കൊച്ചി: ഇടപ്പള്ളി മുതല്‍ വൈറ്റില വരെയുള്ള ദേശീയപാത സൗന്ദര്യവല്‍ക്കരണ പദ്ധതിയുടെ സമര്‍പ്പണം ഇന്ന് വൈകിട്ട് 4.30ന് മന്ത്രി എ. പി. അനില്‍ കുമാര്‍ നിര്‍വ്വഹിക്കും. കൊച്ചി കോര്‍പ്പറേഷന്റെ മിഷന് കൊച്ചി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നാഷണല്‍ ഹൈവേയുടെ മീഡിയന് പുഷ്പ്പിക്കുന്ന ചെടികള്‍ വെച്ച് പരിപാലിക്കുന്നത്. എറണാകുളം മെഡിക്കല്‍ സെന്ററിന് സമീപം നടക്കുന്ന ചടങ്ങില്‍ മേയര്‍ ടോണി ചമ്മണി അധ്യക്ഷനാകും.
പ്രദേശത്തെ വാണിജ്യ-വ്യവസായ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ ഉള്‍പ്പെട്ട ഒരു ‘സ്റ്റോക്ക് ഹോള്‍ഡേഴ്സ് സൊസൈറ്റി’ രൂപീകരിച്ചാണ് പദ്ധതി നടത്തിപ്പിനുള്ള പണം കണ്ടെത്തിയത്. തുടര്‍ന്നുള്ള നടത്തിപ്പും പരിപാലനവും ഇവരുടെ ചുമതലയായിരിക്കും. 15പേരാണ് ഇപ്പോള്‍ സൊസൈറ്റിയില്‍ അംഗമായിട്ടുള്ളത്. സൊസൈറ്റിയുടെ ചെയര്മാന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, സെക്രട്ടറി എം ഇ മുഹമ്മദ്, ട്രഷറര്‍ പി സി ജോണ്‍ എന്നിവരാണ്.
രണ്ടാം ഘട്ടമായി സൈഡ് മീഡിയനുകളുടെ സൗന്ദര്യ വല്ക്കരണവും ആലോചിക്കുന്നുണ്ട്. ഫോര്‍ട്ട്കൊച്ചിയിലും ബ്രോഡ്വേയിലും സമാനമായി സൗന്ദര്യവല്‍ക്കരണം നടത്തുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത മേയര്‍ ടോണി ചമ്മണി പറഞ്ഞു. കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, ടി.ജെ. വിനോദ് തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: