂടിയാണ്. ഇന്ത്യ എഴുത്തിന്റെയും എഴുത്തച്ഛന്മാരുടെയും നാടാണ്. യുദ്ധകാലത്ത് യൂറോപ്പില്‍ ചെന്ന കവി ഡബ്ല്യു.ബി. യേറ്റ്സിനോട് എന്തിനാണു വന്നതെന്നു പത്രപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ യൂറോപ്പിനുവേണ്ടി ഒരു ഗീത എഴുതാന്‍ ആണെന്നായിരുന്നു മറുപടി.
എങ്കില്‍ പിന്നെ എന്തുകൊണ്ട് ഇന്ത്യയിലേക്കു പോകുന്നില്ലെന്നു ചോദിച്ചപ്പോള്‍ ഇന്ത്യയുടെ മണ്ണില്‍ തൊടാനുള്ള പക്വത താന്‍ കൈവരിച്ചിട്ടില്ലെന്നാണു യേറ്റ്സ് പറഞ്ഞത്. കടന്നുകാണുന്നവരാണ് കവികള്‍ എന്ന് പറയാറുണ്ട്. ഇവിടെ വിഷ്ണു നാരായണനും പരാമൃഷ്ടനായ വ്യക്തിയും കടന്നു കാണുന്നു. കടന്നു കാണുന്നവര്‍ക്കേ കരളുറപ്പിനെപ്പറ്റി വ്യക്തമായി മനസ്സിലാക്കാനാവൂ. യേറ്റ്സിനു ആദരവു തോന്നിയ ഭാരതത്തിലേക്ക് ഇപ്പോഴാണ് ബരാക് ഒബാമക്ക് വരാനായത്. വന്ന് സംസാരിച്ചത് എന്താണെന്ന് മനസ്സിലാകാത്തവര്‍ തങ്ങള്‍ക്ക് തോന്നിയത് എഴുതിവെക്കുന്നു. കവികള്‍ കടന്നു കാണുന്നതും ക്ഷുദ്രമനസ്കര് കടന്നു കാണുന്നതും താരതമ്യം ചെയ്ത് നോക്കിയാല്‍ നമുക്ക് വെളിച്ചത്തിലേക്കുള്ള പാത സുതാര്യമായി കാണാനാവും. സുതാര്യതയാണ് സ്നേഹത്തിന്റെ ഇരിപ്പിടം.
എഴുത്തിന്റെ പെരുമാക്കള്‍ ആരൊക്കെയാണെന്ന ചോദ്യമുയര്‍ത്തുന്നു മാതൃഭൂമി വാരാന്തപ്പതിപ്പി(ജനു.25)ല്‍ കെ.എ. ജോണി. എഴുത്തു നിര്‍ത്തുകയാണെന്ന് പ്രഖ്യാപിച്ച മാതൊരുഭഗന്‍ നോവലിന്റെ കര്‍ത്താവ് പെരുമാള്‍ മുരുകനെ മുന്‍നിര്‍ത്തിയാണ് കുറിപ്പ്. തങ്ങള്‍ പറയുന്നതാണ് ജനങ്ങള്‍ അംഗീകരിക്കേണ്ടതെന്നത് ഏതു മേഖലയിലെയും ഫാസിസ്റ്റ് സമീപനമാണെന്ന് ചൂണ്ടിക്കാട്ടുന്നവര്‍ തന്നെ സ്വയം ഫാസിസ്റ്റുകളാവുന്ന സാംസ്കാരിക നെറികേടാണ് ഇപ്പോള്‍ കൊട്ടിപ്പാട്ട് സേവാ നടത്തുന്നത്. മാതൊരു ഭഗന് എന്ന നോവല്‍ സമൂഹത്തിന്റെ ഏതു മുഖത്തേയാണ് അനാവരണം ചെയ്യുന്നതെന്നോ, അത് സമൂഹത്തില്‍ എത്തരത്തിലുള്ള സാംസ്കാരിക ഊര്‍ജമാണ് പ്രവഹിപ്പിക്കുകയെന്നോ അറിഞ്ഞുകൂടാത്ത കുറേ സാംസ്കാരികക്കാര് കൊടിയും വടിയുമായി രംഗത്തുണ്ട്.
കാര്യം ശരിക്കു മനസ്സിലാക്കാനോ, അത് വിവരിച്ചുകൊടുക്കാനോ അറിയാത്ത കുറേ ജോണിമാര് പേനയും പേനാക്കത്തിയുമായി അവര്‍ക്കൊപ്പം ആളെ കൂട്ടുന്നത് കണ്ടിരിക്കുന്നതും ഒരു രസം തന്നെ. ബഫൂണുകള്‍ ഇല്ലാത്ത സര്‍ക്കസ് ഒരു സര്‍ക്കസ് ആണോ? കെ.എ. ജോണിയുടെ എഴുത്തിന്റെ തലക്കെട്ട് ഇങ്ങനെ: ആരാണ് എഴുത്തിന്റെ പെരുമാക്കള്‍? ഇത് മുഴുവന്‍ വായിച്ചിട്ടും ഈയുള്ളവന് അത് പിടികിട്ടിയില്ല ജോണിച്ചായാ.
ചളിയില്‍ ചവിട്ടിയ കാല് നല്ല തെളിവെള്ളത്തില്‍ കഴുകിയാല്‍ എങ്ങനെയിരിക്കും? കെ.എ. ജോണിയെ വായിച്ച് മധു തൃപ്പെരുന്തുറയെ വായിക്കുമ്പോഴുള്ള അനുഭവമായിരിക്കും എന്ന് കാലികവട്ടം. ഒന്നിനോടും സമരസപ്പെടാത്ത സത്യാന്വേഷിയായ കേശവന് നായര്‍ എന്ന, അല്ല കേശവന്റെ ജീവിതത്തെക്കുറിച്ചാണ് സുതാര്യമായ എഴുത്ത്. സ്വാതന്ത്ര്യസമര സേനാനി, കറകളഞ്ഞ കമ്മ്യൂണിസ്റ്റ്, സര്‍വോപരി മനുഷ്യത്വമുള്ള രാഷ്ട്രീയക്കാരന് എന്നു തുടങ്ങി എങ്ങനെയും വിശേഷിപ്പിക്കാം ഈ 94 കാരനെ. കുടുംബവിഹിതം കിട്ടിയതും അധ്വാനിച്ചുണ്ടാക്കിയതുമായ എട്ട് ഏക്കര്‍ 61 സെന്റ് സ്ഥലം ആരൊക്കെയോ കൈയേറി കൈമാറി. യഥാര്‍ത്ഥ രേഖകള്‍ കൈവശമിരിക്കെ ഇതെങ്ങനെ സംഭവിച്ചു എന്നു ചോദിച്ചാല്‍ ഉത്തരമില്ല. എഴുത്ത് എന്തിനെന്ന് മധു തൃപ്പെരുന്തുറയോടും കെ.എ. ജോണിയോടും ചോദിച്ചാല്‍ ഉത്തരം ഇങ്ങനെ: മനുഷ്യത്വത്തിന്റെ മധുരിമ മനസ്സിലാക്കിക്കൊടുക്കാന്‍- മധു; എന്തായാലും പണം കിട്ടിയാല്‍ മതി- കെ. എ. ജോണി. ഇരുവര്‍ക്കും ഇടം കൊടുത്ത മാതൃഭൂമിക്ക് നമുക്കൊരു നന്ദി പറയാം. ഇല്ലെങ്കില്‍ കൃതഘ്നതയാവില്ലേ?
ഒറ്റയ്ക്ക് കിടക്കുമ്പോള്‍ നാം സ്വയം വിചാരണ നടത്തും. കുറെ കാര്യങ്ങള്‍ കുറേക്കൂടി നന്നായി ചെയ്യാമായിരുന്നു എന്നു തോന്നും. പിന്നെ പഴയ യാത്രകളെക്കുറിച്ചോര്ക്കും. വായനക്കാരുടെ പ്രിയപ്പെട്ട കഥാകാരന് പുനത്തില്‍ കുഞ്ഞബ്ദുള്ളയുടേതാണീ വാക്കുകള്‍. ഏകാന്തതയുടെ ശീതോഷ്ണാവസ്ഥകളുടെ ഗാഢാലിംഗനത്തില്പ്പെട്ട് കലയുടെ അപ്സരസ്സുകള്‍ മതിമറന്ന് രംഗത്തെത്തി നൃത്തമാടുന്ന രംഗം സങ്കല്പ്പിച്ചുനോക്കുക. ഒറ്റയ്ക്കുള്ള, ഏകാന്തതയിലുള്ള, താന്‍ തന്നോടു മാത്രം സംസാരിക്കുമ്പോഴുള്ള കൊതിയൂറുന്ന അനുഭവം ആര്‍ക്കുമുണ്ടാകും.
ജന്മസിദ്ധമായി കല കയറിയിരിക്കുന്ന ഹൃദയമുള്ളവര്‍ക്ക് അത് അവാച്യസുന്ദരമായിരിക്കും. പുനത്തില്‍ ഇപ്പോള്‍ ആ അനുഭവത്തിലാണ്. ചികിത്സയ്ക്കും വിശ്രമത്തിനുമായി കുടപ്പമേറിയ പഥ്യങ്ങളുടെ കടുകുമണി തെറ്റാത്ത വഴിയിലൂടെയുള്ള യാത്ര. അതിനെക്കുറിച്ച് താഹമാടായി പുനത്തിലിനോടു തന്നെ ചോദിക്കുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പി (ഫെബ്രു. 07)ല്‍ അതു വായിക്കാം. താന്‍ തനിക്കു സുഹൃത്താവുമ്പോഴുള്ള അനുഭവത്തെക്കുറിച്ച് ഞാന്‍ മാത്രമാണ് ഇപ്പോള്‍ എന്റെ സുഹൃത്ത് എന്ന തലക്കെട്ടിലുള്ള അഭിമുഖത്തില്‍ പുനത്തില്‍ പറയുന്നു. സ്മാരകശിലകളുടെ തുടര്‍ച്ചയായുള്ള യാ അയ്യുഹന്നാസ് എന്ന നോവല്‍ അടുത്തു തന്നെ തയ്യാറാവുമെന്ന ആഹ്ലാദവും അദ്ദേഹം പങ്കുവെക്കുന്നു.
ഗാന്ധിജിയെന്ന അഭൗമവ്യക്തിത്വത്തെ പ്രകീര്‍ത്തിച്ച ബരാക് ഒബാമയെയും ആതിഥേയനായ നരേന്ദ്രമോദിയെയും സാക്ഷിയാക്കി കേരളകൗമുദി തലവരയില്‍ പറഞ്ഞത് വസ്തുതയാണെങ്കിലും അങ്ങനെ വേണ്ടിയിരുന്നോ എന്നൊരു സംശയം. പിന്നെ സമാധാനിക്കാനുള്ളത് അങ്ങനെയെങ്കിലും സകലരും ഗാന്ധിയെന്ന് പറയുന്നുണ്ടല്ലോ എന്ന്. പണ്ട് ഒരാള്‍ മകന് നാരായണന് എന്ന് പേരിട്ടു. മഹാപിശുക്കനും ദ്രോഹിയുമായിരുന്നയാള് നാരായണാ, നാരായണാ എന്നു വിളിച്ചാണത്രെ മരിച്ചത്. ആ ആത്മാവിനെ ദൈവം അപ്സരസ്സുകളെ അയച്ച് ദേവലോകത്തേക്ക് കൂട്ടിക്കൊണ്ടു പോയി പോലും! മകനെയാണ് വിളിച്ചതെന്ന് വ്യാഖ്യാനിച്ചുകൊടുക്കാന്‍ അന്ന് ദേവലോകത്ത് പത്രങ്ങളില്ലാഞ്ഞത് അയാളുടെ ഭാഗ്യം എന്നല്ലാതെ എന്തു പറയാന്‍. ഗാന്ധിജിയുടെ കാര്യത്തിലും ഇതു പ്രസക്തമാണെന്ന് കൂട്ടിക്കോള്വാ!
പ്രതികരിക്കാൻ ഇവിടെ എഴുതുക: