ഇരിട്ടി: മുഴക്കുന്ന് പഞ്ചായത്തിലെ പാലപ്പുഴയില്‍ കാട്ടാനക്കൂട്ടമിറങ്ങി ലക്ഷങ്ങളുടെ കൃഷി നശിപ്പിച്ചു. പാലപ്പുഴ കൂടലോട് പൂവാടന്‍ ബാബുവിന്റെ മൂന്ന് ഏക്കറോളം വരുന്ന സ്ഥലത്തെ മുപ്പതോളം തെങ്ങുകള്‍, കവുങ്ങുകള്‍, വാഴകള്‍ എന്നിവയാണ് ഞായറാഴ്ച അര്‍ദ്ധരാത്രി യോടെ എത്തിയ കാട്ടാനക്കൂട്ടം നശിപിച്ചത്. നശിപ്പിച്ച തെങ്ങുകളെല്ലാം പതിനഞ്ച് വര്‍ഷത്തിലേറെ പ്രായമുള്ള കായ് ഫലം തരുന്നവയാണ്.
എല്ലാം കുത്തി മറിച്ചിട്ട നിലയിലാണ്. ആറളം ഫാം ഭാഗത്തുനിന്നും പുഴ കടന്നെത്തിയ കാട്ടാനകളാണ് ജനവാസ കേന്ദ്രത്തിലിറങ്ങി അക്രമം കാണിച്ചത്. ഇതോടെ ഈ ഭാഗത്തുള്ള ജനങ്ങള്‍ ഭീതിയിലായി. വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇരിട്ടി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ദേവസ്യ, ഗാര്‍ഡ് മനോജ് ,എം എല്‍ എ അഡ്വ. സണ്ണി ജോസഫ് , മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി. പ്രസന്ന, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ , ബി ജെ പി മുഴക്കുന്ന് മണ്ഡലം പ്രസിഡന്റ് എന്‍.വി. ഗിരീഷ്, വി. മുരളീധരന് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
നിരന്തരം ഈ മേഖലകളിലെ ജനവാസ കേന്ദ്രങ്ങളില്‍ കാട്ടാനകള്‍ ഇറങ്ങി കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നതില്‍ ബിജെപി മുഴക്കുന്ന് മണ്ഡലം പ്രസിഡന്റ് എന്‍. വി. ഗിരീഷ് പ്രതിഷേധിച്ചു. ഈ ഭാഗങ്ങളിലെ പല വീടുകളില്‍ നിന്നും കുടുംബങ്ങള്‍ ഒഴിഞ്ഞു പോയ്കൊണ്ടിരിക്കയാണ്. ഉള്ളവര്‍ ഏറെ ഭീതിയോടെ ആണ് ഇവിടെ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു. വന്യ മൃഗങ്ങളില്‍ നിന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കുവാനുള്ള നടപടികള്‍ എത്രയും പെട്ടെന്ന് അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: