രാഷ്ട്രപതിഭവനില്‍ നിന്നും രാജ്പഥിലൂടെ ഒന്നര കിലോമീറ്റര്‍ നീളുന്ന, അശ്വാരൂഢ സേനയുടെ അകമ്പടിയോടെയുള്ള യാത്ര. ഇന്ത്യാ ഗേറ്റിന് സമീപത്തെ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ രാഷ്ട്രപതി ദേശീയ പതാക ഉയര്‍ത്തുമ്പോള്‍ ഉയരുന്ന 21 ആചാര വെടികള്‍. അതിവിശിഷ്ട സൈനിക മെഡലുകളായ അശോക ചക്രയും കീര്‍ത്തി ചക്രയും നല്കുന്ന വികാര നിര്‍ഭരമായ ചടങ്ങ്. പിന്നാലെ അങ്ങുദൂരെ റെയ്സീനക്കുന്നിറങ്ങിവരുന്ന രാജ്യത്തെ സൈനിക-അര്‍ദ്ധസൈനിക വിഭാഗങ്ങളിലെ ആറായിരം പേരടങ്ങിയ മാര്‍ച്ച് പാസ്റ്റ്.
വിവിധ സംസ്ഥാനങ്ങളുടെ സാംസ്കാരിക വൈവിധ്യങ്ങള്‍ ലോകത്തോട് വിളിച്ചോതുന്ന നിശ്ചല ദൃശ്യങ്ങള്‍. അയ്യായിരം കലാകാരന്മാരുടെ പ്രകടനങ്ങള്‍, വിവിധ മന്ത്രാലയങ്ങള്‍ തയ്യാറാക്കുന്ന നിശ്ചലദൃശ്യങ്ങള്‍. ഭാരത കരസേനയുടെ ലോകപ്രശസ്ത മോട്ടോര്‍ ബൈക്ക് അഭ്യാസ പ്രകടനം. ഏറ്റവും ഒടുവിലായി ചക്രവാളസീമയ്ക്കപ്പുറത്തുനിന്നും പറന്നെത്തുന്ന യുദ്ധവിമാനങ്ങളുടെ കണ്ണുചിമ്മുന്ന ആകാശവിരുന്ന്. ഇതിനെല്ലാം പുറമേ തനിക്കു ചുറ്റുമിരിക്കുന്ന 1,11,240 കസേരകളിലെ ജനങ്ങളുണ്ടാക്കുന്ന ആവേശക്കടല്‍. രാജ്യം റിപ്പബ്ലിക്കായതിന്റെ 66-ാം വാര്‍ഷികാഘോഷങ്ങളുടെ മുഖ്യാതിഥിയായി എത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് മുന്നില്‍ ഈ നാടിന്റെ അത്ഭുതച്ചെപ്പ് തുറക്കുന്നത് 107 മിനുറ്റ് നേത്തേക്ക്. നേരില്‍ക്കാണാം മിസ്റ്റര്‍ പ്രസിഡന്റ് ഈ കാഴ്ചകള്‍.
നമുക്കായി പൊരുതി വീണ പേരറിയാത്ത പട്ടാളക്കാരുടെ ഓര്‍മ്മകള്‍ ജ്വലിക്കുന്ന ഇന്ത്യാ ഗേറ്റിലെ അമര്‍ ജവാന് ജ്യോതിയില്‍ പ്രധാനമന്ത്രി ആദരവര്പ്പിക്കുന്നതോടെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് തുടക്കമാകും. പ്രധാനമന്ത്രിയും മന്ത്രിസഭാംഗങ്ങളും സൈനികമേധാവിമാരും മറ്റു വിശിഷ്ട വ്യക്തികളുമടങ്ങുന്ന വലിയ വിവിഐപി നിര രാജ്പഥിലെ പ്രത്യേക വേദിയില്‍ പിന്നീട് കാത്തിരിക്കുക റെയ്സീനക്കുന്നിനു മുകളിലേക്കാണ്. രാഷ്ട്രപതിഭവനില്‍ നിന്നും അശ്വാരൂഢരുടെ അകമ്പടിയോടെ മെഴ്സിഡസ് ബെന്‍സില്‍ മുഖ്യാതിഥിയുമായി എത്തുന്ന രാഷ്ട്രപതിയെ പ്രധാനമന്ത്രിയും സഹപ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിക്കും. മുഖ്യാതിഥിയായ അമേരിക്കന്‍ പ്രസിഡന്റ് ഒബാമയ്ക്ക് പ്രധാനമന്ത്രി എല്ലാവരെയും പരിചയപ്പെടുത്തും. തുടര്‍ന്ന് ഔപചാരിക ചടങ്ങുകളിലേക്ക്.
രാഷ്ട്രപതി ദേശീയ പതാക ഉയര്‍ത്തുന്നതോടെ റിപ്പബ്ലിക് പരേഡിന് തുടക്കമാകും. പരേഡ് കമാണ്ടര്‍മാരുടെ വാഹനവ്യൂഹത്തിന് അകമ്പടിയായി നാലു സൈനിക ഹെലികോപ്ടര്‍ ആകാശത്തു പറക്കും. ഏറ്റവും മുന്നിലെ ഹെലികോപ്റ്ററില്‍ ദേശീയ പതാകയും മറ്റു മൂന്ന് കോപ്റ്ററുകളിലും മൂന്ന് സൈനിക വിഭാഗങ്ങളുടെ പതാകകളും പാറിപ്പറക്കും.
പിന്നാലെ സൈനിക അവാര്‍ഡുകളും ധീരതയ്ക്കുള്ള കുട്ടികളുടെ അവാര്‍ഡുകള്‍ നേടിയവരും പ്രത്യേകം അലങ്കരിച്ച വാഹനത്തിലെത്തും. അതിനു പിന്നാലെ കരസേനയുടെ പന്ത്രണ്ടോളം റെജിമെന്റുകള്‍ മാര്‍ച്ച് പാസ്റ്റ് ചെയ്ത് മുഖ്യസൈന്യാധിപനായ രാഷ്ട്രപതിക്ക് സല്യൂട്ട് നല്‍കും. വ്യോമ-നാവിക സേനകളും അവയുടെ ബാന്റ്സെറ്റുകളും പരേഡ് ചെയ്യും. സൈനിക മിസൈലുകളും യുദ്ധടാങ്കുകളും അകമ്പടിയാകും. ഇതിനു പിന്നാലെ അര്‍ദ്ധസൈനിക വിഭാഗങ്ങള്‍ മാര്‍ച്ച് ചെയ്ത് മുന്നോട്ടു നീങ്ങും. രാജസ്ഥാനില്‍ വിന്യസിച്ചിരിക്കുന്ന ഒട്ടകങ്ങളുടെ കാമല്‍ റെജിമെന്റുമായി ബിഎസ്എഫും കമാണ്ടോ വിങുമായി സിആര്‍പിഎഫും സിഐഎസ്എഫും ഐടിബിറ്റിയുമെല്ലാം മാര്‍ച്ച് ചെയ്തൊഴിയുമ്പോള് എന്‍സിസി പുരുഷ-വനിതാ കേഡറ്റുകള്‍ അണിനിരക്കും.
ഇതിനു പിന്നാലെ രാജ്യത്തിന്റെ സമ്പന്നമായ സംസ്കാരത്തിന്റെ നേര്‍ക്കാഴ്ചകളൊരുക്കി ടാബ്ലോകളെത്തിത്തുടങ്ങും. വിവിധ സംസ്ഥാനങ്ങളുടെ 16 ടാബ്ലോകളും കേന്ദ്രമന്ത്രാലയങ്ങളുടെ 9 ടാബ്ലോയുമാണ് ഇത്തവണ അണിനിരക്കുന്നത്. പുതിയ മന്ത്രാലയങ്ങളായ ഗംഗാശുചീകരണ, ആയുഷ് എന്നിവയ്ക്ക് പുറമേ മേയ്ക്ക് ഇന്‍ ഇന്ത്യയുടെ യന്ത്രനിര്‍മ്മിത സിംഹരൂപത്തിലുള്ള അവതരണവും ഉണ്ടാകും.
ഒടുവിലായി വ്യോമസേനയുടെ അഭ്യാസ പ്രകടനം. ആകാശത്ത് തയ്യാറാക്കി നിര്‍ത്തിയിരിക്കുന്ന 60 യുദ്ധവിമാനങ്ങളില്‍ 30 എണ്ണം രാജ്പഥിനു മുകളിലൂടെ പറക്കും. ഭാരത വ്യോമസേനയുടെ പക്കലുള്ള അമേരിക്കന്‍ നിര്‍മ്മിച്ച ‘ഭീമന് യുദ്ധവിമാനമായ’ സി130ജെ സൂപ്പര്‍ ഹെര്‍ക്കുലീസ് ഉള്‍പ്പെടെ അണിനിരക്കുന്ന വ്യോമാഭ്യാസ പ്രകടനത്തില്‍ വി ഫോര്‍മേഷനില്‍ ലോങ്റേഞ്ച് മാരിടൈം നിരീക്ഷണ എയര്‍ക്രാഫ്റ്റ് പി-81എസ് ഇതാദ്യമായി പങ്കെടുക്കും. മിഗ് 29കെ,സുകോയ് 30 എംകെഐ,മിഗ് 35 ഹെലികോപ്ടര്‍, ധ്രുവ ഹെലികോപ്ടറുകള്‍ എന്നിവയും വ്യോമാഭ്യാസത്തില്‍ പങ്കെടുക്കുന്നുണ്ട്. വ്യോമാഭ്യാസ പ്രകടനങ്ങള്‍ക്ക് ശേഷം ദേശീയഗാനത്തോടെ ഒന്നേമുക്കാല്‍ മണിക്കൂര്‍ നീളുന്ന പരേഡിന് സമാപനമാകും.
ഇത്തരത്തില്‍ പ്രാധാന്യമേറിയ ഒരു പരിപാടിയിലും മുമ്പ് പങ്കെടുത്തിട്ടില്ലാത്ത ബരാക് ഒബാമ ഭാരതത്തിന്റെ റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിലേക്കുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണത്തെ അത്ഭുതത്തോടെയാണ് സ്വീകരിച്ചതെന്നാണ് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഭാരതത്തിന്റെ പൗഢിയും ഗരിമയും സാംസ്കാരിക ഔന്നത്യവും ലോകത്തിനു മുന്നില്‍ വിളിച്ചു പറയാന്‍ ലഭിച്ച ഏറ്റവും മികച്ച അവസരമായി ഈ വര്‍ഷത്തെ റിപ്പബ്ലിക്ദിന പരേഡ് മാറുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: