പത്തനാപുരം: ചരിത്രപ്രസിദ്ധമായ തലവൂര്‍ തൃക്കൊന്നമര്‍ക്കോട് ദേവീക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ഇന്ന് നടക്കും. രാവിലെ ഏഴിന് എന്‍എസ്എസ് പത്തനാപുരം താലൂക്ക് യൂണിയന് പ്രസിഡന്റ് ആര്. ബാലകൃഷ്ണപിള്ള പൊങ്കാല അടുപ്പിലേക്ക് അഗ്നി പകരുന്നതോടെ ചടങ്ങിന് തുടക്കമാകും. ക്ഷേത്രം തന്ത്രി കോക്കുളത്ത് മഠത്തില്‍ മാധവര് ശംഭുപോറ്റി അനുഗ്രഹപ്രഭാഷണം നടത്തും.
പൊങ്കാലയര്പ്പിക്കാനെത്തുന്നവര്ക്കായി വിപുലമായ സജ്ജീകരണങ്ങളാണ് ദേവസ്വം ഭരണസമിതി ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൊട്ടാരക്കര, പത്തനാപുരം, പുനലൂര്‍ തുടങ്ങിയ കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ നിന്നും ക്ഷേത്രത്തിലേക്ക് ബസ് സര്‍വീസും ഭക്തരുടെ സുരക്ഷക്കായി പത്തനാപുരം സിഐ ആര്. ബൈജുകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ആരോഗ്യവകുപ്പ് തലവൂര്‍ ദേവീവിലാസം സ്കൂളിലെ എന്‍എസ്എസ് വാളണ്ടിയര്‍മാര്‍, എന്‍സിസി കേഡറ്റുകള്‍ എന്നിവരുടെ സേവനവും ഒരുക്കിയിട്ടുണ്ട്.
പൊങ്കാല കൂപ്പണുകള്‍ രാവിലെ ഏഴുവരെ ദേവസ്വം ഓഫീസില്‍ നിന്നും ലഭിക്കും. ഇതുവരെ ആറായിരത്തോളം പൊങ്കാല രജിസ്ട്രേഷനുകളാണ് നടന്നിട്ടുള്ളത്. ക്ഷേത്രുമുറ്റം, സ്കൂള്‍ പരിസരം, ഗ്രൗണ്ട്, കുന്നിക്കോട്, പട്ടാഴി റോഡുവശങ്ങള്‍ എന്നിവിടങ്ങളിലായാണ് അടുപ്പുകള്‍ ക്രമീകരിച്ചിരിക്കുന്നത്. പൊങ്കാലക്കാവശ്യമായ വെള്ളം ടാങ്കുകളിലാക്കി ഗ്രൗണ്ടിന്റെ വിവിധ ഭാഗങ്ങളിലായി ക്രമീകരിച്ചിട്ടുണ്ട്.
ഭക്തജനങ്ങള്‍ക്ക് ചുക്കുകാപ്പി, കുടിവെള്ളം തുടങ്ങിയ സഹായമൊരുക്കി ആര്‍എസ്എസ് പ്രവര്‍ത്തകരുടെ സേവനവുമുണ്ടാകും. മാര്‍ച്ച് അഞ്ചിനാണ് പ്രസിദ്ധമായ തലവൂര്‍ പൂരം. കുരാ 481 നമ്പര്‍ ശ്രീനാരായണവിലാസം എന്‍എസ്എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിലാണ് ഈ വര്‍ഷത്തെ ഘോഷയാത്ര നടത്തുന്നത്.
കുരാ വായനശാല ജംഗ്ഷനില്‍ നിന്നാരംഭിക്കുന്ന പ്രൗഢഗംഭീരമായ ഘോഷയാത്ര കുരാ ഓവര്‍ബ്രിഡ്ജ് രണ്ടാലുംമൂട് ജംഗ്ഷന് വഴി തലവൂര്‍ ദേവിക്ഷേത്രസന്നിധിയില്‍ എത്തിച്ചേരും. 55ഓളം വരുന്ന നവീനരീതിയിലുള്ള ഉത്സവഫ്ളോട്ടുകള്, ഗജവീരന്മാര്, നാടന്‍ കലാരൂപങ്ങള്‍, മേളങ്ങള്‍ എന്നിവ ഘോഷയാത്രയെ ഗംഭീരമാക്കി മാറ്റും. കൂടാതെ ശ്രീനാരായണവിലാസം കരയോഗത്തിന്റെ നേതൃത്വത്തില്‍ ചികിത്സാ ധനസഹായവിതരണവും ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: