ന്യൂദല്‍ഹി: രാജ്യതലസ്ഥാനത്തിനാവശ്യം വികസനമാണെന്നും അരാജകവാദികളെയല്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ആംആദ്മി പാര്‍ട്ടി നേതാവ് അരാജകത്വമാണ് ആഗ്രഹിക്കുന്നതെങ്കില്‍ അദ്ദേഹം വനത്തില്‍ പോയി മാവോയിസ്റ്റുകള്‍ക്കൊപ്പം ചേരണമെന്നും അരാജകവാദികളെന്ന് സ്വയംവിശേഷിപ്പിക്കുന്നവര്‍ക്ക് ദല്‍ഹിയില്‍ സ്ഥാനമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിജെപിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് രാംലീല മൈതാനിയില്‍ പ്രസംഗിക്കുകയായിരുന്നു നരേന്ദ്ര മോദി.
കള്ളപ്രചാരണങ്ങളുടെ രാജാക്കന്മാരെ പരാജയപ്പെടുത്താന്‍ ജനങ്ങള്‍ക്ക് മാത്രമേ സാധിക്കൂ. ഭരണം വലിച്ചെറിഞ്ഞതുവഴി ദല്‍ഹി ജനതയുടെ ഒരു വര്‍ഷമാണ് അരവിന്ദ് കെജ്രിവാള് നഷ്ടപ്പെടുത്തിയത്. ഏതെങ്കിലും ഒരു നേതാവ് സ്വയം അരാജകവാദിയാണെന്ന് പറയുന്നത് ഇതിനു മുന്‍പ് നാം കേട്ടിട്ടുണ്ടോ. തെരുവുകളില്‍ സമരവും ധര്‍ണ്ണയും നടത്തേണ്ടവര്‍ക്ക് അതു തുടരാം. പക്ഷേ, ജനക്ഷേമ സര്‍ക്കാരിനെ നയിക്കുകയെന്നതാണ് ഞങ്ങള്‍ക്ക് പ്രധാനം, ആംആദ്മി പാര്‍ട്ടിയെ വിമര്‍ശിച്ചുകൊണ്ട് മോദി പറഞ്ഞു.
കള്ളങ്ങള്‍ പ്രചരിപ്പിക്കുന്ന എഎപി ശൈലിയെ കുറ്റപ്പെടുത്തിയ പ്രധാനമന്ത്രി വിരമിക്കല്‍ പ്രായം 58 ആക്കുമെന്ന വാര്‍ത്ത തെറ്റാണെന്ന് വ്യക്തമാക്കി. 2022 ആകുമ്പോഴേക്കും എല്ലാവര്ക്കും വീടെന്ന ലക്ഷ്യവുമായാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യദിനമാകുമ്പോള്‍ കൈവരിക്കേണ്ട ലക്ഷ്യമത്. രാജ്യതലസ്ഥാനത്ത് 24 മണിക്കൂറും വൈദ്യുതിയെന്നതും ബിജെപി അധികാരത്തിലെത്തിയാല്‍ സാധ്യമാക്കും. അഴിമതി അവസാനിപ്പിക്കാനുള്ള ദൗത്യത്തിന് സര്‍ക്കാരിന്റെ ഉന്നത തലത്തില്‍ നിന്നും തുടക്കമിട്ടെന്നും അഴിമതിക്കാരെ തുടച്ചുനീക്കുമെന്നും മോദി പ്രഖ്യാപിച്ചു.
ബാങ്കുകള്‍ ദേശസാത്കരിച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അവയുടെ വാതിലുകള്‍ സാധാരണക്കാര്‍ക്കു മുന്നില്‍ തുറന്നിരുന്നില്ല. എന്നാല്‍ ‘ജന്‍ധന്‍ യോജന’ ആരംഭിച്ചശേഷം 11 കോടി പുതിയ ബാങ്ക് അക്കൗണ്ടുകള്‍ രാജ്യത്താരംഭിച്ചതും 8500 കോടി രൂപയുടെ നിക്ഷേപം പാവപ്പെട്ടവര്‍ നടത്തിയതും അഭിമാനകരമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
2014 ബിജെപിയുടെ വിജയ വര്ഷമായിരുന്നെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്ന പാര്‍ട്ടിയാണ് ബിജെപി. വിലക്കയറ്റം പിടിച്ചുനിര്‍ത്തുമെന്ന് പാഴ്വാഗ്ദാനങ്ങള്‍ മാത്രം കോണ്‍ഗ്രസ് നല്കി. ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തി ഏഴ് മാസങ്ങള്‍കൊണ്ട് വിലക്കയറ്റത്തിന് വലിയ അറുതിവരുത്താനായെന്നും ഷാ ചൂണ്ടിക്കാട്ടി.
കേന്ദ്രമന്ത്രിമാര്‍, ഹരിയാന, ഝാര്‍ഖണ്ഡ്, മഹാരാഷ്ട്ര മുഖ്യമന്ത്രിമാര്‍ തുടങ്ങിയവരും പ്രസംഗിച്ചു. രാജ്യതലസ്ഥാനം ഇതുവരെ സാക്ഷിയാകാത്തത്ര ജനസാഗരമാണ് ബിജെപി റാലിക്കായി രാംലീല മൈതാനത്ത് തടിച്ചുകൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: