ആലപ്പുഴ: കൃഷ്ണപിള്ള സ്മാരകം തീവച്ച കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ സിപിഎം-പോലീസ് ആക്രമണ ഭീഷണിയില്‍. പ്രതികളെ സംരക്ഷിക്കുന്നവരുടെയും പോലീസിലെ പ്രബല വിഭാഗത്തിന്റെ ഭീഷണി മൂലം തുടരന്വേഷണം പോലും വഴിമുട്ടിയ അവസ്ഥയിലാണ്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സംരക്ഷണം നല്കാന് ആഭ്യന്തര വകുപ്പ് തയാറാകാത്തതിലും ദുരൂഹതയുണ്ട്. കസ്റ്റഡിയില്‍ പോലും പ്രതികള്‍ അന്വേഷണ ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയാണ്. പുറത്തിറങ്ങിയ ശേഷം കാണിച്ചുതരാമെന്നാണ് ഒരു പ്രതി അന്വേഷണ സംഘാംഗത്തെ ഭീഷണിപ്പെടുത്തിയത്. കൂടാതെ ഒരുവിഭാഗം സിപിഎമ്മുകാരും ഭീഷണിയും സമ്മര്‍ദ്ദങ്ങളുമായി രംഗത്തുണ്ട്.
സഹപ്രവര്‍ത്തകരെ പോലും വിശ്വസിക്കാനാകാത്ത ഗതികേടിലാണ് അന്വേഷണ സംഘം. ഏതു നിമിഷവും അക്രമണമുണ്ടാകുമെന്ന ആശങ്കയിലാണ് ഇവര്‍. ഉത്തരവാദിത്വപ്പെട്ട ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പോലും അക്രമം ഉണ്ടാകട്ടെ, അതിനു ശേഷം ആലോചിക്കാം തുടര്‍ നടപടിയെന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഈ സാഹചര്യത്തില്‍ മുഹമ്മ കണ്ണര്‍കാട്ടും പരിസര പ്രദേശങ്ങളിലും പോയി തെളിവെടുപ്പ് നടത്തുന്നതിനോ മറ്റു വിവരങ്ങള്‍ നേടുന്നതിനോ മൊഴിയെടുക്കുന്നതിനോ അന്വേഷണ സംഘത്തിന് കഴിയുന്നില്ല.
വ്യാഴാഴ്ച പ്രതികളുമായി കൃഷ്ണപിള്ള സ്മാരകത്തില്‍ തെളിവെടുപ്പിന് എത്തിയപ്പോള്‍ ഭീഷണിപ്പെടുത്തിയവരുടെ പേരുവിവരങ്ങള്‍ സഹിതം അന്വേഷണസംഘം മാരാരിക്കുളം പോലീസിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ പോലീസ് എഫ്ഐആര്‍ കോടതിയില്‍ സമര്‍പ്പിച്ചപ്പോള്‍ ഈ പേരുകള്‍ ഒഴിവാക്കി. കണ്ണര്‍കാടും പരിസര പ്രദേശങ്ങളിലും തെളിവെടുപ്പിന് എത്തിയാല്‍ തങ്ങള്‍ സംരക്ഷണം നല്‍കില്ലെന്ന് ഇതിലൂടെ മാരാരിക്കുളം പോലീസ് വ്യക്തമാക്കിയിരിക്കുകയാണ്.
ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഭീഷണി, ഒറ്റപ്പെടുത്തല്‍, മാനസികപീഡനം തുടങ്ങി മുഴുവന്‍ തന്ത്രങ്ങളും ഉപയോഗിച്ച് അന്വേഷണ ഉദ്യോഗസ്ഥരെ നിര്‍വീര്യരാക്കി അന്വേഷണം ഗൂഢാലോചന നടത്തിയവരിലേക്ക് നീങ്ങാതിരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. അതിനിടെ കസ്റ്റഡി കാലാവധി അവസാനിച്ചതിനാല്‍ പ്രതികളായ പി. സാബു, ദീപു, രാജേഷ് രാജന്, പ്രമോദ് എന്നിവരെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കി. ഇവരുടെ ജാമ്യാപേക്ഷയില്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി ജനുവരി 17ന് വിധി പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: