കൊല്ലം: കേന്ദ്രം നല്കിയ മണ്ണെണ്ണ സംസ്ഥാന സര്‍ക്കാര്‍ മത്സ്യബന്ധന ബോട്ടുകള്‍ക്ക് മറിച്ചുവില്‍ക്കുന്നതാണ് മണ്ണെണ്ണ വിഹിതം വെട്ടിക്കുറക്കാനുള്ള കാരണമെന്ന് റേഷന്‍ ഡീലേഴ്സ് അസോസിയേഷന് ദേശീയസെക്രട്ടറി ബേബിച്ചന് മുക്കാടന്‍. മത്സ്യബന്ധന ബോട്ടുകള്‍ക്ക് മണ്ണെണ്ണ വേണമെങ്കില്‍ അപേക്ഷ നല്‍കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം സംസ്ഥാനം പലതവണ അവഗണിച്ചതായും അദ്ദേഹം പറഞ്ഞു. വ്യാവസായിക ആവശ്യങ്ങള്‍ക്ക് വാങ്ങുന്ന മണ്ണെണ്ണയ്ക്ക് നികുതി നല്‍കണമെന്ന വ്യവസ്ഥ ലംഘിക്കാനുള്ള അടവാണ് സംസ്ഥാന സര്‍ക്കാരിന്റേതെന്നും സംസ്ഥാനം ഇതുവഴി നികുതിവെട്ടിപ്പ് നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.
യുപിഎ സര്‍ക്കാരിന്റെ കാലം മുതല്‍ സംസ്ഥാനസര്‍ക്കാര്‍ ഈ വെട്ടിപ്പ് തുടരുകയാണ്. എന്നാല്‍ ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് ശക്തമാക്കിയതോടെ സംസ്ഥാനം വെട്ടിലായിരിക്കുകയാണ്. കഴിഞ്ഞ ഡിസംബര്‍ വരെ മൂന്നുമാസത്തെ ആവശ്യത്തിന് 30048 കിലോലിറ്റര്‍ മണ്ണെണ്ണയാണ് സംസ്ഥാനത്തില്‍ ലഭിച്ചിരിക്കുന്നത്. എന്നാല്‍ 2015 ജനുവരി, ഫെബ്രുവരി, മാര്‍ച്ച് എന്നീ മൂന്നുമാസത്തേക്ക് 22464 കിലോലിറ്റര്‍ മണ്ണെണ്ണ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. 7584 കിലോലിറ്റര്‍ മണ്ണെണ്ണയാണ് (7584000 ലിറ്റര്‍) ജനുവരി ഒന്നു മുതല്‍ വെട്ടിക്കുറച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പൊതുവിതരണ ശ്യംഖലയിലൂടെ, വിളക്കു തെളിയിക്കുന്നതിനും പാചക ആവശ്യത്തിനും മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ മണ്ണെണ്ണ സബ്സിഡി നിരക്കില്‍ നല്‍കുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ 2012-13 വര്‍ഷത്തില്‍ 30300 കിലോലിറ്റര്‍ മണ്ണെണ്ണ മത്സ്യബന്ധന ബോട്ടുകള്‍ക്കും കാര്‍ഷിക ആവശ്യത്തിനും വകമാറ്റി വില്പന നടത്തുകയായിരുന്നു. വകമാറ്റി ചെലവഴിച്ച 30300 കിലോലിറ്റര്‍ മണ്ണെണ്ണയുടെ 25 ശതമാനമായ 7584 കിലോലിറ്റര്‍ മണ്ണെണ്ണയാണ് ഇപ്പോള്‍ വെട്ടിക്കുറച്ചിട്ടുള്ളത്.
സംസ്ഥാനത്തിന് അനുവദിക്കുന്ന അടുത്ത വിഹിതത്തില്‍ നിന്നും ബാക്കി 75 ശതമാനം കൂടി വെട്ടിക്കുറക്കും. ഇതോടെ കേരളത്തിനുള്ള മണ്ണെണ്ണ വിഹിതം പൂര്‍ണമായും ഇല്ലാതാകും. കാര്‍ഡുടമകള്‍ക്ക് മണ്ണെണ്ണ ലഭിക്കാതെയുമാകുമെന്നും ബേബിച്ചന് പറഞ്ഞു.
മാനദണ്ഡം ലംഘിച്ച് പൊതുവിതരണ ആവശ്യത്തിന് കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്ന മണ്ണെണ്ണ വകമാറ്റി വില്പന നടത്തുന്നതിനെതിരെ പല തവണ കേന്ദ്രസര്‍ക്കാര്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടും മറുപടി നല്‍കാന്‍പോലും സംസ്ഥാനസര്‍ക്കാര്‍ തയ്യാറായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: