ഗാന്ധിനഗര്‍: ഭാരതത്തിന്റെ സാമ്പത്തിക പുനരുജ്ജീവനം ഉറപ്പാക്കാന്‍ നയവും നടപടിയും പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗോള നിക്ഷേപക സമൂഹത്തിനും ഭാരത ജനതയ്ക്കും ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചു. വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയുടെ ഉദ്ഘാടന വേളയില്‍ സുസ്ഥിരവും വിശ്വസനീയവുമായ നികുതിഘടനയും സുതാര്യവും സഹായകവുമായ നയനടപടികളുംവഴി ഭാരതത്തിന്റെ സമ്പദ് രംഗത്തെ വന്‍ കുതിപ്പിലേക്കു നയിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.
നിര്‍മ്മാണ-ഉല്‍പ്പാദന മേഖലയ്ക്ക് മുന്‍ഗണന നല്കി വളര്‍ച്ചാ നിരക്ക് വര്‍ദ്ധിപ്പിക്കാനും തൊഴിലവസരം കൂട്ടാനും ലക്ഷ്യമിട്ട്, രാജ്യത്തിനത്തും പുറത്തുംനിന്നുമുള്ള നിക്ഷേപങ്ങള്‍ക്കായി കേന്ദ്ര-സംസ്ഥാന പദ്ധതികള്‍ക്കും സംരംഭങ്ങള്‍ക്കും ഏകജാലക സംവിധാനം ഏര്‍പ്പെടുത്തുമെന്ന് മോദി പ്രസ്താവിച്ചു.
യുഎസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി, യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കീ മൂണ്‍, ലോകബാങ്ക് തലവന്‍ ജിം യോങ് കിം തുടങ്ങിയ പ്രമുഖര്‍ ഉള്‍പ്പെടെ നൂറിലേറെ വിദേശ രാജ്യങ്ങളിലും ഭാരതത്തില്‍നിന്നുമുള്ള നേതാക്കളുടെയും വ്യവസായികളുടെയും വമ്പിച്ച സദസ്സിനെ സാക്ഷിനിര്‍ത്തിയാണ് മോദി ഇക്കാര്യം പ്രഖ്യാപിച്ചത്.
ദാരിദ്ര്യമോ പരിസ്ഥിതിയോ സാമ്പത്തിക മാന്ദ്യമോ ഏതു വിഷയമായാലും ആഗോള നേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ഭാരതം ഒരുക്കമാണെന്ന് വാഗ്ദാനം നല്‍കുന്നതായി ഈ ആഗോള വേദിയില്‍ പ്രഖ്യാപിക്കുന്നുവെന്ന മോദിയുടെ വാക്കുള്‍ കരഘോഷത്തോടെ സദസ്സ് സ്വീകരിച്ചു.
ഭൂമിയില്‍ ഇതുപോലൊരു ഒത്തുചേരല്‍ സംഭവിച്ചിട്ടില്ലെന്ന് മോദി പറഞ്ഞു. ലോകരാജ്യ തലവന്മാര്, നൂറിലേറെ വിദേശ രാജ്യപ്രതിനിധികള്‍, അമ്പതിലേറെ വമ്പന്‍ സ്ഥാപനങ്ങളുടെ മേധാവികള്‍, അവര്‍ക്കൊപ്പം സാധാരണക്കാരായ കര്‍ഷകരും സംരംഭകരും. ഇത് കൈകള്‍ കോര്‍ക്കാനുള്ള വേദി മാത്രമല്ല, മനസ്സുകളാണ് ഇവിടെ ഒന്നിക്കുന്നത്.
ആശയങ്ങള്‍ മാത്രമല്ല ഇവിടെ ചര്‍ച്ചചെയ്യുന്നത്, ആഗ്രഹങ്ങളും പ്രതീക്ഷകളുംകൂടിയാണ്. ഇതൊരു കുടുംബ സംഗമം കൂടിയാണ്. ഇങ്ങനെയാണ് ലോകം ഒരു കുടുംബമാകുന്നത്. സര്‍വരുടേയും സുഖവും ക്ഷേമം ചര്‍ച്ചചെയ്യുന്നത്, മോദി പറഞ്ഞു.
നിരാശയുടെയും അനിശ്ചിതത്വത്തിന്റെയും കാലം മാറി. പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയിട്ട് ഏഴുമാസമായി. ആദ്യ ദിവസം മുതല്‍ സാമ്പത്തിക പുനരുജ്ജീവനത്തിന് സര്‍ക്കാര്‍ സക്രിയമാണ്. വിശ്വസനീയവും സുതാര്യവും അനുകൂലവുമായ സാഹചര്യങ്ങള്‍ ഉണ്ടാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്, മോദി പറഞ്ഞു.
അടിസ്ഥാന സൗകര്യ വകിസനത്തിലാണ് മുഖ്യലക്ഷ്യം, അതിനായി അതിവേഗ പിപിപി (സ്വകാര്യ-പെതുമേഖലാ പങ്കാളിത്ത) സംവിധാനം നടപ്പാക്കിയിട്ടുണ്ട്. റോഡു നിര്‍മ്മാണം, ഗ്യാസ് ഗ്രിഡ്, വൈദ്യുതി, ജലവിതരണം, ജലസേചനം, നദീശുചീകരണം തുടങ്ങിയവയാണ് മുഖ്യ പദ്ധതികള്‍.
തുറമുഖങ്ങളെ ബന്ധിപ്പിക്കുന്നതും നിലവാരമുയര്ത്തുന്നതുമായ സാഗരമാല പദ്ധതിയും ഡിജിറ്റല്‍ ഹൈവേകളും ഐ വേകളും ഹൈവേകളും ഇതില്‍പ്പെടുന്നു. അടിസ്ഥാന സൗകര്യവികസനം ലക്ഷ്യമിട്ട് ലോകനിലവാരമുള്ള നിക്ഷേപ മേഖലയും വ്യവസായ മേഖലയും രൂപപ്പെടുത്തും. അവിടത്തെ ആവശ്യങ്ങള്‍ക്കു മാത്രമായി വിമാന ഇടനാഴിയും വ്യാവസായിക ഇടനാഴിയും ഒരുക്കും, പ്രധാനമന്ത്രി പറഞ്ഞു.
ഉച്ചകോടിയുടെ പങ്കാളികളായ ജപ്പാന്, കാനഡ, യുഎസ്എ, യുകെ, നെതര്‍ലന്റ്, ആസ്ട്രേലിയ, സിങ്കപ്പൂര്‍, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ക്ക് മോദി നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: