ചേര്‍ത്തല: ഗതാഗതക്കുരുക്കില്‍പ്പെട്ട് ചേര്‍ത്തല നഗരം ശ്വാസം മുട്ടുന്നു. കോടികളുടെ വികസന പദ്ധതികള്‍ അധികൃതരുടെ അനാസ്ഥ മൂലം മുടങ്ങിക്കിടക്കുന്നു. പ്രഖ്യാപിക്കുന്ന പരിഷ്ക്കാരങ്ങളെല്ലാം കടലാസില്‍, നഗരസഭയുടെ മെല്ലെപ്പോക്കു നയം വികസനത്തിലും തുടരുകയാണ്. ഒറ്റപ്പുന്നക്കവല, കോടതിക്കവല, വടക്കേഅങ്ങാടിക്കവല, ദേവീക്ഷേത്രത്തിന് മുന്‍വശം, എന്നിവിടങ്ങളാണ് നഗരത്തില്‍ ഏറ്റവും ഗതാഗത തിരക്കുള്ള സ്ഥലങ്ങള്‍. എന്നാല്‍ ഗതാഗത നിയന്ത്രണത്തിനായി ഇവിടങ്ങളിലൊന്നും ശാസ്ത്രീയമായ സംവിധാനങ്ങള്‍ ഇല്ലാത്തത് യാത്രികരെ ആശയക്കുഴപ്പത്തിലാക്കുന്നു. ദേശീയപാതയില്‍ നിന്ന് നഗരത്തിലേക്ക് തിരിയുന്ന ഒറ്റപ്പുന്ന കവലയില്‍ ഗതാഗതക്രമീകരണത്തിനായി സംവിധാനങ്ങള്‍ വേണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
നാലുവരിപ്പാത രണ്ടുവരിയായി മാറുന്നതും ഈ കവലയിലാണ്. ഇവിടെ വാഹനങ്ങളുടെ തിരക്കുമൂലം അപകടങ്ങള്‍ പതിവാണ്. കവലയില്‍ നിന്ന് അധികം ദൂരെയല്ലാതെ റെയില്‍വേ ട്രാക്കുമുണ്ട്. ദേശീയപാതാ അതോറിറ്റിയുടെ സുരക്ഷാപാതയുടെ തുടക്കവും ഒറ്റപ്പുന്നയില്‍ നിന്നാണ്. അപകടങ്ങള്‍ പതിവായെങ്കിലും പരിഹരിക്കേണ്ടവര്‍ ഇപ്പോഴും ഉറക്കത്തില്‍ തന്നെ.
നഗരത്തില്‍ ഏറ്റവും കൂടുതല്‍ കുരുക്ക് അനുഭവപ്പെടുന്നത് വടക്കേ അങ്ങാടിക്കവലയിലാണ്. കവലയുടെ വികസനത്തിനായി സര്‍ക്കാര്‍ അനുവദിച്ച 3.35 കോടി രൂപയുടെ പദ്ധതി പുനരധിവാസ പാക്കേജിന്റെ പേരില്‍ നഷ്ടപ്പെടുന്ന സ്ഥിതിയായിരുന്നു. നഗരത്തിലെ അഞ്ച് റോഡുകള്‍ ചേരുന്നതാണ് ഈ കവല. ഇവിടെ റോഡിന് നിലവില്‍ എട്ടു മീറ്റര്‍ വീതിയാണുള്ളത്. പദ്ധതി നടപ്പായാല്‍ ഇവിടെ 20 മീറ്റര്‍ വിസ്തൃതിയുണ്ടാകും. ഒരു വിഭാഗം വ്യാപാരികളുടെ എതിര്‍പ്പിനെ അവഗണിച്ച് വികസന പദ്ധതി നടപ്പാക്കുന്നതിനായി ഏറ്റെടുക്കേണ്ട സ്ഥലം പൊതുമരാമത്ത്, റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അളന്നു തിരിച്ചു. പദ്ധതി നടപ്പിലാകുകയാണെങ്കില്‍ നഗരത്തിന്റെ മുഖച്ഛായ തന്നെ മാറും. എ.കെ. ആന്റണി മന്ത്രിയായിരുന്ന കാലത്ത് കവലകളുടെ വികസനത്തിന് ഒരുകോടി അനുവദിച്ചെങ്കിലും, സ്ഥലമേറ്റെടുക്കാന്‍ കഴിയാതെ ഫണ്ട് നഷ്ടപ്പെട്ടിരുന്നു. 2015 മാര്‍ച്ചിനകം പദ്ധതി പൂര്‍ത്തീകരിച്ചില്ലെങ്കില്‍ ഇതേ അവസ്ഥ തന്നെയാണ് വടക്കേ അങ്ങാടി കവലയുടെ കാര്യത്തിലും സംഭവിക്കുവാന്‍ പോകുന്നത്.
ദേവീക്ഷേത്രത്തിന് മുന്‍വശം നഗരസഭ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിനെ ചുറ്റിയാണ് വാഹനങ്ങള്‍ വഴിതിരിച്ചു വിടുന്നത്. ഇവിടെയുണ്ടായിരുന്ന ട്രാഫിക് ബോര്‍ഡ് ബസ് ഇടിച്ചു തകര്‍ന്നിട്ട് വര്‍ഷം ഒന്നാകുന്നു. പള്ളിപ്പുറം, തൈക്കാട്ടുശേരി ഭാഗത്തേക്ക് പോകുവാന്‍ തിരിയുന്ന കോടതിക്കവലയുടെ സ്ഥിതിയും മറ്റൊന്നല്ല. ഗതാഗത കുരുക്കില്‍ പെട്ട് ഒരു നഗരം വട്ടം തിരിയുംപോളും നഗരസഭ തുടരുന്ന അനാസ്ഥയ്ക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: