പുനലൂര്‍: കിഴക്കന്‍ മേഖലയില്‍ ചൂടിന്റെ കാഠിന്യമേറിയതോടെ ശീതളപാനീയങ്ങളുടെ വിറ്റുവരവേറി. മുന്‍വര്‍ഷങ്ങളില്‍ ജ്യൂസ് കടകളില്‍ തണ്ണിമത്തനായിരുന്നു പ്രധാന ഇനമെങ്കില്‍ ഇക്കുറി തമിഴ്നാട്ടില്‍ നിന്നും വന്ന മധുരം കിനിയുന്ന നീലക്കരിമ്പുകളുമെത്തിക്കഴിഞ്ഞു. തമിഴ്നാട്ടില്‍ പൊങ്കലായിക്കഴിഞ്ഞാല് എല്ലാ കടകളിലും കരിമ്പ് സുലഭമായി ലഭിക്കും.
കേരള-തമിഴ്നാട് അതിര്‍ത്തി ഗ്രാമങ്ങളായ ചെങ്കോട്ട, തെങ്കാശി, കുറ്റാലം, ആര്യങ്കാവ് പ്രദേശങ്ങള്‍ക്ക് പുറമെ പുനലൂര്‍ നഗരത്തിലും കരിമ്പ് എത്തിക്കഴിഞ്ഞു.
ഇത് കരിമ്പിന്റെ വിളവെടുപ്പ് കാലമാണ്. കരിമ്പിന്റെ പ്രധാന പാടങ്ങളായ മധുര, രാജുപാളയം ഭാഗങ്ങളില്‍ നിന്ന് നഗരത്തില്‍ കരിമ്പ് ലോറിയില്‍ എത്തിതുടങ്ങി. പതിനഞ്ചെണ്ണമടങ്ങുന്ന കെട്ടുകള്‍ക്കാണ് കടകളില്‍ മുമ്പ് ഓര്‍ഡര്‍ നല്കിയതെങ്കില് ഇക്കുറികൊടുക്കുന്നത് മധുരമേറെയുള്ള നീലക്കരിമ്പാണ്.
ഒന്നിന് 50 രൂപയാണ് വില. എന്നാല്‍ കരിമ്പ് ജ്യൂസ് ഇവിടെ നിന്നും കിട്ടില്ല. മുമ്പ് ഡീസല്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മോട്ടോര്‍ ഉപയോഗിച്ച് ഇഞ്ചി, നാരങ്ങ എന്നിവ ചേര്‍ത്ത കരിമ്പിന് ജ്യൂസ് ലഭിക്കുമായിരുന്നു. എന്നാല്‍ ഇക്കുറി കരിമ്പിന് ജ്യൂസ് വേണമെങ്കില്‍ പുനലൂരില്‍ നിന്നും ആര്യങ്കാവിലേക്ക് യാത്രചെയ്യണം. ഇവിടേക്കുള്ള യാത്രാവഴികളില്‍ നിരവധി ജ്യൂസ് സ്റ്റാളുകള്‍ താല്‍ക്കാലികമായി ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ നഗരത്തില്‍ കരിമ്പ് ജ്യൂസ് ലഭിക്കില്ല.
റബറിന്റെ വിലയിടിവില്‍ വ്യാപാരസ്ഥാപനങ്ങളെല്ലാം മന്ദഗതിയിലാണ്. ജ്യൂസ് സ്റ്റാളുകളിലെ തിരക്കുതന്നെ അന്യസംസ്ഥാന അയ്യപ്പഭക്തരെ ആശ്രയിച്ചാണ്. ഇനി മെഷിന് വച്ച് ജ്യൂസ് അടിച്ച് നല്കിയാല് മുതല്‍മുടക്ക് തിരിച്ചുപിടിക്കാന്‍ കഴിയില്ലെന്നും മാര്‍ക്കറ്റിലെ ജ്യൂസ് കടയുടമ ഷെരീഫ് ജന്മഭൂമിയോട് പറഞ്ഞു. തീര്‍ത്ഥാടനകാലം കഴിയുന്നതോടെ കച്ചവടവും മന്ദീഭവിക്കും. കരിമ്പിനൊപ്പം 5, 10 രൂപ നിരക്കില്‍ ചോളം, തണ്ണിമത്തന്, കിരണ്‍ മത്തന്‍, മാതളം, ഓറഞ്ച്, മുന്തിരി, മുസമ്പി എന്നിവയുടെ ജ്യൂസുകളും കിട്ടും.
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ജ്യൂസ് ഇനങ്ങളുടെ വിലക്കുറവും ഒരു പ്രധാന ഘടകമായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഓറഞ്ച് ജ്യൂസ് ഒന്നിന് 60 രൂപ വരെ എത്തിയിരുന്നു. എന്നാല്‍ ഇക്കുറി ഓറഞ്ച് ജ്യൂസിന് 30 രൂപ മാത്രമാണ് ഈടാക്കുന്നത്. ശബരിമല സീസണ് അവസാനിക്കുന്നതോടെ കച്ചവടകേന്ദ്രങ്ങള്‍ അടച്ചിടേണ്ടിവരുമെന്നും നഗരത്തിലെ വ്യാപാരിയായ മുരുകന് പറയുന്നു. റബറിന്റെ വിലയേറിയില്ലായെങ്കില് വ്യാപാകേന്ദ്രങ്ങളില് ആളില്ലാത്ത അവസ്ഥയുണ്ടാകുമെന്നും നഗരത്തിലെ വ്യാപാരികള്‍ ഒന്നടങ്കം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: