മട്ടന്നൂര്‍: സമുദായാംഗത്തിന്റെ മൃതദേഹത്തില്‍ റീത്ത് സമര്‍പ്പിക്കാനെത്തിയവരെ അക്രമിച്ച സംഭവത്തില്‍ പ്രതിഷേധം വ്യാപകമായി. പരിയാരം മുണ്ടയോട് എന്‍എസ്എസ് കരയോഗാംഗം പെരുവയല്‍ക്കരിയിലെ വെള്ളുവ സരോജിനിയുടെ മൃതദേഹത്തില്‍ റീത്ത് സമര്‍പ്പിക്കാനെത്തിയ കരയോഗം ഭാരവാഹികള്‍ക്ക് നേരെയാണ് സിപിഎം സംഘം അക്രമം നടത്തിയത്. ഇവര്‍ കൊണ്ടുപോയ റീത്ത് ചവിട്ടി നശിപ്പിക്കുകയും ചെയ്തിരുന്നു.
പാര്‍ട്ടി ബന്ധമുള്ള കുടുംബങ്ങളില്‍ മരണമുണ്ടായാല്‍ റീത്ത് വെക്കാനെത്തുന്ന സാമുദായിക സംഘടനാ പ്രവര്‍ത്തകരെ കൈകാര്യം ചെയ്യണമെന്ന് സിപിഎം തളിപ്പറമ്പ് ഏരിയാ സമ്മേളനത്തില്‍ എം.വി.ഗോവിന്ദന് മാസ്റ്റര്‍ ആഹ്വാനം ചെയ്തിരുന്നു. ആ ആഹ്വാനം പരിയാരത്ത് പാര്‍ട്ടി സഖാക്കള്‍ നടപ്പിലാക്കുകയായിരുന്നു.
ഗോപാലനും കുടുംബവും രണ്ട് വര്‍ഷം മുമ്പ് ഇരിട്ടി കുന്നോത്ത് നിന്നും പരിയാരത്തേക്ക് താമസം മാറിയതായിരുന്നു. ഗോപാലന്റെ ഭാര്യ സരോജിനി എന്‍എസ്എസ് കരയോഗം മെമ്പറും വനിതാ സമാജം പ്രവര്‍ത്തകയുമായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. മൃതദേഹത്തില്‍ റീത്ത് സമര്‍പ്പിക്കുന്നത് തടഞ്ഞ നടപടിയില്‍ എന്‍എസ്എസ് തലശ്ശേരി താലൂക്ക് യൂണിയന് പ്രതിഷേധിച്ചു. എം.പി.ഉദയഭാനു അധ്യക്ഷത വഹിച്ചു.
കണ്ണൂര്‍: തലശ്ശേരി താലൂക്ക് എന്‍എസ്എസ് യൂണിയന് കീഴിലുള്ള പരിയാരം മുണ്ടയോട് കരയോഗം അംഗത്തിന്റെ മൃതദേഹത്തില്‍ റീത്ത് സമര്‍പ്പിക്കാന്‍ പോയ കരയോഗം ഭാരവാഹികളെ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തുകയും റീത്ത് നശിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ എന്‍എസ്എസ് കണ്ണൂര്‍ താലൂക്ക് യൂണിയന് പ്രതിഷേധിച്ചു. ഇത്തരം പ്രവൃത്തികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. എന്‍.ഒ.നാരായണന് നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. എ.കെ.രാമകൃഷ്ണന്, ടി.ഒ.വി.ശങ്കരന് നമ്പ്യാര്‍, കെ.എം.വിനോദ്, വി.വി.കൃഷ്ണന് നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: