കാക്കയങ്ങാട്: കാക്കയങ്ങാട് മേഖലയില്‍ സിപിഎം അക്രമികള്‍ അഴിഞ്ഞാടുന്നു. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഈ മേഖലയില്‍ സിപിഎം അക്രമത്തില്‍ നിരവധി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. പാലപ്പുഴ, കടുക്കാപ്പാലം, വെള്ളംപാറ, കാക്കയങ്ങാട് തുടങ്ങിയ മേഖലകളിലാണ് സിപിഎം സംഘം അഴിഞ്ഞാടുന്നത്.
ഏറ്റവും ഒടുവിലായി കവിഞ്ഞദിവസം ആര്‍എസ്എസ് മുഴക്കുന്ന് മണ്ഡലം ശാരീരിക് ശിക്ഷണ്‍ പ്രമുഖ് നിജേഷ്, കാക്കയങ്ങാട് ശാഖാ മുഖ്യശിക്ഷക് സുമേഷ് എന്നിവരെ ബോംബെറിഞ്ഞ് പരിക്കേല്‍പ്പിക്കുകയുണ്ടായി. എന്നാല്‍ അക്രമികള്‍ക്കെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കാത്തത് വ്യാപക പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളായി മുഴക്കുന്ന് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറു കണക്കിന് യുവാക്കള്‍ അടങ്ങുന്ന സംഘമാണ് അടുത്ത കാലത്തായി സംഘപരിവാര്‍ സംഘടനകളില്‍ ചേര്‍ന്ന് പ്രവര്‍ത്തനമാരംഭിച്ചത്. തങ്ങളുടെ ശക്തികേന്ദ്രങ്ങളില്‍ ഇത് വിള്ളലുണ്ടാക്കുന്നുവെന്ന തിരിച്ചറിവാണ് അക്രമങ്ങള്‍ക്ക് കാരണം.
ആര്‍എസ്എസ് മുഴക്കുന്ന് മണ്ഡലം ശാരീരിക് പ്രമുഖ് നിജേഷ്, ശാഖാ മുഖ്യശിക്ഷക് സുമേഷ് എന്നിവരെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ആര്‍എസ്എസ് പേരാവൂര്‍ താലൂക്ക് കാര്യകാരി പ്രതിഷേധിച്ചു. കടുക്കാപ്പാലത്തെ ദിനേശന് എന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വാര്‍പ്പ് പലകകള്‍ കത്തിക്കുകയും വെള്ളംപാറയിലെ ഗിരീഷിന്റെ വീടിന് നേരെ ബോംബെറിയുകയും ചെയ്ത സംഭവങ്ങള്‍ അടക്കം നിരവധി അക്രമ സംഭവങ്ങളാണ് കാക്കയങ്ങാട് മേഖലയില്‍ സിപിഎം തുടര്‍ച്ചയായി നടത്തുന്നത്. എന്നാല്‍ ഈ സംഭവങ്ങളിലൊന്നും തന്നെ ഒരു പ്രതിയെപ്പോലും അറസ്റ്റ് ചെയ്യാന്‍ പോലീസ് നടപടി സ്വീകരിച്ചിട്ടില്ല. ഇത് അക്രമികള്‍ക്ക് ഒത്താശ ചെയ്യുന്ന നടപടിയാണ്. പ്രദേശത്തെ സമാധാനം തകര്‍ക്കുന്ന രീതിയിലുള്ള സിപിഎമ്മിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ മനസ്സിലാക്കി സംഭവത്തെ ശക്തമായി അപലപിക്കണമെന്നും മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും കാര്യകാരി ആവശ്യപ്പെട്ടു. താലൂക്ക് സംഘചാലക് കെ.പി.ഗോപി അധ്യക്ഷത വഹിച്ചു. താലൂക്ക് കാര്യവാഹ് പി.കെ.ശ്രീജിത്ത് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: