തിരുവനന്തപുരം: ധനമന്ത്രി കെ.എം. മാണി കോഴ വാങ്ങിയെന്ന് യുഡിഎഫിലെ കാബിനറ്റ് പദവിയുള്ള രണ്ട് നേതാക്കള്‍ തന്നെ സ്ഥിരീകരിച്ച സാഹചര്യത്തില്‍ മാണിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്.
ഗവമെന്റ് ചീഫ് വിപ്പ് പി.സി. ജോര്‍ജും, മുന്നാക്ക സമുദായ വികസന കോര്പ്പറേഷന് ചെയര്‍മാനും യുഡിഎഫ് നേതാവുമായ ആര്. ബാലകൃഷ്ണ പിള്ളയുമാണ് മാണി കോടികള്‍ കോഴ വാങ്ങിയ കാര്യം പരസ്യമായി സമ്മതിച്ചിരിക്കുത്.
ഈ പശ്ചാത്തലത്തില്‍ നിയമപരമായോ ഭരണഘടനാപരമായോ ധാര്‍മികമായോ മന്ത്രിസഭയില്‍ തുടരാന്‍ മാണിക്ക് അവകാശമില്ല. അങ്ങനെയുള്ള മാണി രാജിവയ്ക്കാന്‍ കൂട്ടാക്കാത്ത സാഹചര്യത്തില്‍ ഒരു നിമിഷംപോലും വൈകാതെ അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്നു മുഖ്യമന്ത്രി പുറത്താക്കണം.
ബാര്‍കോഴ പ്രശ്നത്തില്‍ ക്വിക്ക് വെരിഫിക്കേഷന് റിപ്പോര്‍ട്ട് വന്നതിനു ശേഷം അന്വേഷണം ഒരടിപോലും മുന്നോട്ടു പോയിട്ടില്ല. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വിജിലന്‍സിന്റെ കൈയും കാലും കെട്ടിയിരിക്കുകയാണ്. ഇതാണ് രമേശ് ചെിത്തല മാണിയുടെ വീട്ടില്‍ പോയി അറിയിച്ചത്. മാണി ‘സേഫ്’ ആണെന്ന് ചെന്നിത്തല അന്നു പറഞ്ഞതിന്റെ പൊരുളും ഇതുതന്നയൊണ്. ഏതുവിധേനെയും അഴിമതിക്കാരനായ മാണിയെ രക്ഷപ്പെടുത്താന്‍ അധികാര ദുര്വിനിയോഗംനടത്തുകയാണ്.
ഇത് നിയമത്തെയും ഭരണഘടനയെയും മാത്രമല്ല, ജനങ്ങളെയാകെ അവഹേളിക്കുകയും കബളിപ്പിക്കുകയും ചെയുന്ന നടപടിയാണ്. ഇത്ര നഗ്നമായ അഴിമതി സംബന്ധിച്ച് സ്വയമേവ തന്നെ കേസെടുക്കാന്‍ അധികാരമുള്ള നീതിന്യായ സ്ഥാപനങ്ങള്‍ അതിന് തയ്യാറാകണമെന്നും വി എസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: