തിരുവനന്തപുരം: വിജിലന്‍സ് എഡിജിപി ജേക്കബ് തോമസിന് സര്‍ക്കാര്‍ ഡിജിപിയായി സ്ഥാനക്കയറ്റം. ബാര്‍ കോഴ കേസ് അട്ടിമറിക്കാനാണ് ഇത്തരമൊരു നീക്കം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്ന് വ്യക്തമാണ്. ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയതിന് പിന്നാലെ സര്‍ക്കാര്‍ ബാര്‍ കോഴക്കേസിന്റെ മേല്‍നോട്ട ചുമതലയില്‍ നിന്നും ജേക്കബ് തോമസിനെ മാറ്റുകയും ചെയ്തതോടെയാണ് ഈ സംശയം ബലപ്പെട്ടിരിക്കുന്നത്.
കേസില്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് ജേക്കബിന് സ്ഥാന കയറ്റം നല്‍കിയിരിക്കുന്നത്. മാര്‍ച്ച് 31ന് ഒഴിവ് വരുന്ന ഡിജിപി തസ്കകളിലേയ്ക്കാണ് സര്‍ക്കാര്‍ തിടുക്കത്തില്‍ തീരുമാനമെടുത്തതെന്നും സംശയത്തിന്റെ ആക്കം കൂട്ടുന്നു.
ജേക്കബ് തോമസ് ഉള്‍പ്പടെ നാല് പേര്‍ക്കാണ് ഇന്നത്തെ മന്ത്രിസഭായോഗം ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയത്. ലോക്നാഥ് ബെഹ്റ, ഋഷിരാജ് സിംഗ്, അരുണ്‍കുമാര്‍ സിന്‍ഹ എന്നിവര്‍ക്കും ഡിജിപിയായി സ്ഥാനക്കയറ്റം നല്കി. ഐഎഎസ്-ഐപിഎസ് ഓഫീസര്‍മാരുടെ സ്ഥാനക്കയറ്റം നിര്‍ണയിക്കുന്ന സ്ക്രീനിംഗ് കമ്മിറ്റിയുടെ ശിപാര്‍ശ പരിഗണിച്ചാണ് നടപടിയെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു.
ബാര്‍കോഴക്കേസില്‍ ധനമന്ത്രി കെ.എം.മാണി കൂടുതല്‍ പ്രതിരോധത്തിലേയ്ക്ക് പോകുന്നതിനിടെയാണ് സര്‍ക്കാര്‍ വിജിലന്‍സ് എഡിജിപിയെ മാറ്റുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ മാണിക്കെതിരേ കോഴയാരോപണം ഉന്നയിച്ച ബിജു രമേശ് തെളിവായി കൂടുതല്‍ ശബ്ദരേഖകള്‍ പുറത്തുവിട്ടിരുന്നു. ഇന്ന് ബിജു രമേശ് തെളിവുകള്‍ വിജിലന്‍സ് നല്‍കാനിരിക്കേയാണ് മന്ത്രിസഭായോഗം ജേക്കബ് തോമസിന് സ്ഥാനക്കയറ്റം നല്കി കേസില്‍ നിന്നും ഒഴിവാക്കിയത്.
ബാര്‍ കോഴക്കേസിന് പുറമേ പാറ്റൂര്‍ ഭൂമിയിടപാട് കേസിലും പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ടി.ഒ.സൂരജിന്റെ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനക്കേസിലും ജേക്കബ് തോമസ് ശക്തമായ നടപടികള്‍ സ്വീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: