ആലുവ: തറക്കല്ലിട്ടിട്ട് മാസങ്ങളായിട്ടും കീഴ്മാട് പഞ്ചായത്ത് പൊതുശ്മശാനത്തിന്റെ നിര്‍മ്മാണം ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ച് ആക്ഷന്‍ കൗണ്‍സില്‍ പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ ‘നിലവിളിസമരം’ സംഘടിപ്പിച്ചു. പ്രതീകാത്മക മൃതദേഹവുമായി വീട്ടമ്മമാരും കുട്ടികളും ഉള്‍പ്പെടെയുള്ള നൂറുകണക്കിന് പേര് നിലവിളി സമരത്തില്‍ പങ്കെടുത്തു.
പ്രതീകാത്മക മൃതദേഹത്തിന് മുമ്പില്‍ നിലവിളക്കും ചന്ദനത്തിരികളും കത്തിച്ച ശേഷം സ്ത്രീകളുടെ കൂട്ടനിലവിളിയോടെയാണ് സമരം ആരംഭിച്ചത്.
ശ്മശാനത്തിന്റെ പേരില്‍ ഇനിയും ഞങ്ങളെ പറ്റിക്കാമെന്ന് ഭരണക്കാര്‍ വിചാരിക്കേണ്ടെന്ന് സമരക്കാര്‍ പറഞ്ഞു. ശ്മശാനത്തിന് കല്ലിട്ട് മാസങ്ങള്‍ പിന്നിട്ടും നിര്‍മ്മാണം ആരംഭിക്കാത്തത് ഒരു വിഭാഗം ആളുകളുടെ ഒത്തുകളിക്ക് കൂട്ടുനില്‍ക്കുന്നവരെ വരുന്ന തെരഞ്ഞെടുപ്പില്‍ നേരിടുമെന്നും സമരക്കാര്‍ പറഞ്ഞു. ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി കെ. പി. സുരേഷ് സമരം ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കൗണ്‍സില്‍ ചെയര്മാന് നാരായണന്‍കുട്ടി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ വിജയന് കണ്ണന്താനം, വിവിധ ഹൈന്ദവ സംഘടന ഭാരവാഹികളായ സി.കെ. സുബ്രഹ്മണ്യന്, കെ.എന്‍. മോഹനന്, കെ.കെ. വേലായുധന്, എം.സി. അയ്യപ്പന്, എം.കെ. രാജീവ്, എം.എസ്. ശശിരാജ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതീകാത്മക മൃതദേഹം പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ അഗ്നിക്കിരയാക്കിയ ശേഷമാണ് സമരക്കാര്‍ പിരിഞ്ഞു പോയത്.
മുള്ളംകുഴിയില്‍ പട്ടികജാതി ശ്മശാനത്തോട് ചേര്‍ന്നാണ് പൊതുശ്മശാനം നിര്‍മ്മിക്കുന്നതിന് അന്‍വര്‍ സാദത്ത് എം.എല്‍.എ കല്ലിട്ടത്. പദ്ധതിക്കായി 75 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തിരുന്നു.
എന്നിട്ടും നിര്‍മ്മാണം വൈകിയതാണ് എസ്.എന്‍.ഡി.പി യോഗം, എന്‍.എസ്.എസ്, കെ.വി.എസ്.എസ്, കെ.പി.എം.എസ്, കെ.വി.എസ്, കെ.എസ്.എസ് തുടങ്ങിയ സംഘടനകള്‍ ഉള്‍പ്പെടുന്ന ആക്ഷന്‍ കൗണ്‍സിനെ വീണ്ടും സമരത്തിന് പ്രേരിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: