കണ്ണൂര്‍: സിപിഎം ജില്ലാ സമ്മേളനം 29 മുതല്‍ കൂത്തുപറമ്പില്‍ ആരംഭിക്കാനിരിക്കെ ജില്ലയില്‍ ഉടലെടുത്ത വിഭാഗീയതയെ മറികടക്കാനുള്ള ശ്രമത്തിലാണ് പാര്‍ട്ടി നേതൃത്വം. നേതൃത്വത്തിന്റെ ഉരുക്ക് ചട്ടക്കൂട്ടിലായിരുന്നു കണ്ണൂര്‍ ജില്ലയിലെ പാര്‍ട്ടി സംവിധാനം എപ്പോഴും നിലനിന്നിരുന്നത്.
പിണറായി വിജയന്റെ ആജ്ഞാനുവര്‍ത്തികളായി പ്രവര്‍ത്തിക്കുന്ന ജയരാജത്രയങ്ങളെ മറികടന്നുള്ള ഒരഭിപ്രായപ്രകടനത്തിന് മറ്റ് നേതാക്കളോ അണികളോ തയ്യാറകാത്ത ജില്ലയാണ് കണ്ണൂര്‍.
എന്നാല്‍ നേതൃത്വത്തിന്റെ ഏകാധിപത്യ പ്രവണതകള്‍ക്കും ഫാസിസ്റ്റ് നയങ്ങള്‍ക്കുമെതിരെ പാര്‍ട്ടിയിലെ ചില നേതാക്കന്മാര്ക്കും ഒരുവിഭാഗം അണികള്‍ക്കുമുള്ള അതൃപ്തി നേതൃത്വം തിരിച്ചറിഞ്ഞിട്ടുണ്ട്. ജില്ലാ സമ്മേളനം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ പിണറായി പക്ഷത്തിനെതിരെ തിരിയുന്നവരെ ഒതുക്കാനുള്ള പ്രവര്‍ത്തനം ആസൂത്രിതമായി നടക്കുന്നുണ്ട്. ബ്രാഞ്ച് സമ്മേളനം മുതല്‍ തന്നെ തങ്ങള്‍ക്ക് അനഭിമതരായവരെ ഒതുക്കുന്നതിന് ഇവര്‍ പ്രത്യേകം ശ്രദ്ധനല്കിയിരുന്നു.
അഞ്ച് രക്തസാക്ഷികളുടെ പേരില്‍ പാര്‍ട്ടി ഊറ്റം കൊള്ളുന്ന കൂത്തുപറമ്പില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്സഭാ തെരഞ്ഞെടുപ്പിലും പാര്‍ട്ടിക്കുണ്ടായ ദയനീയ തോല്‍വി ജില്ലാ സമ്മേളനത്തില്‍ ചര്‍ച്ചയാകുമെന്ന ഭയം ഔദ്യോഗിക നേതൃത്വത്തിനുണ്ട്. ഇതിനെ പ്രതിരോധിക്കുകയെന്നതാണ് നിലവിലുള്ള ജില്ലാ സെക്രട്ടറി പി.ജയരാജന് മുന്നിലുള്ള വെല്ലുവിളി. പതിനായിരക്കണക്കിന് വോട്ടിന്റെ ഭൂരിപക്ഷത്തിന് എല്‍ഡിഎഫ് ജയിച്ച കൂത്തുപറമ്പില്‍ കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെട്ടിരുന്നു.
കുത്തൂപറമ്പ് ഉള്‍പ്പെടുന്ന വടകര ലോക്സഭാ മണ്ഡലതത്തിലും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഎം പരാജപ്പെട്ടു. വൈകാരികമായി സിപിഎം ഏറെ പ്രമുഖ്യം നല്കിയ കൂത്തുപറമ്പില്‍ സിപിഎം പരാജയമേറ്റുവാങ്ങിയത് ജില്ലാ സെക്രട്ടറി പി.ജയരാജന്റെ തെറ്റായ നിലപാടുകളാണെന്നും ജയരാജനെ തല്‍സ്ഥാനത്ത് നിന്നും മാറ്റണമെന്ന അഭിപ്രായവും പാര്‍ട്ടിക്കകത്ത് ശക്തമായിട്ടുണ്ട്. പിണറായിയുടെ സ്വന്തക്കാരനെന്നനിലക്ക് ജയരാജനെതിരെ പരസ്യമായി ആരും രംഗത്ത് വരില്ലെന്ന ആത്മവിശ്വാസത്തിലാണ് ഔദ്യോഗിക വിഭാഗം. എന്നാല്‍ മാറിയ സാഹചര്യത്തില്‍ പാര്‍ട്ടിനേതൃത്വത്തിന്റെ തെറ്റായ നിലപാടുകള്‍ ചൂണ്ടിക്കാണിക്കാന്‍ ഒരുവിഭാഗം നേതാക്കള്‍ സജ്ജമാണ്.
സംഘടനാ വിരുദ്ധപ്രവര്‍ത്തനത്തിന് ബിജെപിയില്‍ നിന്ന് പുറത്താക്കിയ അശോകനെയും വാസുവിനെയും പരസ്യമായി പാര്‍ട്ടിയില്‍ സ്വീകരിച്ചതിനെതിരെ പാര്‍ട്ടിയിലെ ഒരു വിഭാഗത്തില്‍ നിന്ന് ശക്തമായ എതിര്‍പ്പുയര്‍ന്നിരുന്നു. ചെറുവാഞ്ചേരിയില്‍ കൊല്ലപ്പെട്ട സിപിഎമ്മുകാരന് ചന്ദ്രന്റൈ കേസില്‍ പ്രതിയായിരുന്ന അശോകനെ പാര്ട്ടിയിലെടുത്തതിനെരെ രക്തസാക്ഷി കുടുംബത്തില്‍ നിന്ന് തന്നെ ശക്തമായ പ്രതിഷേധമുയര്‍ന്നിരുന്നു.
പാനൂര്‍, കൂത്തുപറമ്പ് പ്രദേശങ്ങളില്‍ പാര്‍ട്ടിക്ക് ഗണ്യമായി രീതിയില്‍ വോട്ടുകുറയാന്‍ ഇതാണ് കാരണമെന്ന അഭിപ്രായം ശക്തമാണ്. തന്റെ കൂടെ രണ്ടായിരത്തോളം പേര് പുതിയതായി പാര്ട്ടിലെക്ക് വരുമെന്നായിരുന്നു അശോകന് സിപിഎം നേതൃത്വത്തോട് പറഞ്ഞത്. തൃശ്ശൂരില്‍ നിന്ന് ബിജെപി നേതാവുള്‍പ്പടെ അയ്യായിരത്തോളം പേര് വരുമെന്ന് വാസു പരസ്യമായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കേവലം അന്പത്പേരെ പോലും പാര്‍ട്ടിയിലേക്ക് കൊണ്ടു വരാന്‍ സാധിച്ചില്ലെന്നാണ് സിപിഎം നേതൃത്വത്തിന്റെ വിലയിരുത്തല്‍. അശോകനും വാസുവും പാര്‍ട്ടി നേതൃത്വത്തെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന അഭിപ്രയം പാര്‍ട്ടിക്കകത്ത് ശക്തമാണ്. ഇത്തരം പരിപാടിയില്‍ പിണറായിയെ പങ്കെടുപ്പിച്ചത് ഉചിതമല്ലെന്ന അഭിപ്രായവുമുണ്ട്.
പാര്‍ട്ടിയുടെ ബദ്ധശത്രുവായ എംവിആറിനെ മരണാനന്തരം ഏറ്റെടുത്തത് സിപഎമ്മിനകത്ത് ഏറെ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു. കൂത്തുപറമ്പ് രക്തസാക്ഷിദിനാചരണത്തിന് പ്രസക്തിയില്ലെന്ന വാദംപോലും പാര്‍ട്ടിക്കകത്ത് ഉയര്‍ന്നു. പാര്‍ട്ടിയിലെ ഒരുവിഭാഗം ഇതിനെതിരെ ലഘുലേഖകളിറക്കുകയും ചെയ്തിരുന്നു.
പതിവില്‍ നിന്ന് വിപരീതമായി എംവിആറിനെ വിമര്‍ശിക്കാതെയാണ് സിപിഎം കൂത്തുപറമ്പ് രക്തസാക്ഷിദിനാചരണ പരിപാടി നടത്തിയത്. ഇതിനെതിരെ രക്തസാക്ഷികളുടെ കുടുംബാംഗങ്ങളും പ്രതിഷേധമുയര്‍ത്തിയിരുന്നു. സിപിഎമ്മിന് സ്വാധീനമുള്ള കണ്ണൂര്‍ ജില്ലയില്‍ ജില്ലാസെക്രട്ടറി പി.ജയരാജന്റെ തീരുമാനങ്ങള്‍ പാര്‍ട്ടിയെ പിന്നോട്ടടിപ്പിച്ചുവെന്ന അഭിപ്രായം പാര്‍ട്ടി നേതൃത്വത്തിലും ശക്തമാണ്. ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് ജയരാജനെ മാറ്റാനുള്ള നീക്കമാണ് സംഘടനക്കകത്ത് ഇപ്പോള്‍ നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: